സ്ഥാനാര്‍ഥി പട്ടികയില്‍ ആറില്‍ അഞ്ചിടത്തും ഇടം പിടിച്ച് കോഴിക്കോട്ഡി സി സി അധ്യക്ഷന്‍

Posted on: March 10, 2016 12:02 pm | Last updated: March 10, 2016 at 12:02 pm

k c abuകോഴിക്കോട്: ജില്ലയില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റില്‍ പോലും ജയിക്കാനാകാത്ത നിരാശ ജില്ലാ കോണ്‍ഗ്രസിനുണ്ട്. 2001ലെ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസിന് ഒരാളെ പോലും ജയിപ്പിക്കാനായിട്ടില്ല. ഘടക കക്ഷിയായ മുസ്‌ലിം ലീഗിന് മൂന്നും നാലും അംഗങ്ങളുള്ളപ്പോഴാണ് കോണ്‍ഗ്രസിന് ഈ അവസ്ഥ. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ഒന്നില്‍ എ സുജനപാലും കൊയിലാണ്ടിയില്‍ അഡ്വ. പി ശങ്കരനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991ലും കോണ്‍ഗ്രസിന് രണ്ട് എം എല്‍ എമാര്‍ ജില്ലയിലുണ്ടായിരുന്നു. കോഴിക്കോട് നോര്‍ത്തില്‍ എ സുജനപാലും കൊയിലാണ്ടിയില്‍ എം ടി പത്മയും. 2006, 2011 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നില്‍പ്പോലും ജയിച്ചു കയറാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഇത്തവണ എങ്ങിനെയും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു എം എല്‍ എയെ വേണമെന്ന ലക്ഷ്യവുമായാണ് നേതൃത്വം മുന്നോട്ട് പോകുന്നത്.

ജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതാണ് പരാജയ കാരണമെന്ന് പാര്‍ട്ടി വിലയിരുത്താറുണ്ടെങ്കിലും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സീറ്റിന് വേണ്ടിയുള്ള തമ്മിലടിയില്‍ അതൊക്കെ മറക്കാറാണ് പതിവ്. കുന്ദമംഗലവും ബാലുശേരിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും വെച്ചു മാറുകയെന്ന നീക്കത്തിന് പിന്നില്‍ ഒരു സീറ്റില്‍ ജയിക്കുകയെന്ന ലക്ഷ്യമാണ്. കുന്ദമംഗലത്ത് കെ പി സി സി ജന. സെക്രട്ടറി അഡ്വ. ടി സിദ്ദീഖിനെ മത്സരിപ്പിക്കാനാണ് നീക്കം. സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് പി ടി എ റഹീമാണ് നിലവില്‍ എം എല്‍ എ. ഇത്തവണയും റഹീം തന്നെയാകും ഇടത് സ്ഥാനാര്‍ഥിയെന്നാണ് സൂചന. ബാലുശേരിയില്‍ മുസ്‌ലിം ലീഗാണെങ്കില്‍ യു സി രാമനാകും സ്ഥാനാര്‍ഥി. അതിനിടെ തിരുവമ്പാടിയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വി എം ഉമ്മര്‍ മാസ്റ്റര്‍ക്കെതിരെ രൂപതയും മലയോര വികസന സമിതിയും രംഗത്ത് വന്നതിന് പിന്നാലെ സീറ്റിന് വേണ്ടി കെ എസ് യു പിടിമുറുക്കിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് വേണ്ടിയാണ് കെ എസ് യു സീറ്റാവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോട് കെ എസ് യു നാല് സീറ്റിന് വേണ്ടി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിലൊന്ന് തിരുവമ്പാടിയാണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ താമരശേരി രൂപത ശക്തമായി രംഗത്തെത്തിയതോടെയാണ് വി എസ് ജോയിയെ രംഗത്തിറക്കി കെ എസ് യു സീറ്റിനായി അവകാശവാദമുന്നയിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കെ എസ് യു വിനുണ്ടെന്നാണറിയുന്നത്. തിരുവമ്പാടിയില്‍ കുടിയേറ്റ കര്‍ഷകനെ മത്സരിപ്പിക്കണമെന്ന രൂപതയുടെ ആവശ്യം വി എസ് ജോയിക്ക് അനുകൂല ഘടകമാണെന്ന് കെ എസ് യു ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ആറില്‍ അഞ്ചിടത്തും ഡി സി സി പ്രസിഡന്റ് കെ സി അബു ഇടം പിടിച്ചു. സംവരണ സീറ്റായ ബാലുശേരിയില്‍ മാത്രമാണ് കെ സി അബുവിന്റെ പേരില്ലാത്തത്. ജില്ലയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലും, മുസ്‌ലിംലീഗ് വെച്ചു മാറാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ഒരു സീറ്റിലുമാണ് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചത്.
ബാലുശേരി, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, നാദാപുരം എന്നീ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളാണ്. ഈ സീറ്റുകള്‍ക്ക് പുറമെ മുസ്‌ലിം ലീഗ് വെച്ചു മാറുമെന്ന് കരുതുന്നത് ബാലുശേരിക്ക് പകരം കുന്ദംമംഗലമാണ്. കോഴിക്കോട് നോര്‍ത്തിലും കൊയിലാണ്ടിയിലും നാദാപുരത്തും ബേപ്പൂരിലും കുന്ദമംഗലത്തും കെ സി അബുവിന്റെ പേര് പട്ടികയിലുണ്ട്. പി എം സുരേഷ് ബാബുവിന്റെ പേര് രണ്ടിടത്തുണ്ട്. കോഴിക്കോട് നോര്‍ത്തിലും ബേപ്പൂരിലും. അഡ്വ. ടി സിദ്ദീഖ്, ആദം മുല്‍സി, പി വി ഗംഗാധരന്‍,എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, വി ടി സുരേന്ദ്രന്‍, പി ശങ്കരന്‍, വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും വിവിധ മണ്ഡലങ്ങളുടെ പട്ടികയിലുണ്ട്. ഏതായാലും ജില്ലയില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ജയ സാധ്യതയുള്ളവര്‍ക്കാണ് സീറ്റ് ലഭിക്കുക.