Connect with us

Editorial

ആധാര്‍ നിര്‍ബന്ധമോ?

Published

|

Last Updated

സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാനും ഇതു സംബന്ധിച്ച് പരമോന്നത കോടതിയില്‍ നിലനില്‍ക്കുന്ന നിരവധി ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ക്കൈ ലഭിക്കുന്നതിനുമായി കൊണ്ടുവന്ന ആധാര്‍ ബില്‍ ലോക്‌സഭ പാസ്സാക്കിയിരിക്കുന്നു. ആധാര്‍ -സബ്‌സിഡികളുടെയും ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്തിയുള്ള വിതരണം- ബില്‍ എന്നാണ് ബില്ലിന്റെ പൂര്‍ണനാമം. ഈ പേര് തന്നെ ബില്ലിന്റെ ലക്ഷ്യം വെളിവാക്കുന്നുണ്ട്. മണി ബില്ലായാണ് കൊണ്ടുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ബില്‍ രാജ്യസഭയില്‍ പോകുകയെന്നത് സാങ്കേതികമായ പ്രക്രിയ മാത്രമാണ്. അവിടെ വോട്ടിനിടുകയോ അവിടെ കൊണ്ടു വരുന്ന ഭേദഗതി പ്രാബല്യത്തിലാകുകയോ ചെയ്യില്ല. രാജ്യസഭയില്‍ അവതരിപ്പിച്ചാലും ഇല്ലെങ്കിലും ബില്‍ രണ്ടാഴ്ചക്കകം നിയമമാകും. പ്രായപൂര്‍ത്തിയായവരില്‍ 97 ശതമാനത്തിനും ആധാര്‍ കാര്‍ഡ് ലഭിച്ചു കഴിഞ്ഞുവെന്നും കാര്‍ഡിനായി സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ എ ഐ)ശേഖരിച്ച വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈയില്‍ എത്തുന്നത് തടയുന്നതിനും പാഴ്‌ചെലവുകളും ഇരട്ടഗണനകളും പൂര്‍ണമായി ഇല്ലാതാക്കി കുറ്റമറ്റ രീതിയില്‍ സബ്‌സിഡികളടക്കം വിതരണം ചെയ്യുന്നതിനും ആധാറിന് ലഭിക്കുന്ന നിയമപരിരക്ഷ ഉപയുക്തമാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. യു പി എ സര്‍ക്കാറിന്റെ കാലത്ത് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി രൂപവത്കരിച്ച് ആധാര്‍ കാര്‍ഡ് വിതരണത്തിന് മുന്‍കൈയെടുത്തപ്പോള്‍ രൂക്ഷമായ വിമര്‍ശമുന്നയിച്ചവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. മാത്രമല്ല, സ്വകാര്യത സംരക്ഷിക്കപ്പെടുകയെന്നത് മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പരിശോധിച്ച് വരികയാണ്. ഈ സംവിധാനത്തെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവരില്‍ സാധാരണജനങ്ങളും നിയമവിദഗ്ധരും രാഷ്ട്രീയപ്രമുഖരും ശാസ്ത്രജ്ഞരുമെല്ലാമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കാന്‍ മണി ബില്ലെന്ന കുറുക്കുവഴി സ്വീകരിച്ച്, ചര്‍ച്ചകളെ മുഴുവന്‍ നിശ്ശബ്ദമാക്കി, തിടുക്കപ്പെട്ട് ബില്‍ കൊണ്ടു വരുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ചോദ്യങ്ങളുയരുക സ്വാഭാവികമാണ്.
ധനവിനിയോഗത്തിന്റെ പരിധിയില്‍ നിന്ന് വിട്ട് ഏറെ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും തലങ്ങളുള്ളതുമായ ഒരു നിയമനിര്‍മാണത്തെ മണി ബില്ലാക്കി ചുരുക്കി എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. മണി ബില്ലുകളെ പൊതുവേ എ, ബി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഒരു ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സഞ്ചിത നിധിയില്‍ നിന്ന് പണം ചെലവാക്കുകയാണെങ്കില്‍ അതിനെ ബി വിഭാഗത്തില്‍ പെടുത്താം. ഈ വ്യവസ്ഥ വെച്ചാണ് ആധാര്‍ ബില്ലിനെ മണി ബില്ലാക്കിയിരിക്കുന്നത്. എന്നാല്‍ ആധാര്‍ ബില്‍ മണി ബില്ലിന്റെ സ്വഭാവമുള്ളതല്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ ആചാരി പറയുന്നു. ഏതെങ്കിലും പിഴ ശിക്ഷ ഈടാക്കാനോ ലൈസന്‍സിനോ ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് വാങ്ങാനോ നിര്‍ദേശിക്കുന്ന ബില്ലുകള്‍ മണിബില്ലായി പരിഗണിക്കില്ല. ഒരു ബില്ല് മണി ബില്ലാക്കണോ വേണ്ടയോ എന്ന് ലോക്‌സഭാ സ്പീക്കര്‍ക്ക് തീരുമാനിക്കാം. പക്ഷേ, അത് വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം. എന്നാല്‍ ആധാര്‍ ബില്ലിന്റെ കാര്യത്തില്‍ ഇത്തരം വ്യവസ്ഥകളല്ല, സര്‍ക്കാറിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് മുന്നിട്ടു നിന്നതെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ പൊതു സേവനങ്ങളില്‍ നിന്ന് അതിവേഗം പിന്‍വാങ്ങുകയും സബ്‌സിഡിയടക്കമുള്ള ആശ്വാസ നടപടികള്‍ ഉപേക്ഷിക്കുകയും ചെയ്യണമെന്ന മുതലാളിത്ത സാമ്പത്തിക ശാഠ്യത്തിന്റെ പൂര്‍ത്തീകരണമാണ് ആധാര്‍ ബില്‍ നിര്‍വഹിക്കുന്നതെന്ന് അതിന്റെ പേര് തന്നെ വ്യക്തമാക്കുന്നുണ്ട്.
പൗരന്‍മാരുടെ വിരലടയാളവും നേത്രപടല വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ യു ഐ എയുടെ കസ്റ്റഡിയിലാണ് ഉണ്ടാകുക. ഇത് കൈമാറാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. പക്ഷേ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തിലും കോടതി വിധിയുടെ അടിസ്ഥാനത്തിലും വിവരങ്ങള്‍ കൈമാറാം. ദേശ സുരക്ഷയെന്നത് അങ്ങേയറ്റം വ്യാഖ്യാന സാധ്യതയുള്ള പ്രയോഗമാണ്. കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഭരണകൂടത്തിന് എപ്പോള്‍ വേണമെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടാലോ ദുരുപയോഗം ചെയ്യപ്പെട്ടാലോ കോടതികള്‍ക്ക് ഇടപെടുന്നതിന് പരധി വെക്കുന്നുണ്ട് ആധാര്‍ ബില്‍. യു ഐ എ പരാതിപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ നീതിന്യായ പരിശോധന നടക്കുകയുള്ളൂ. ആത്യന്തികമായി പൗരന്‍മാര്‍ക്ക്‌മേല്‍ നിയമവിരുദ്ധ നിരീക്ഷണത്തിന്റെ സാധ്യത എമ്പാടും അവശേഷിപ്പിക്കുന്നുണ്ട് ഈ ബില്ല്. ഭരണകൂടം അങ്ങേയറ്റം ഫാസിസ്റ്റ്‌വത്കരിക്കപ്പെടുന്ന ഒരു ഘട്ടത്തില്‍ ശേഖരിക്കപ്പെടുന്ന ബയോമെട്രിക് തെളിവുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഏതെല്ലാം വഴിയിലേക്ക് ഒഴുകുമെന്ന് നിശ്ചയിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് വലിയ ആശങ്കകള്‍ നിലനില്‍ക്കുമെന്നുറപ്പാണ്. ഈ ആശങ്കകള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ പോലും നടക്കാതെ ബില്‍ കൊണ്ടുവന്ന സ്ഥിതിക്ക് ബില്ലില്‍ ഒപ്പുവെക്കേണ്ട രാഷ്ട്രപതിയിലും ജുഡീഷ്യല്‍ പരിശോധനയിലുമാണ് പ്രതീക്ഷ. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനരഹര്‍ക്ക് ലഭിക്കുന്നത് തടയണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ ആധാറിന് നിയമപരിരക്ഷ ലഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ പരിഗണിച്ചേ തീരൂ.