കാറുകള്‍ക്ക് മാത്രമായി സര്‍വീസ് സെന്ററുമായി വഖൂദ്‌

Posted on: March 8, 2016 7:12 pm | Last updated: March 8, 2016 at 7:12 pm

ദോഹ: മുന്‍നിര കാര്‍ ഡീലര്‍മാരുമായി ചേര്‍ന്ന് ദോഹയില്‍ സ്‌പെഷ്യലൈസ്ഡ് കാര്‍ സര്‍വീസ് സെന്ററുകള്‍ തുറക്കുമെന്ന് വഖൂദ്. സ്ഥലലഭ്യതക്ക് അനുസരിച്ച് വഖൂദ് പെട്രോള്‍ സ്റ്റേഷനുകളില്‍ കാറുകള്‍ക്ക് മാത്രമായി സര്‍വീസ് സെന്ററുകള്‍ തുടങ്ങുമെന്ന് സി ഇ ഒ ഇബ്‌റാഹീം ജഹാം അല്‍ കുവാരി പറഞ്ഞു.
ഇത്തരം എത്ര സെന്ററുകള്‍ തുറക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ടൊയോട്ട, നിസാന്‍, മെഴ്‌സിഡസ് എന്നീ മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തും. ഈ വര്‍ഷം അവസാനത്തോടെ ഇത്തരം മൂന്ന് സെന്ററുകള്‍ തുടങ്ങാനാകും. പെട്രോള്‍ സ്റ്റേഷനോടൊപ്പമുള്ള പ്രത്യേകം സ്ഥാപനമായാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫോര്‍ഡ്, ജി എം സി, ജപ്പാന്‍ ബ്രാന്‍ഡുകള്‍ അടക്കം എല്ലാ മുന്‍നിര കാറുകളുടെയും പൂര്‍ണ സര്‍വീസ് നല്‍കുന്ന സെന്റര്‍ ആണ് ലക്ഷ്യമിടുന്നത്. സെന്ററിന്റെ വലുപ്പം അനുസരിച്ചാണ് നിക്ഷേപ ചെലവ് കണക്കാക്കുക. അതേസമയം, ഒരു സെന്ററിന്റെ ഏകദേശ ചെലവ് 50 മില്യന്‍ ഖത്വര്‍ റിയാല്‍ ആണ് കണക്കാക്കുന്നത്. സെന്ററിന് സഹകരിക്കുന്ന കാര്‍ ബ്രാന്‍ഡിന്റെയും വഖൂദിന്റെയും പേരുകള്‍ ചേര്‍ത്തായിരിക്കും സെന്റര്‍ അറിയപ്പെടുക.
സെന്റര്‍ സ്ഥാപിക്കുന്നതിന് നിരവധി ബ്രാന്‍ഡുകള്‍ ആവേശത്തോടെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയെ ആശ്രയിക്കാതെ തന്നെ വളരെ എളുപ്പത്തില്‍ ദോഹയില്‍ വെച്ചുതന്നെ സര്‍വീസ് ലഭ്യമാക്കാനാണ് പദ്ധതി. ഡയറക്‌ടേഴ്‌സ് ബോര്‍ഡിന് സമര്‍പ്പിക്കാനുള്ള പഠന റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. കോര്‍ണിഷ്, എഫ് റിംഗ് റോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കോര്‍ണിഷ് പോലെയുള്ള സ്ഥലങ്ങളില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് യോജിച്ച സ്ഥലം കിട്ടാന്‍ പ്രയാസമാണ്. 20 പെട്രോള്‍ സ്റ്റേഷനുകള്‍ കൂടി തുടങ്ങാനുള്ള പദ്ധതിയാണ് വഖൂദിനെന്നും അദ്ദേഹം പറഞ്ഞു.