Connect with us

Articles

മാതൃഭൂമി മാറേണ്ട, ഞങ്ങള്‍ മാറിക്കോളാം

Published

|

Last Updated

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രമാണ് മാതൃഭൂമി. ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയായ, സ്വാതന്ത്ര്യത്തിന്റെ നോവും വേവുമറിഞ്ഞ, ഒരുപാട് മഹാന്മാരുടെ പാദസ്പര്‍ശമേറ്റ വലിയ പാരമ്പര്യമുള്ള പത്രം. മാതൃഭൂമി ഇപ്പോള്‍ ഒരു പത്രമല്ല; ഒരു പ്രസ്ഥാനമാണ്. ആഢ്യന്‍ ചിഹ്നങ്ങള്‍ പേറുന്ന ഉപരിവര്‍ഗമാണ് മാതൃഭൂമിയെ നയിക്കുന്നത്. ഇങ്ങനെ കുലമഹിമയും ആഭിജാത്യവും കൊണ്ട് മാനം മുട്ടിനില്‍ക്കുന്ന ഒരു ദേശീയപത്രം ആരുടെ മുമ്പിലും ചെറുതാകാന്‍ പാടില്ല. നൂറ്റിയിരുപത് കോടി മുസ്‌ലിംകള്‍ മാത്രമല്ല; മാനവികതയെ അംഗീകരിക്കുന്നവരൊക്കെയും ആദരിക്കുന്ന മുഹമ്മദ് നബി(സ)യെ പച്ചക്ക് പുലഭ്യം പറഞ്ഞതിന് മാതൃഭൂമി മുസ്‌ലിം സമുദായത്തിന് മുമ്പില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. മാപ്പപേക്ഷയോ ക്ഷമായാചനയോ ഒന്നുമല്ല; മുസ്‌ലിം മതവിശ്വാസികള്‍ക്കുണ്ടായിട്ടുള്ള മനോവിഷമത്തിലാണ് മാതൃഭൂമിക്ക് ഖേദം. നബിയെ ആദരിക്കുന്ന ജനകോടികള്‍ ഈ സമുദായത്തിന് പുറത്തുണ്ട്. അവര്‍ക്ക് വിഷമം തോന്നുന്നുവെങ്കില്‍, അതില്‍ ഖേദമില്ല. മഹാനായ പുണ്യപുരുഷനെ സഭ്യേതരമായി ചിത്രീകരിക്കാനിടയായതില്‍ പത്രത്തിന് സ്വന്തം നിലക്കും ഖേദമില്ല. അതായത് ഖേദിക്കുമ്പോഴും മേലെ കിടക്കുന്നത് ഏമാന്‍ തന്നെയായിരിക്കുമെന്നര്‍ഥം.

മാതൃഭൂമി ഈ ഖേദപ്രകടനം ഒഴിവാക്കേണ്ടതായിരുന്നു. ഒരു നിമിഷ നേരത്തേക്കാണെങ്കിലും കീഴാളര്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു പോയ മേലാളര്‍ എന്ന് ചരിത്രം മാതൃഭൂമിയെ പഴിപറയാനിടയാകും. തന്നെയുമല്ല, ഇങ്ങനെ തുടങ്ങിയാല്‍ ഈയൊരപരാധത്തിനു മാത്രം മതിയാകില്ലല്ലോ ഖേദപ്രകടനം, കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായില്ലേ മാതൃഭൂമി ഈ സമുദായത്തിന്റെ നെഞ്ചത്ത് താണ്ഡവനൃത്തം ചവിട്ടാന്‍ തുടങ്ങിയിട്ട്? ഏതിനൊക്കെയാണ് നിങ്ങള്‍ ഖേദിക്കുക? മാതൃഭൂമിയുടെ മുസ്‌ലിം വിരോധത്തിന് അതിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അപ്പോള്‍, കുടിശ്ശിക തീര്‍ത്ത് ഒരു ഖേദപ്രകടനത്തിന് ഒരുമ്പെട്ടാല്‍ നിലവിലെ പത്തിരുപത് പേജ് പത്രം അതിന് തികയാതെ വരും. അതുകൊണ്ട് മാതൃഭൂമി ഖേദിച്ചു വലയേണ്ട, ഇപ്പോള്‍ വിഴുങ്ങിയത് ഇരുമ്പുലക്കയാണ്. അത് ദഹിച്ചുകിട്ടാന്‍ ഖേദത്തിന്റെ നാല് വരി ചുക്കുവെള്ളം ഒട്ടും പര്യാപ്തമേ അല്ല, ക്ഷമിക്കണം എന്നു പറഞ്ഞിരുന്നെങ്കില്‍ ക്ഷമിച്ചുവെന്ന് പറയാമായിരുന്നു, മാപ്പാക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ മാപ്പാക്കി എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ ഖേദിക്കുന്നു എന്ന് പറഞ്ഞാല്‍, മറുത്തൊന്നും പറയാനില്ല!

