Connect with us

National

ആര്‍എസ്എസ് വേഷംമാറുന്നു; കാക്കി നിക്കറിന് പകരം ബ്രൗണ്‍ പാന്റ്‌സ്

Published

|

Last Updated

നാഗ്പുര്‍: ആര്‍എസ്എസ് കാലത്തിനൊപ്പം കോലം മാറുന്നു. 91 വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മുഖമുദ്രയായിരുന്ന കാക്കി നിക്കര്‍ ഉപേക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പകരം ബ്രൗണ്‍ നിറമുള്ള പാന്റ്‌സിലേക്കാണ് ആര്‍എസ്എസ് ചുവടുമാറ്റുന്നത്. നാഗ്പൂരില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയിലെ തീരുമാനം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണ് പുറത്തുവിട്ടത്.

1925ലാണ് ആര്‍എസ്എസ് കാക്കി നിക്കര്‍ ഉപയോഗിച്ചുതുടങ്ങിയത്. 1940ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വേഷം കാക്കി ഷര്‍ട്ടില്‍നിന്നു വെള്ള ഷര്‍ട്ടിലേക്കു കൂടുമാറിയിരുന്നു. 1973ല്‍ മുമ്പ് ഉപയോഗിച്ചിരുന്ന ബൂട്ടുകളില്‍നിന്ന് റെക്‌സിന്‍ ഷൂസിലേക്കും മാറി. എന്നിരുന്നാലും കാക്കി നിക്കര്‍ വേഷത്തില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍എസ്എസ് സ്വയംസേവകരുടെ വേഷം പരിഷ്‌കരിക്കാന്‍ ആറു വര്‍ഷം മുമ്പ് നരേന്ദ്ര മോദിയാണ് നിര്‍ദേശിച്ചത്. മോഹന്‍ ഭാഗവത് സര്‍സംഘ ചാലകായി ചുമതലയേറ്റ വേളയിലായിരുന്നു മോദി വേഷം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം അറിയിച്ചത്. നിക്കര്‍ വേഷം യുവജനങ്ങളെ ആകര്‍ഷിക്കുന്നതല്ലെന്നും നിക്കറിനു പകരം പാന്റ്‌സ് വേഷമാക്കണമെന്നുമായിരുന്നു മോദിയുടെ ശിപാര്‍ശ. പിന്നീട് ഇതിന്‍മേല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ പുതിയ പരിഷ്‌കരണങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനാണ് നേതൃത്വത്തിന്റെ പദ്ധതി.

ക്ഷേത്രപ്രവേശത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്നും പ്രതിനിധി സഭയില്‍ അവതരിപ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നത് അനീതിയാണ്. പുരുഷനും സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തുല്യനീതി വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തൊട്ടുമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണം. സമരങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് ഇക്കാര്യത്തില്‍ പരിഹാരം കാണേണ്ടത്. മതപരവും ആത്മീയപവുമായ കാര്യത്തില്‍ സ്ത്രീപുരുഷ തുല്യതയുണ്ടാകണം. വിഷയത്തില്‍ ക്ഷേത്രഭാരവാഹികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറ!യുന്നു.

Latest