തൃക്കരിപ്പൂരില്‍ ടി സിദ്ദിഖിന് സാധ്യത

Posted on: March 11, 2016 9:17 am | Last updated: March 11, 2016 at 9:17 am

t siddhiqueനീലേശ്വരം: കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചു. എന്നാല്‍ തദ്ദേശീയരായ ആരും മത്സര രംഗത്ത് വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടതെന്നാണ് സൂചന. പാര്‍ട്ടി മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഉദുമയും തൃക്കരിപ്പൂരും ജനസമ്മതിയുള്ള നേതാക്കളെ നിര്‍ത്തി മത്സരിപ്പിച്ചാല്‍ പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വമുള്ളത്. ഏറ്റവുമൊടുവിലായി ഉദുമയില്‍ കെ സുധാകരന്റെയും തൃക്കരിപ്പൂരില്‍ ടി സിദ്ദിഖിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

നേരത്തെ ജില്ലാ സമിതി തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ടി സിദ്ദിഖിന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് കെ പി സി സി തലത്തിലാണ് ടി സിദ്ദിഖിന്റെ പേരുകൂടി ഉള്‍പ്പെടുത്തിയത്. നേരത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച് എല്‍ ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ സിദ്ദിഖിന് സാധിച്ചിരുന്നു.