മാതൃഭൂമി ഇന്നോളം എങ്ങനെയായിരുന്നോ ഇനിയും അങ്ങനെ തന്നെ ആകണം, ഒരിക്കലും താഴോട്ടിറങ്ങരുത്. മുസ്‌ലിം പ്രശ്‌നം ഏതു വന്നാലും പ്രതിപക്ഷത്തായിരുന്നല്ലോ മാതൃഭൂമിയുടെ ഇരിപ്പ്. ഈ മുത്തശ്ശിപ്രായത്തില്‍ ഇരിപ്പിടം മാറ്റേണ്ട, ബ്യൂട്ടി പാര്‍ലറില്‍ കയറി ഇനിയൊരു മുഖം മിനുക്കലും വേണ്ട. അതിര്‍ത്തിയില്‍ വെടിപൊട്ടി നാലെണ്ണം തീര്‍ന്നാല്‍ അതില്‍ മൂന്നെണ്ണവും മലപ്പുറത്തുകാരാണെന്ന് മാതൃഭൂമി ഇനിയും കണ്ടെത്തണം, ആയുധങ്ങളുമായി പാക്കിസ്ഥാനില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടാല്‍ അത് പരപ്പനങ്ങാടി കടപ്പുറത്ത് തന്നെ കൃത്യമായി നങ്കൂരമിടണം, രാജ്യത്തെവിടെ സ്‌ഫോടനമുണ്ടായാലും അതിന് പിന്നില്‍ മുസ്‌ലിം പേരുകാരായിരിക്കണം. പ്രജ്ഞാ സിംഗ് തൂക്കൂറോ പുരോഹിതോ ആണെന്ന് പിന്നീട് അന്വേഷിച്ചു കണ്ടെത്തട്ടെ, മലേഗാവും മക്കാ മസ്ജിദും സംഝോത അട്ടിമറിയും കഥ മാറട്ടെ. എങ്ങനെ വന്നാലും മാതൃഭൂമിയുടെ ആദ്യവെടി ഈ സമുദായത്തിന്റെ നെഞ്ചത്തേക്ക് തന്നെയാകണം.

