Connect with us

Gulf

61 കോടി ദിര്‍ഹം ചെലവില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ ഇന്റര്‍ചെയ്ഞ്ച്

Published

|

Last Updated

ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നിര്‍മിക്കുന്ന ഇന്റര്‍ചെയ്ഞ്ചിന്റെ രൂപരേഖ

ദുബൈ:61 കോടി ദിര്‍ഹം ചെലവ് ചെയ്ത് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ശൈഖ് റാശിദ് റോഡ്-ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ ഇന്റര്‍ചെയ്ഞ്ച് നിര്‍മിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. 2017 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആര്‍ ടി എയുടെ ലക്ഷ്യം.

അല്‍ ഷിന്ദഗ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പദ്ധതിയാണ് ശൈഖ് റാശിദ് റോഡ്-ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ് ഇന്റര്‍ചെയ്‌ഞ്ചെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. അല്‍ ഷിന്ദഗ റോഡിന്റെ വടക്കു ഭാഗത്തേയും അല്‍ കുവൈത്ത് റോഡ് ജംഗ്ഷനേയും ബന്ധിപ്പിക്കാനുതകുന്ന രീതിയിലുള്ള ഉപമാര്‍ഗമായിട്ടാണ് ഇതിന്റെ നിര്‍മാണം നടക്കുന്നത്. ദുബൈയെ ഗതാഗത രംഗത്ത് മികച്ചതാക്കാനും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാനുമായി സമര്‍ഥമായ ആസൂത്രണ പദ്ധതികളുടെ ഭാഗമായി ആര്‍ ടി എ റോഡുകളും പാലങ്ങളും തുരങ്കപാതകളും നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ജലഗതാഗത രംഗത്തും എമിറേറ്റിന്റെ സുസ്ഥിരമായ വികസനത്തിന് വഴിവെക്കുന്ന തരത്തിലുള്ള സമഗ്രമായ വികസന പദ്ധതികള്‍ ആര്‍ ടി എ നടപ്പാക്കുന്നുണ്ടെന്ന് അല്‍ തായര്‍ വ്യക്തമാക്കി.

ഇന്റര്‍ചെയ്ഞ്ച് പദ്ധതിയില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിനു ചുറ്റും പാലവും ശൈഖ് റാശിദ് റോഡില്‍ തുരങ്കപാതയും ഉമ്മുഹരീര്‍ റോഡിനോട് ചേര്‍ന്ന് മറ്റൊരുപാലവും നിര്‍മിക്കും. ഇത് ഖലീഫ ബിന്‍ സായിദ് റോഡിലെയും അല്‍ കുവൈത്ത് റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്രക്കും സൗകര്യപ്രദമാകും. അല്‍ മന്‍ഖൂല്‍ റോഡിന്റെ ദിശയിലാണ് ശൈഖ് റാശിദ് റോഡില്‍ തുരങ്കപാത നിര്‍മിക്കുന്നത്. ഓരോ ദിശയിലും നാലുവരിപ്പാതയാണ് നിര്‍മിക്കുക. ഉമ്മു ഹരീര്‍ റോഡ് മുതല്‍ ശൈഖ് റാശിദ് റോഡ് വരെയുള്ള വഴിയിലെ പ്രധാന റോഡുകളില്‍ സുഗമമായ ഗതാഗതത്തിന് ഫ്‌ളൈ ഓവറുകളും നിര്‍മിക്കുന്നുണ്ട്. മഴവെള്ളവും മലിനജലവും ഒഴുക്കിവിടാനുള്ള ഓടകളുടെയും വിളക്കുകാലുകളുടെയും നിര്‍മാണവും നടത്തും. വൈദ്യുതി-ജല വിതരണ സംവിധാനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നിര്‍മാണങ്ങളാണ് നടത്തുക. നിര്‍മാണ പ്രവൃത്തികള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് വേഗം കുറച്ച് പോവാനുള്ള നിര്‍ദേശങ്ങളും നല്‍കും. ജനങ്ങളെയും യാത്രക്കാരേയും ബാധിക്കാതെ സുഗമമായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നും നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കുമെന്നും മതര്‍ അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശൈഖ് റാശിദ് റോഡിനെയും ഊദ് മേത റോഡിനെയും ബന്ധിപ്പിക്കുന്ന വാഫി ഇന്റര്‍ചെയ്ഞ്ച് അടുത്ത ഏപ്രിലോടെ തുറക്കുമെന്ന് അല്‍ തായര്‍ വ്യക്തമാക്കി. ഊദ് മേത റോഡില്‍ നിന്ന് ശൈഖ് റാശിദ് റോഡിലേക്ക് മൂന്ന് വരിപ്പാതയോടുകൂടിയ പാലമാണ് നിര്‍മിക്കുന്നത്. ഈ പാലം ശൈഖ് സായിദ് റോഡ്, അല്‍ സാദ് റോഡ് എന്നിവിടങ്ങളിലേക്ക് നീണ്ടുപോകും. 700 മീറ്ററാണ് പാലത്തിന്റെ നീളം. മണിക്കൂറില്‍ 3,300 വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ കഴിയും. ഇതോടെ അല്‍ ഐന്‍ റോഡ്, ശൈഖ് റാശിദ് റോഡ്, ഊദ് മേത തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകുമെന്ന് മതര്‍ അല്‍ തായര്‍ അറിയിച്ചു.