സ്വകാര്യ സ്ഥലത്തെ മാലിന്യ നിക്ഷേപം നിരോധിക്കുന്നു

Posted on: March 11, 2016 7:44 pm | Last updated: March 12, 2016 at 2:11 pm

garbage.jpgദോഹ: വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സമീപം, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയ സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കുന്ന നിയമത്തിന്റെ കരടിന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്ന 42 വര്‍ഷം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. നിലവിലെ നിയമത്തിലെ പല വകുപ്പുകളും പരിഷ്‌കരിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കുക മുതലായ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പൊതുശുചിത്വം എന്ന പേരിലുള്ള നിയമം പൊതുസ്ഥലങ്ങളിലും സ്‌ക്വയറുകള്‍, റോഡുകള്‍, തെരുവ്, ലൈനുകള്‍, നടപ്പാതകള്‍, നടുമുറ്റം, പബ്ലിക് ഗാര്‍ഡന്‍, പാര്‍ക്ക്, ബിച്ച്, ഒഴിഞ്ഞ സ്ഥലം തുടങ്ങിയയിടങ്ങളിലും സ്വകാര്യവും പൊതുവുമായ മതിലുകള്‍, ബാല്‍ക്കണികള്‍, റൂഫ്‌ട്ടോപ്പ്, ഇടനാഴി, യാര്‍ഡ്, കെട്ടിടത്തിന്റെയും വീടുകളുടെയും പൂമുഖം, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നു.
നഗരസഭ നിശ്ചയിച്ചതല്ലാത്തയിടങ്ങളില്‍ മാലിന്യം തള്ളുന്നത് നിയമം നിരോധിക്കുന്നു. അനുമതിയില്ലാത്തയിടങ്ങളില്‍ മൃഗങ്ങളെയും പക്ഷികളെയും ഇട്ടുപോകുന്നതും ലൈസന്‍സ് ഇല്ലാതെ ഇവയെ സൂക്ഷിക്കുന്നതും നിയമം നിരോധിക്കുന്നുണ്ട്.
മാലിന്യ ശേഖരണം, മാലിന്യം മാറ്റുക, ഒഴിവാക്കുക, പുനരുത്പദാനം തുടങ്ങിയവ നഗരസഭയുടെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. നഗരസഭക്ക് കരാറുകാരെ ഏല്‍പ്പിക്കാവുന്നതുമാണ്.
സാമ്പത്തിക വികസന പദ്ധതികളില്‍ സ്വകാര്യ മേഖലയെ ചേര്‍ക്കുന്നതിന് സാങ്കേതിക കമ്മിറ്റി സ്ഥാപിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.