കര്‍ണാടകക്കാട്ടിലെ ദര്‍ഗക്ക് മുകളില്‍ കണ്ട നേര്‍ച്ചക്കൊടി പാക്കിസ്ഥാന്‍ പതാകയാണെന്നും അവിടെ സിയാറത്തിന് വരുന്നവര്‍ ഭീകരപരിശീലനത്തിന് വരുന്നവരാണെന്നും മാതൃഭൂമി ഇനിയും എഴുതണം. പര്‍ദ, മുസ്‌ലിം സ്ത്രീ എന്നൊക്കെ കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍. ലൗ ജിഹാദ് എന്ന കടലാസു പുലിയെ ഇറക്കിയതിന് മാതൃഭൂമിക്ക് ഖേദിക്കേണ്ടേ? ഉത്തരേന്ത്യന്‍ തെരുവുകളില്‍ കന്നുകാലി ജീവിതം നയിക്കുന്ന ഒരു വിഭാഗത്തെ വിളിച്ചുകൊണ്ടുവന്നു അന്നവും അറിവും നല്‍കി നല്ല പൗരന്മാരാക്കി മാറ്റുന്ന സ്ഥാപനങ്ങളെ തുരങ്കം വെച്ചതിനും ഖേദം വേണ്ടേ? ഒരു നിസ്സാര പ്രശ്‌നം കുത്തിപ്പൊക്കി ഫാറൂഖ് കോളജ് പോലെ ഒരു വിദ്യാലയത്തെ കുളംതോണ്ടാന്‍ ശ്രമിച്ചില്ലേ? കുമളിയില്‍ ഷാള്‍ വിറ്റുനടന്ന പാവം കാശ്മീരി പയ്യനെ ഭീകരനാക്കി അകത്താക്കി നാലാണ്ടു കഴിഞ്ഞപ്പോള്‍ നിരപരാധിയുമാക്കി. ഇങ്ങനെ ഖേദിക്കാന്‍ തുടങ്ങിയാല്‍ പൊന്നേമാനു കോണമുടുക്കാന്‍ നേരം കാണുകയില്ല. അതുകൊണ്ട് ഖേദം എന്ന നമ്പര്‍ ഇറക്കേണ്ട, അത് പോക്കറ്റില്‍ വെച്ചിരുന്നാല്‍ മതി.

മുസ്‌ലിം സമുദായത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരവസവരും മാതൃഭൂമി പാഴാക്കാറില്ല. എപ്പോഴെങ്കിലും ഈ ആഢ്യന്‍ പത്രം സമുദായത്തിനെതിരെ തിരിയുന്നില്ലെങ്കില്‍ അതിനര്‍ഥം പാകമായ ആയുധം ലഭിക്കുന്നില്ല എന്നു മാത്രമാണ്. സമുദായത്തിനകത്തെ ഭിന്നിപ്പുകളും കക്ഷിവഴക്കുകളും അപാരമായ മെയ്‌വഴക്കത്തോടെയാണ് ഇവര്‍ മുതലെടുക്കുന്നത്. പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗവും ഒരുക്കിക്കൊടുക്കുന്ന കാന്തപുരം സ്ത്രീവിരുദ്ധനും പെരുന്നാള്‍ നിസ്‌കാരത്തിന്റെ പേരില്‍ വെളിമ്പറമ്പുകളില്‍ പെണ്‍പരേഡുകള്‍ നടത്തുന്ന സലഫി, ജമാഅത്ത് സംഘടനകള്‍ പുരോഗമനവാദികളുമാകുന്നതിന്റെ രസതന്ത്രം വളരെ വ്യക്തമാണ്. മഹാഭൂരിപക്ഷം വരുന്ന മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെ വാര്‍ത്തകള്‍ തമസ്‌കരിക്കും, തല തിരിച്ചുപിടിക്കും, വളച്ചൊടിക്കും. രാജ്യവ്യാപകമായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുന്നി പ്രസ്ഥാനത്തിന്റെ വാര്‍ത്ത ഒരു തരി പോലും കാണാനില്ലാത്തപ്പോഴും ഐ എസ് എം, എം എസ് എം വാര്‍ത്തകള്‍ കോളങ്ങള്‍ നിറഞ്ഞുനില്‍ക്കും.

