Connect with us

Gulf

ദിവ പ്രതിനിധികള്‍ ഡച്ച് സംഘവുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറിന്റെ നേതൃത്വത്തിലുള്ള സംഘം ആംസ്റ്റര്‍ഡാമില്‍

ദുബൈ: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ദിവ പ്രതിനിധികള്‍ ഡച്ച് സംഘവുമായി കൂടിക്കാഴ്ച നടത്തി. ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ പൊതു-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ആംസ്റ്റര്‍ഡാമിന് പുറമെ റോട്ടര്‍ ഡാം നഗരത്തിലും ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വൈദ്യുത ഉത്പാദന വിതരണ രംഗത്തെ അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്.
സുസ്ഥിര വികസനത്തിനായി വ്യക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്ന നഗരമാണ് ദുബൈ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗമാണ് ദുബൈ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. 2015 നവംബറിലാണ് ശൈഖ് മുഹമ്മദ് ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050 പ്രഖ്യാപിക്കുന്നത്. 2020 ആകുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ ഏഴു ശതമാനം സൗരോര്‍ജം ഉള്‍പെടെയുള്ള പരിസ്ഥിതി സൗഹൃദ സ്രോതസുകളില്‍നിന്ന് ലഭ്യമാക്കാനാണ് ലക്ഷ്യം. 2030 ആകുമ്പോഴേക്കും 20 ശതമാനവും 2050 ആകുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ 75 ശതമാനവും ഈ മേഖലയില്‍ നിന്നാണ് ദുബൈ ലക്ഷ്യമിടുന്നത്. പശ്ചാത്തല വികസനം, നിയമ നിര്‍മാണം, കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയ അഞ്ചു കാര്യങ്ങളില്‍ ഊന്നിയാണ് ദുബൈ സുസ്ഥിര വികസനം ഉറപ്പാക്കുന്നതെന്നും അല്‍ തായര്‍ ഡച്ച് സംഘത്തെ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സൗരോര്‍ജ പദ്ധതിയായ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് ദിവയാണ് നടപ്പാക്കുന്നത്. 2020 ആകുമ്പോഴേക്കും 1,000 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയില്‍നിന്നും ദുബൈ ലക്ഷ്യമിടുന്നത്. 2030ല്‍ 5,000 മെഗാവാട്ടും ലക്ഷ്യമിടുന്ന പദ്ധതിക്കായി 5,000 കോടി ദിര്‍ഹമാണ് ചെലവിടുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടം 2013ല്‍ ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാംഘട്ടം 2017ല്‍ പൂര്‍ത്തീകരിക്കും. 200 മെഗാവാട്ട് വൈദ്യുതിയാവും രണ്ടാം ഘട്ടം 2017 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ലഭിക്കുക. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വര്‍ഷത്തില്‍ 65 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നത് ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അല്‍ തായര്‍ പറഞ്ഞു.

Latest