Connect with us

Kerala

മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം

Published

|

Last Updated

കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും സമിതിയുടെ വികാരം കൂടി പരിഗണിച്ചാകും തിരുവമ്പാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും പി. മോഹനന്‍ ്പറഞ്ഞു.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച്, മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി 2011ല്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സി.പി.എം രംഗത്തെത്തിയത്. കര്‍ഷകര്‍ക്ക് ഭൂരിപക്ഷമുളള എട്ടോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും തങ്ങളുടെ പരിഗണനയിലുണ്ടെന്നും മലയോര വികസനസമിതി നേരത്തെ സൂചിപ്പിച്ചിരുന്നു.

തിരുവമ്പാടിയില്‍ താമരശേരി രൂപത പിന്തുണക്കുന്ന മലയോര വികസന സമിതിയുമായി രൂപം കൊള്ളുന്ന ധാരണ വഴി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നേട്ടം കൈവരിക്കാമെന്നാണ് സി.പി.എം വിലയിരുത്തല്‍. മലയോര വികസന സമിതി നേതാക്കള്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

സിറ്റിങ് എംഎല്‍എ ആയിരുന്ന സി.മോയിന്‍കുട്ടിയെ മാറ്റി വി.എം ഉമ്മറിനെയാണ് മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി തിരുവമ്പാടി സീറ്റിലേക്ക് തെരഞ്ഞെടുത്തത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ഉമ്മര്‍. അതെസമയം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.