സമുദായത്തിനകത്തുണ്ടാകുന്ന ഒരു മുറിവും കരിഞ്ഞുണങ്ങിപ്പോകാതിരിക്കാനുള്ള നിതാന്ത ജാഗ്രത! ഖാദിയാനികളുടെ “ഔദ്യോഗിക പത്രം” മാതൃഭൂമിയാണല്ലോ. പഞ്ചാബില്‍ നടക്കുന്നതെങ്കിലും അവരുടെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് ഡേറ്റ്‌ലൈനിലാണല്ലോ വരാറുള്ളത്. മാതൃഭൂമിക്ക് ഒന്നും തിരുത്താനാകില്ല.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു മാതൃഭൂമി എന്നല്ലേ തോന്നുക. എന്നാല്‍, ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളുടെയെല്ലാം ആശയസ്രോതസ്സും ബുദ്ധികേന്ദ്രവും പഴയ റാഡിക്കല്‍ സലഫിസമാണ്. താലിബാനിസവും അല്‍ ഖാഇദയും ബോക്കോ ഹറാമും പുതിയ ഐ എസും മുന്നോട്ട് വെക്കുന്ന ആശയതലവും സലഫിസമാണ്. അവസരങ്ങള്‍ ഒത്തുവരാത്തതു കൊണ്ട് ചാരം മൂടിക്കിടക്കുന്ന കനലുകളാണ് കേരളത്തില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന സലഫി കൂട്ടായ്മകള്‍. ഭീകരതയുടെ പേരില്‍ മുസ്‌ലിം ലോകത്ത് നിന്ന് പടിയിറങ്ങിത്തുടങ്ങിയ സലഫിസത്തെ പുരോഗമനത്തിന്റെ പേരില്‍ മാതൃഭൂമി താലോലിക്കുമ്പോള്‍ ലക്ഷ്യം വ്യക്തമാണ്. ഈ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സമുദായത്തിലുണ്ടാക്കിയ മുറിവുകള്‍ എപ്പോഴും പച്ചയായി തന്നെ നില്‍ക്കണം. ഭാവിയില്‍ ഇവിടെ ലശ്കറും ഐ എസും ഉണ്ടാകുമെങ്കില്‍ ശത്രുവിനെ അതിര്‍ത്തിക്കപ്പുറത്തുപോയി തിരയേണ്ടതില്ലല്ലോ. മാര്‍ച്ച് ഒമ്പതിലെ വൃത്തികെട്ട കുറിപ്പ് പോലെ ഈ നിലപാടുകളും യാദൃച്ഛികമോ കൈയബദ്ധമോ ഒന്നുമല്ല; എല്ലാം ആസൂത്രിതമാണ്.

ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉത്ഭവിച്ചാല്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ മാതൃഭൂമി നിരത്തുന്ന ഇസ്‌ലാമിന്റെ പ്രതിനിധികള്‍ ആരൊക്കെയാണ്? എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, പിന്നെ ഖദീജാ മുംതാസ്, ബി പി സുഹറ; തീര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതിനിധികളായി മാതൃഭൂമി അവതരിപ്പിക്കുന്ന ഈ നാല്‍വര്‍ സംഘം ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്? മതത്തിന്റെ ഏത് പ്രമാണങ്ങളാണ് ഇവര്‍ അംഗീകരിക്കുന്നത്? ഒരു മത സംഘടനയെയും ഇവര്‍ അംഗീകരിക്കില്ല. ഖുര്‍ആന്‍ ഉള്‍പ്പെടെ ഒരു പ്രമാണവും ഇവര്‍ക്ക് സ്വീകാര്യവുമല്ല. മതത്തിന്റെ പക്ഷത്ത് സ്വന്തം കുടുംബത്തെ പോലും ഇവര്‍ പ്രതിനിധീകരിക്കുന്നില്ല. ഇനിയും പേര് മാറിയിട്ടില്ല എന്നതാണ് ഇവരില്‍ ചിലര്‍ക്കെങ്കിലും ഇസ്‌ലാമുമായി അവശേഷിക്കുന്ന ബന്ധം. ഇവര്‍ കാരണം ഇസ്‌ലാമിന്റെ ശരിയായ നിലപാട് ഒരിക്കലും മാതൃഭൂമി വായനക്കാര്‍ അറിയാറില്ല. പത്രത്തിന് ഇതൊന്നും അറിയായ്കയല്ല. ഈ സമുദായത്തെ വേദനിപ്പിച്ച് രസിക്കാന്‍ ഈ പേരുകളെക്കാള്‍ മികച്ച ഒരായുധം വേറെയില്ല, അതാണ് കാര്യം. എന്തിനാണ് മുസ്‌ലിം നേതാക്കളെ തിരഞ്ഞ് ഇപ്പോള്‍ സന്ദേശങ്ങള്‍ വരുന്നത്? കാരശ്ശേരി മാഷേയും ഹമീദ് ചേന്ദമംഗല്ലൂരിനെയും വെച്ച് നിലവിലെ പ്രതിസന്ധി മാതൃഭൂമി പരിഹരിക്കട്ടെ. നിങ്ങള്‍ കണ്ടെത്തിയ ഇസ്‌ലാമിന്റെ പ്രതിനിധികള്‍ സമുദായത്തോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കട്ടെ.
