Connect with us

National

യമുനയിലെ പരിസ്ഥിതി മലിനീകരണം: പിഴ ഒടുക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിശ്വ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് യമുന നദിയിലെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗിന് ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ തുക ഒടുക്കില്ലെന്ന് യോഗാചാര്യനും ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍.
എന്നാല്‍, വിശ്വ സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ വിധിച്ചത് പിഴയല്ലെന്നും നഷ്ടപരിഹാരം മാത്രമാണെന്നുമാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ന്യായീകരണം. ഹരിത ട്രൈബ്യൂണല്‍ ചുമത്തിയിരിക്കുന്നത് യമുനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക മാത്രമാണ്. പരിസ്ഥിതിക്ക് ദോഷമായി ആര്‍ട്ട് ഓഫ് ലീവിംഗ് ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഞങ്ങള്‍ പിഴയടക്കില്ല. എന്നാല്‍, യമുനാ നദിയുടെ വികസനത്തിനായുള്ള എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വ സാംസ്‌കാരികോത്സവത്തിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കവെയാണ് രവിശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. വിശ്വ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് യമുന നദിയിലെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപയാണ് ആര്‍ട്ട് ഓഫ് ലിവിംഗിന് പിഴയിട്ടിരുന്നത്. പിഴയടച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഭീഷണിയെ തുടര്‍ന്ന് പിഴ ഒടുക്കാമെന്ന് വിശ്വ സാംസ്‌കാരികോത്സവ സംഘാടകര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇതിനായി നാലാഴ്ചത്തെ സമയവും കോടതി സംഘാടകര്‍ക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂറായി 25 ലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് പരിപാടി നടത്താന്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

Latest