അടുത്ത സാമ്പത്തിക വര്‍ഷം 250 കോടി ലാഭം പ്രതീക്ഷിക്കുന്നതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

Posted on: March 12, 2016 6:00 am | Last updated: March 12, 2016 at 9:53 am

air india expressനെടുമ്പാശ്ശേരി: 2005ല്‍ എയര്‍ ഇന്ത്യ ആരംഭിച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2015 -2016 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായി കമ്പനി.
2014 -2015 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപ ലാഭം ഉണ്ടായിരുന്ന കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷം 12 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവധ പ്രദേശങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 83 ശതമാനം ലോഡുമായിട്ടാണ് സര്‍വീസുകള്‍ നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 90 ശതമാനം യാത്രക്കാരും കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ്.’ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വീസുകളില്‍ 95 ശതമാനവും കൃത്യത പുലര്‍ത്തുവാന്‍ കഴിഞ്ഞതും യാത്രക്കാരോടുള്ള പെരുമാറ്റത്തിലെ മാന്യതയുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭകരമാകുന്നതിന് കാരണമായത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി ആഴ്ചയില്‍ നടത്തുന്ന 98 സര്‍വീസുകളിലായി 18, 228 സീറ്റുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.
കരിപ്പുരില്‍ നിന്ന് 44, കൊച്ചിയില്‍ നിന്ന് 34, തിരുവനന്തപുരം 20 എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ ഈ മാസം അവസാനം 29ന് ആരംഭിക്കുന്ന വേനല്‍ക്കാല വിമാന സമയക്രമത്തില്‍ കരിപ്പൂരില്‍ നിന്നുള്ള 44 സര്‍വീസുകള്‍ എന്നത് 63 ആയും കൊച്ചിയില്‍ നിന്നുള്ള 34 സര്‍വീസുകള്‍ എന്നത് 37 ആയും തിരുവനന്തപുരത്ത് നിന്നുള്ള 20 സര്‍വീസുകള്‍ എന്നത് 21 സര്‍വീസുകളായും വര്‍ധിക്കും. പുതുതായി കൊച്ചിയില്‍ നിന്ന് ദമാമിലേക്ക് രണ്ടും മസ്‌ക്കറ്റിലേയ്ക്ക് ഒരു സര്‍വീസും അധികമായി തുടങ്ങും.
ഇതോടെ മസ്‌ക്കറ്റിലേക്ക് കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് സര്‍വീസ് ആകും.നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്കാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ കെ.ശ്യാം സുന്ദര്‍, ഡെപ്പുട്ടി ചീഫ് കോമേഴ്‌സല്‍ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് നിലംപൊത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ലാഭകരമാക്കി ഇന്നത്തെ അവസ്ഥയിലാക്കിയത്.