ഒന്നാം പേജില്‍ പാണക്കാട് തങ്ങളുടെ ഒരു പടം, മറ്റൊരിക്കല്‍ കാന്തപുരത്തിന്റെ ഒരു പ്രസ്താവന, ഏതോ മുസ്‌ലിം സമ്മേളനത്തിന്റെ ചക്രവാളം മുട്ടിനില്‍ക്കുന്ന ഒരു ആകാശച്ചിത്രം… തീര്‍ന്നു ഈ സമുദായത്തിന്റെ പരാതി. നൂറ്റൊന്നാവര്‍ത്തിച്ച റമസാന്‍ പതിപ്പും കോട്ടിട്ട ഖാസിയെ മുന്നില്‍ നിര്‍ത്തി ഒരു ഇഫ്താര്‍ സംഗമവും കൂടിയായാല്‍ ബോണസ്സായി. പിന്നെ എന്തുമാകാം, എത്രയുമാകാം. തികഞ്ഞ മതേതരവാദിയായ, സോഷ്യലിസ്റ്റായ മുസ്‌ലിം വേദികളിലെ സ്ഥിരസാന്നിധ്യമായ എം പി വീരേന്ദ്ര കുമാറാണല്ലോ എം ഡി എന്നു പറഞ്ഞാല്‍, അത് ഹുസൈന്‍ ബരാക് ഒബാമയാണല്ലോ അമേരിക്കയുടെ പ്രസിഡന്റായിവരുന്നത് എന്ന് പറഞ്ഞ് ആശ്വസിച്ചതുപോലെയാണ്. ജൂതായിസമാണ് അമേരിക്കയുടെ നയങ്ങള്‍ നിര്‍ണയിക്കുന്നത്. സഊദി രാജാവ് അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ചെന്നിരുന്നാലും ആ നയങ്ങളേ പിന്തുടരാനാകൂ. വീരനോ ശൂരനോ ആകട്ടെ, മാതൃഭൂമിക്ക് ഒരു പാരമ്പര്യമുണ്ട്. കസേര വേറെ, നിലപാട് വേറെ. ഇടിച്ചു പഞ്ചറാക്കി ഉള്ളുകലക്കിയിട്ട് പുറമേക്ക് തൈലം ലേപനം ചെയ്യുന്ന ഏര്‍പ്പാട് ഇനി വേണ്ട. മാതൃഭൂമി ഈ പാവം സമുദായത്തെ വെറുതെ വിട്ടേക്കുക, മാതൃഭൂമിയുടെ താങ്ങില്ലാതെ ഈ സമുദായം പിടിച്ചുനില്‍ക്കുമോ എന്നും അറിയണമല്ലോ.
