രണ്ടു വര്‍ഷം ഹമദില്‍ കഴിഞ്ഞ യുവാവിനെ വിദഗ്ധ ചികിത്സക്ക് വെല്ലൂരിലേക്കു മാറ്റി

Posted on: March 9, 2016 8:02 pm | Last updated: March 9, 2016 at 8:02 pm
അബ്ദുല്ല ആശുപത്രിക്കിടക്കയില്‍
അബ്ദുല്ല ആശുപത്രിക്കിടക്കയില്‍

ദോഹ: ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് രണ്ട് വര്‍ഷത്തോളമായി ഹമദ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞു വന്ന മലയാളി യുവാവിനെ വിദഗ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളതില്‍ അബ്ദുല്ലയാണ്് (28) ഇവിടെ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്നത്.
2014 മെയ് ഒിന്നിന് ജോലിചെയ്യുന്ന ദുഹൈലിലെ ഷോപ്പില്‍ നിന്ന് അടുത്തുള്ള വീട്ടിലേക്ക് സാധനങ്ങള്‍ കൊടുക്കാന്‍ നടന്നുപോകുമ്പോള്‍ കനേഡിയന്‍ പൗരന്‍ ഓടിച്ച ബൈക്കിടിച്ചായിരുന്നു അപകടം. തലക്ക് മാരകമായി പരുക്കേറ്റ് ബോധം നഷ്ടപ്പെട്ട അബ്ദുല്ലയെ ഹമദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഹമദില്‍ നാലു മാസത്തെ ചികിത്സക്കു ശേഷം റുമൈല ഹോസ്പിറ്റലിലേക്ക് മാറ്റി. ആറു മാസമായി ഹമദ് ഹോസ്പിറ്റല്‍ റീഹാബിലിറ്റേഷന്‍ യൂനിറ്റിലാണ് കഴിഞ്ഞിരുന്നത്. നാട്ടില്‍ വിവാഹാലോചനകള്‍ നടന്നുവന്ന സമയത്തായിരുന്നു അപകടം.
അബ്ദുല്ലയുടെ സഹോദരന്‍ ഖത്വറിലുണ്ട്. മാതാപിതാക്കള്‍ നാട്ടില്‍ നിന്നും യുവാവിനെ കാണാനായി വന്നിരുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് വിദഗ്‌ധോപദേശം തേടിയതിനെ തുടര്‍ന്നാണ് അങ്ങോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ചെന്നൈയിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് കൊണ്ടുപോയത്. ഹമദ് ആശുപത്രിയിലെ ഡോ. ഫൈസല്‍ ഉമുനിയ്യത്തിന്റെ നേതൃത്വിത്തലുള്ള മെഡിക്കല്‍ സംഘം അബ്ദുല്ലയെ അനുഗമിക്കുന്നുണ്ട്.
അപകടം സംബന്ധിച്ച കേസില്‍ ഇതിനകം വിധി വന്നെങ്കിലും ചെറിയ തുകയാണ് നഷ്ട പരിഹാരം ലഭിച്ചത്. കടയില്‍ ജോലി ചെയ്യുന്ന അബ്ദുല്ലുടെ സഹോദരന് യഥാസമയം കോടതിയില്‍ ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ സാധിച്ചിരുന്നില്ല. പിന്നീട് നാട്ടില്‍ നിന്നു വന്ന ബന്ധു കുറ്റിയാടി കൂടത്തില്‍ റഷീദ്, കള്‍ചറല്‍ ഫോറം പ്രതിനിധികളായ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, കെ കെ അലി എിവരുടെ നേതൃത്വത്തില്‍ സിവില്‍ കോടതിയില്‍ നഷ്ട പരിഹാരത്തിനായി പുതിയ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.