അല്‍ അഹ്‌ലി ആശുപത്രിയില്‍ വന്ധ്യതാ നിവാരണ കേന്ദ്രം ആരംഭിച്ചു

Posted on: March 10, 2016 7:18 pm | Last updated: March 12, 2016 at 2:11 pm

al ahli hospitalദോഹ: അല്‍ അഹ്‌ലി ആശുപത്രിയില്‍ വന്ധ്യതാ നിവാരണ കേന്ദ്രം ആരംഭിച്ചു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ വി എഫ്), ഫെര്‍ട്ടിലിറ്റി ലാബ് എന്നിവയുടെ ഉദ്ഘാടനം അല്‍ അഹ്‌ലി ആശുപത്രി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ബോര്‍ഡിന്റെയും ചെയര്‍മാനായ ശൈഖ് അബ്ദുല്ല ബിന്‍ താനി ബിന്‍ അബ്ദുല്ല അല്‍ താനി നിര്‍വഹിച്ചു.
രണ്ട് ആഴ്ച കൊണ്ട് വന്ധ്യതാ നിവാരണ ചികിത്സ പൂര്‍ത്തിയാകുമെന്ന് ഫെര്‍ട്ടിലിറ്റി, ജെനറ്റിക്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. നബീല്‍ എം തറാസി പറഞ്ഞു. ചികിത്സക്ക് രോഗിയെ സജ്ജമാക്കാന്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെയെടുക്കും. അണ്ഡമാറ്റത്തിന് മൂന്ന്- നാല് ദിവസവും വേണ്ടി വരും. രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ ചികിത്സയും പൂര്‍ത്തിയാകും. ദിവസവും 40-50 രോഗികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ദിവസം പത്ത് വരെ പേര്‍ക്ക് ശസ്ത്രക്രിയ നടത്താനാകും. സൗകര്യവും സേവനവും ഇനിയും വിപുലമാക്കും. ഇതൊരു ചെറിയ തുടക്കമാണെന്നും മാസം നാല്‍പ്പത് പേര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പാകത്തില്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ പരിശോധനക്ക് നിരവധി പേര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും നല്‍കാനുള്ള പദ്ധതിയാണ് അല്‍ അഹ്‌ലിയുടെത്. രോഗികളെ താമസിപ്പിച്ച് പരിശോധിച്ച് ശസ്ത്രക്രിയ നടത്തി ഫലം നല്‍കുന്ന സംവിധാനമാണ് ഒരുക്കിയത്. ഖത്വറില്‍ മാത്ര മേഖലയിലുടനീളം ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ വന്ധ്യതാ നിവാരണ ചികിത്സാ ചെലവ് കുറവാണ്. മൊത്തം 18000 ഖത്വര്‍ റിയാല്‍ ആണ് ഈടാക്കുന്നത്. മൊത്തം ജനസംഖ്യയുടെ 10-15 ശതമാനം പേര്‍ വന്ധ്യത നേരിടുന്നുണ്ട്. എല്ലാവര്‍ക്കും ഐ വി എഫ് ചികിത്സ ആവശ്യമില്ല. മറ്റ് മാര്‍ഗങ്ങളും നിലവിലുണ്ട്. ഐ വി എഫിന് മാത്രം 40- 45 ശതമാനം വിജയ നിരക്ക് ആണുള്ളത്. പുതിയ സംവിധാനം കൂടി അല്‍ അഹ്‌ലിയില്‍ ഒരുക്കിയതിനാല്‍ വിജയ നിരക്ക് 60-65 ശതമാനം ആക്കാമെന്നാണ് പ്രതീക്ഷയെന്നും ഡാ. നബീല്‍ പറഞ്ഞു.