പി സി ജോര്‍ജ് സി പി എമ്മുമായി ചര്‍ച്ച നടത്തി

Posted on: March 10, 2016 9:06 am | Last updated: March 10, 2016 at 9:06 am

georgeതിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം നല്‍കുന്ന വിഷയത്തില്‍ എല്‍ ഡി എഫില്‍ ആശയക്കുഴപ്പമുണ്ടെന്ന സൂചനകള്‍ക്കിടെ പി സി ജോര്‍ജ് സിപിഎം നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചനടത്തി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടതായും ചര്‍ച്ചക്ക് ശേഷം പി സി ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാവുന്നതില്‍ ആര്‍ക്കും എതിര്‍പ്പുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നവരെ എല്‍ ഡി എഫില്‍ എടുത്താല്‍ മതി. അടുത്തിടെ യു ഡി എഫ് വിട്ടുവന്ന താനടക്കമുള്ളവരെ ഉടനെ എല്‍ ഡി എഫില്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ മറികടക്കാന്‍ അദ്ദേഹം സി പി ഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം, പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിനെ പിന്തുണക്കുന്ന കാര്യത്തില്‍ സി പി എമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ജോര്‍ജിനെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം വന്നതോടെ സി പി എം നേതൃത്വം തീരുമാനം വൈകിപ്പിക്കുയാണെന്നാണ് ആക്ഷേപം. കോട്ടയം ജില്ലാകമ്മിറ്റിയുടെ അഭിപ്രായം അറിഞ്ഞശേഷം മതി അന്തിമതീരുമാനമെന്നാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ ധാരണ.