ഒരു കോടി ലോട്ടറിയടിച്ചു; ബംഗാള്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

Posted on: March 9, 2016 12:50 am | Last updated: March 9, 2016 at 12:56 am

lottery-keralaകോഴിക്കോട്: ഒരു കോടി രൂപ ലോട്ടറിയടിച്ച ബംഗാള്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ അഭയം തേടി. കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച പശ്ചിമബംഗാള്‍ ലക്ഷ്മിപൂര്‍ സ്വദേശി മൊഫിജുല്‍ റഹ്മാന്‍ ശെയ്ഖാണ് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. ലോട്ടറി തട്ടിയെടുക്കാന്‍ വേണ്ടി ആരെങ്കിലും ഉപദ്രവിക്കുമോയെന്നും പരിചയക്കാര്‍ പോലുമില്ലാത്ത കേരളത്തില്‍ ജീവാപായം ഉണ്ടാകുമോയെന്നും ഭയന്നാണ് പോലിസ് സ്റ്റേഷനിലെത്തിയതെന്നാണ് മൊഫിജുല്‍ റഹ്മാന്‍ പറയുന്നത്.
കാരുണ്യ ലോട്ടറിയുടെ കെ ടി 21, 5092 നമ്പര്‍ ലോട്ടറിയിലാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. ചേവായൂര്‍ പ്രിന്‍സിപ്പാള്‍ എസ് ഐ യു കെ ഷാജഹാന്റെ സഹായത്തോടെ വെളളിമാടുകുന്ന് സ്‌റ്റേറ്റ് ബാങ്ക് ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുകയാണ്. മൊഫിജുല്‍ റഹ്മാന്‍ തിങ്കളാഴ്ചയും ഞായറാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ താമസിക്കുകയായിരുന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തില്‍ എത്തിയത്.