മെട്രോ ചുവപ്പ് പാത വികസനം ഉടന്‍ ആരംഭിക്കുമെന്ന് ആര്‍ ടി എ

Posted on: March 9, 2016 2:28 pm | Last updated: March 9, 2016 at 2:28 pm

UAE METROദുബൈ:മെട്രോ ചുവപ്പ് പാത വികസനം ഉടന്‍ ആരംഭിക്കുമെന്ന് ആര്‍ ടി എ. റൂട്ട് 2020 എന്ന പേരിലാണ് 15 കിലോമീറ്റര്‍ ദൂരത്തില്‍ ആര്‍ ടി എ വികസന പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന അഞ്ച് കമ്പനികളുടെ ടെണ്ടര്‍ ആര്‍ ടി എ പരിശോധിച്ചുവരികയാണെന്ന് റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്‌റാഹീം യൂനുസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അധികം വൈകാതെ ആര്‍ ടി എ കരാര്‍ നല്‍കും.

ടെണ്ടര്‍ നല്‍കിക്കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കകം ആരംഭിക്കും. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. ഡിസ്‌കവറി ഗാര്‍ഡന്‍സ്, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയിലൂടെയാണ് വേള്‍ഡ് എക്‌സ്‌പോ 2020ന്റെ വേദിക്കരികിലേക്ക് ചുവപ്പ്പാത എത്തുക. നഖീല്‍ ഹാര്‍ബര്‍, ടവര്‍ സ്റ്റേഷന്‍ എന്നിവക്ക് പുറമെ ഏഴ് സ്റ്റേഷനുകള്‍കൂടി റൂട്ട് 2020ല്‍ ഉണ്ടാകും.
അടുത്ത വര്‍ഷം ആദ്യത്തിലാവും ദുബൈ മെട്രോയുടെ പച്ചപ്പാതയില്‍ വികസന പ്രവര്‍ത്തികള്‍ ആരംഭിക്കുക. അല്‍ ജദ്ദാഫില്‍ നിന്ന് ദുബൈ അക്കാഡമിക് സിറ്റി വരെയുള്ള 20.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട പാതയില്‍ ഏഴ് സ്റ്റേഷനുകള്‍ ഉണ്ടാവും.
ഖിസൈസിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപത്തെ ഇത്തിസലാത്തില്‍ നിന്ന് ആരംഭിച്ച് അല്‍ ജദ്ദാഫ് വരെയാണ് നിലവിലെ പച്ചപ്പാത. 22.5 കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം.
പച്ചപ്പാത വികസിപ്പിക്കുന്നതോടെ റാസല്‍ ഖോര്‍, ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി, ദുബൈ സിലികോണ്‍ ഒയാസിസ് എന്നിവിടങ്ങളിലും മെട്രോ സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും യൂനുസ് പറഞ്ഞു.