ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ‘പ്രതീക്ഷയുടെ തുരുത്ത്’

Posted on: March 13, 2016 11:42 am | Last updated: March 13, 2016 at 11:42 am
innocent
മുഖാമുഖം പരിപാടിയില്‍ ഇന്നസെന്റ് കുട്ടികളുമായി സംവദിക്കുന്നു

കൊച്ചി: ഇന്ത്യന്‍ മസ്‌കുലോസ്‌കെലിറ്റല്‍ ഓങ്കോളജി സൊസൈറ്റിയുടെ രണ്ടാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പ്രതീക്ഷയുടെ തുരുത്ത് ‘ മുഖാമുഖം പരിപാടി ക്യാന്‍സര്‍ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ക്കും ചിരിക്കും ചിന്തക്കും തുറന്ന ചര്‍ച്ചകള്‍ക്കും വേദിയായി. മുഖ്യാതിഥിയായി എത്തിയ ഇന്നസെന്റിന്റെ ഓരോ വാക്കും നോട്ടവും രോഗത്തെ തോല്‍പ്പിച്ച കുട്ടികള്‍ക്കും അവര്‍ക്ക് താങ്ങായ രക്ഷിതാക്കള്‍ക്കും കരുത്തുപകര്‍ന്നു.

കുട്ടികളുടെ രക്ഷിതാക്കളും അടുത്ത ബന്ധുക്കളും മനോധൈര്യത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും നിറകുടങ്ങളാകണം. അവര്‍ പകര്‍ന്നുനല്‍കുന്ന ധൈര്യമാണ് കുട്ടികളെ വെല്ലുവിളി അതിജീവിച്ച് വളര്‍ത്തുന്നതും വലുതാക്കുന്നതും ശക്തരാക്കുന്നതും. നിരാശയുണ്ടാക്കുന്ന ചിന്തകളും, നെഗറ്റീവ് പറയുന്നവരെയും പൂര്‍ണമായും മാറ്റിനിര്‍ത്തണം. സഹതാപമല്ല, ശാസ്ത്രത്തിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു.
ക്യാന്‍സറിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൂട്ടായ യത്‌നമാണ് ലോകമൊട്ടുക്കും നടക്കുന്നത്.

പ്രതീക്ഷയുടെ തുരുത്തല്ല വന്‍കരതന്നെയാണ് ഡോക്ടര്‍മാര്‍ സൃഷ്ടിക്കുന്നതെന്നും ലോകം അവരുടെ കൈയില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാകുലപ്പെടുത്തുന്നത് മരുന്നുകളുടെ വിലയാണ്. ഇത് സംബന്ധിച്ച് ലോകസഭയില്‍ സബ്മിഷന്‍ നടത്തിയിരുന്നു. എം പി ഫണ്ടില്‍ നിന്നും വലിയൊരുഭാഗം സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചു. അഞ്ച് മാമോഗ്രാമുകള്‍ വാങ്ങി. രോഗം രോഗിയെയല്ല, പോരാളിയെയാണ് സൃഷ്ടിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന്ദിവസം നീളുന്ന മസ്‌കുലോസ്‌കെലിറ്റല്‍ ക്യാന്‍സര്‍ ദേശീയസമ്മേളനം ഇന്റര്‍നാഷനല്‍ ലിംപ് സാല്‍വേജ് സൊസൈറ്റി പ്രസിഡന്റും അന്താരാഷ്ട്ര ഫാക്കല്‍റ്റിയും പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനുമായ പ്രഫസര്‍ റീന്‍ഹാര്‍ഡ് വിന്‍ഡ്‌ഹേഗര്‍ (വിയന്ന) ഉദ്ഘാടനം ചെയ്തു.