സംഭവിച്ചത് ഒരബദ്ധമാണെന്നോ നോട്ടപ്പിഴ ആണെന്നോ വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. നഗരം പതിപ്പുകള്‍ നേരത്തെ തയ്യാറാക്കി വെക്കുന്നതാണ്. ചുരുങ്ങിയത് മൂന്നോ നാലോ കൈകളിലൂടെ അത് കടന്നു പോകും. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു കുറിപ്പ് വെറുതെ ചാടിക്കയറി പേജില്‍ ഇരിപ്പുറപ്പിക്കുകയില്ല. വര്‍ണപശ്ചാത്തലം കൊടുത്ത് മനോഹരമാക്കിയാണ് കുറിപ്പ് കൊടുത്തത്. ഇനിയൊരു നിയമപ്രശ്‌നം വന്നാല്‍ പിടികൂടാതിരിക്കാന്‍ വ്യക്തിയുടേയോ മതത്തിന്റെയോ സംഘടനയുടെയോ പേര് വരാതിരിക്കാന്‍ കുറിപ്പുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നായിരുന്നെങ്കില്‍ അത് വ്യാപകമായി സര്‍ക്കുലേറ്റ് ചെയ്യപ്പെടുമായിരുന്നു. ഇങ്ങനെയൊരു കുറിപ്പ് മറ്റാരും ഡൗണ്‍ലോഡ് ചെയ്തതായി കേള്‍ക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാതൃഭൂമിക്ക് മാത്രമായി ഈ കുറിപ്പ് എങ്ങനെ കിട്ടി? തൃശൂരില്‍ കുറിപ്പ് വന്നത് എട്ടാം തീയതി, ഒരു ദിവസം കഴിഞ്ഞിട്ടും കാണാതെ പോയത് കൈയബദ്ധമല്ല; മനസ്സബദ്ധമാണ്. മാനേജ്‌മെന്റ് ഇതൊക്കെയൊന്ന് വിശദീകരിക്കേണ്ടതായിവരും. മാതൃഭൂമിയുടെ നബിനിന്ദക്കെതിരെ മൂന്ന് ദിവസത്തിനകം എട്ട് ലക്ഷത്തോളം കുറിപ്പുകളാണത്രേ സോഷ്യല്‍ മീഡിയയില്‍ വന്ന് കുമിഞ്ഞത്, ഇത് കേരളമായത് നന്നായി.

മുഹമ്മദ് നബി(സ)യും ആഇശാ ബീവിയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത് ബീവിയുടെ ആറാം വയസ്സില്‍, കുടുംബ ജീവിതം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലും. കാതിബ് അല്‍ ബഗ്ദാദിയുടെ “അക്മല്‍ ഫീ അസ്മാഇ രിജാല്‍”, ഇമാം ത്വബ്‌രിയുടെ താരീഖ്, ബുഖാരിയുടെ തന്നെ ചില ഹദീസുകള്‍ ഇവ വെച്ചു വിലയിരുത്തുമ്പോള്‍ ഈ വിവാഹം ബീവിയുടെ പതിനേഴാം വയസിലാണ്‌. പല തെളിവുകളും ഈ അഭിപ്രായത്തെ സാധൂകരിക്കുകയും ചെയ്യുന്നു. നബിയുടെ വിവാഹം നടക്കുന്നത് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ കരംചന്ദ് മോഹന്‍ദാസ് ഗാന്ധിയും കസ്തൂര്‍ബയും തമ്മിലുള്ള വിവാഹം നിശ്ചയം നടക്കുമ്പോള്‍ വധുവിന് വയസ്സ് ഏഴ്. 1869ല്‍ ജനിച്ചു, 1877ല്‍ വിവാഹ നിശ്ചയം. 1882ല്‍ വിവാഹം. അതിശയം തന്നെ. മാതൃഭൂമിയുടെ ആദര്‍ശപുരുഷന്റെ ശൈശവ വിവാഹം മഹത്തരം, നബിയുടെതാകുമ്പോള്‍ പരിഹാസ്യം! ഈ കുറിപ്പ് തയ്യാറാക്കിയ സബ് എഡിറ്ററെയും അത് പരിശോധിച്ച ഡസ്‌ക് ചീഫിനെയും തലച്ചോറ് പരിശോധനക്ക് വിധേയമാക്കണം. ഇത് പഴയ ചാലപ്പുറം പ്രേതബാധയാണ്.
കേരളവും മലയാളീ സമൂഹവുമാണ് മാതൃഭൂമിയുടെ തട്ടകം. കേരള ജനസംഖ്യയുടെ ഇരുപത്തഞ്ച് ശതമാനത്തോളം വരും മുസ്‌ലിംകള്‍. മാതൃഭൂമിയുടെ ഗുണഭോക്താക്കളില്‍ മോശമല്ലാത്ത ശതമാനം മുസ്‌ലിംകളാണ്. സമത്വത്തെയും മതനിരപേക്ഷതയെും കുറിച്ചു വാതോരാതെ സംസാരിക്കുന്ന മാതൃഭൂമിയിലെ സാമുദായിക പ്രതിനിധ്യം എത്തരത്തിലാണ്? ഡസ്‌കില്‍ എങ്ങനെയാണ്? വന്‍ സന്നാഹത്തോടെ ഒരു മുസ്‌ലിം വിഭാഗം പത്രം ആരംഭിച്ചപ്പോള്‍ തലപ്പത്ത് പ്രതിഷ്ഠിച്ചത് പി കെ ബാലകൃഷ്ണനെ. മറ്റൊരു വിഭാഗം കുടിയിരുത്തിയത് സുകുമാര്‍ അഴീക്കോടിനെ. എന്‍ പി ചെക്കുട്ടിയാണ് ഒരു മുസ്‌ലിം പത്രത്തിന്റെ കീ പോയിന്റില്‍. അമുസ്‌ലിം പത്രാധിപന്മാരെ ഇരുത്തി തന്റെ പത്രത്തിന്റെ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കാന്തപുരത്തിന് യാതൊരു പ്രയാസവുമില്ല.
പണ്ടൊരു മുസ്‌ലിം നേതാവ് മരിച്ചപ്പോള്‍ മയ്യിത്ത് നിസ്‌കരിക്കുന്നവര്‍ സുജൂദ് ചെയ്യുന്ന പടം അച്ചടിച്ചു വന്നപ്പോഴാണ് മാതൃഭൂമി ആദ്യമായി ഒരു മുസ്‌ലിം പേരിന്റെ കാര്യം ആലോചിച്ചത് എന്നു കേട്ടിട്ടുണ്ട്. ജാതിയും മാതൃഭൂമിക്കു വിഷയമാണ്. ഗാന്ധിജിയും അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും മാതൃഭൂമിയുടെ മാതൃകാ പുരുഷന്‍മാരും അയിത്തോച്ചാടനം മഹത്തായ ആശയവുമാണ്. പക്ഷേ, അതൊക്കെ മാതൃഭൂമിയുടെ പടിക്കു പുറത്താണെന്നു മാത്രം. എന്നിട്ടാണോ ന്യൂനപക്ഷ പ്രാതിനിധ്യം? നിയമസഭാ തിരഞ്ഞെടുപ്പു കാലം തുടങ്ങിയപ്പോഴേ മാതൃഭൂമിയില്‍ “നാണിക്കേണ്ടേ നാം” എന്നൊരു സ്ഥിരം കോളം വന്നുതുടങ്ങി. നിയമസഭയില്‍ 33-50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ പോയതിനെതിരായ രൂക്ഷ വിമര്‍ശമാണ് ഈ കോളം. അഫ്ഗാന്‍ പാര്‍ലമെന്റില്‍ 28 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉള്ളപ്പോള്‍ കേരള നിയമസഭയില്‍ അഞ്ച് ശതമാനം മാത്രം. ഇങ്ങനെ ആത്മരോഷം കൊള്ളുന്ന മാതൃഭൂമിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വെറുതെ ഒന്നു തപ്പിനോക്കി, ഞെട്ടിപ്പോയി. ജംബോ ബോര്‍ഡില്‍ ഒരേയൊരു വനിത!. അതിനു താഴെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്ര വനിതകളുണ്ടെന്ന് ഒന്നന്വേഷിച്ചു നോക്കുക, മാതൃഭൂമിയുടെ സ്ത്രീ ശാക്തീകരണ വ്യഗ്രതയുടെ ചെമ്പ് പുറത്താകും. മാതൃഭൂമി ആദ്യം ഈ കാപട്യങ്ങള്‍ ഒന്നവസാനിപ്പിക്കണം.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്‌നപരിഹാരത്തിനു പല മാര്‍ഗങ്ങളുണ്ട്. തര്‍ക്കത്തിലിരിക്കുന്ന ഒരു വിഭാഗം ഒഴിഞ്ഞു കൊടുക്കുന്നതാണ് മികച്ച പരിഹാര മാര്‍ഗം. മാതൃഭൂമി ഒട്ടും മാറേണ്ട. അതിന്റെ നയങ്ങള്‍ തിരുത്തുകയും വേണ്ട. ഖേദിക്കുകയോ മാപ്പു പറയുകയോ ചെയ്യേണ്ട. നബി (സ)യെ അപമാനിച്ചതിന്റെ പേരില്‍ ജീവനക്കാരില്‍ ആരെയും ക്രൂശിക്കേണ്ട, പ്രശ്‌നപരിഹാരം എന്ന നിലക്ക് മാതൃഭൂമിയുടെ വഴിയില്‍ നിന്ന് ഈ സമുദായം മാറിത്തരാം. പ്രഭാതങ്ങളില്‍ ഇനി മാതൃഭൂമി ഞങ്ങളുടെ പടി കടന്നു വരേണ്ട, സമുദായത്തിലെ പ്രബല ഗ്രൂപ്പുകള്‍ക്കെല്ലാം സ്വന്തം പത്രങ്ങളുണ്ട്. നേരത്തെ ശരാശരിക്കു മുകളിലുള്ള വായനക്കാര്‍ക്കേ മറ്റൊരു പത്രത്തിന്റെ ആവശ്യമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ശരാശരിക്കാര്‍ക്കും താഴെയുള്ളവര്‍ക്കും മറ്റൊരു പത്രം കൂടി വേണം. അതു മാതൃഭൂമി തന്നെ ആകണം എന്നൊരു വാശിയുമില്ല. കഴിഞ്ഞ ഇരുപത്തത്തഞ്ച് വര്‍ഷമായി വെളുപ്പാന്‍ കാലത്ത് എന്റെ വീട്ടിനകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്ന ഒരേ ഒരന്യന്‍ മാതൃഭൂമിയായായിരുന്നു. മാതൃഭൂമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് രണ്ട് തവണ പടിയിറക്കി വിട്ടതാണ്, പിന്നെയും തിരിച്ചു വിളിച്ചു. കുടുംബത്തിലെ ഒരംഗം പടിയിറങ്ങിപ്പോയതിന്റെ ഫീലിംഗുണ്ട് ഇപ്പോള്‍ എന്റെ കുടുംബത്തില്‍. പക്ഷേ, ഞങ്ങള്‍ക്കു വലുത് ഞങ്ങളുടെ നബിയാണ്, ആത്മാഭിമാനമാണ്.
റമസാനും റബീൗഉല്‍ അവ്വലുമാണ് ഉംറയുടെ തിരക്കുകാലം. ഇത് ഹറമില്‍ താരതമ്യേന തിരക്കൊഴിഞ്ഞ സമയാണ്. വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാലും തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ ഹറമിന്റെ വലിയ വര്‍ണചിത്രം കൊടുത്താല്‍ മുസ്‌ലിം മനസ്സ് ഇളകിപോകുമെന്നുള്ള വിചാരമുണ്ടല്ലോ; കഷ്ടം. ഈ സമുദായത്തെക്കുറിച്ച് ഇവരെന്താണ് ധരിച്ചിരിക്കുന്നത്.
(ഒ എം തരുവണ- 9400501168)

Latest