സി പി എം – ഐ എന്‍ എല്‍ ബന്ധം ഉലയുന്നു

Posted on: March 8, 2016 4:52 am | Last updated: March 7, 2016 at 11:53 pm

INLകാസര്‍കോട് :നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കാസര്‍കോട് ജില്ലയില്‍ സി പി എം- ഐ എന്‍ എല്‍ ബന്ധം വഷളാകുന്നു. ജില്ലയില്‍ തീരെ വിജയസാധ്യതയില്ലാത്ത സീറ്റ് മത്സരിക്കുന്നതിനായി നല്‍കാനുള്ള സി പി എം നീക്കമാണ് ഐ എന്‍ എല്ലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ സി പി ഐയും മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സി പി എമ്മും മത്സരിക്കുമ്പോള്‍ കാസര്‍കോട് മണ്ഡലം പതിവുപോലെ ഐ എന്‍ എല്ലിന് നല്‍കാനാണ് സി പി എം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി അത് നടപ്പില്ലെന്നും തോല്‍വി ആവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ മല്‍സരിക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ഐ എന്‍ എല്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം അവര്‍ സി പി എം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള ഉദുമയോ തൃക്കരിപ്പൂരോ ആണ് ഐ എന്‍ എല്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കാസര്‍കോട് വേണ്ടെങ്കില്‍ അവിടെ ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാമെന്ന അഭിപ്രായമാണ് സി പി എമ്മില്‍ രൂപപ്പെട്ടിരിക്കുന്നത്. കാസര്‍കോട് സീറ്റ് വേണ്ടെന്ന ഐ എന്‍ എല്ലിന്റെ നിലപാട് സി പി എം ജില്ലാസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുകയും തള്ളുകയും ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ ഇടതുമുന്നണിയുടെ ഭാഗമല്ലാതെ ജില്ലയിലെ എല്ലാമണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുകയെന്ന പൊതു അഭിപ്രായം ഐ എന്‍ എല്ലിനകത്ത് ശക്തമാവുകയാണ്. ഐ എന്‍ എല്ലിന്റെ രൂപവത്കരണം തൊട്ട് കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചുവരികയാണ്. ഇടക്കാലത്ത് മാത്രമാണ് ഈ മണ്ഡലത്തില്‍ സി പി എം മത്സരിച്ചത്. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് എക്കാലവും ഇവിടെ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കാന്‍ മാത്രമാണ് വിധി.
1996ല്‍ എന്‍ എ നെല്ലിക്കുന്നാണ് ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യു ഡി എഫിലെ സി ടി അഹമ്മദലിയാണ് അന്ന് 33,932 വോട്ട് നേടി വിജയിച്ചിരുന്നത്. ബി ജെ പിയിലെ കെ മാധവഹെര്‍ള 30,149 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ നെല്ലിക്കുന്ന് 24,254 വോട്ട് നേടി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. 37 ശതമാനം വോട്ടുകള്‍ യു ഡി എഫിനും 32 ശതമാനം ബി ജെപിക്കും ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് വെറും 24 ശതമാനം മാത്രം വോട്ട് ലഭിക്കുകയായിരുന്നു. ഐ എന്‍ എല്‍ വോട്ടുകളെല്ലാം ഐ എന്‍ എല്ലിന് ലഭിച്ചെങ്കിലും ഇടതുവോട്ടുകളില്‍ വിള്ളലുണ്ടാവുകയും ഇതിന്റെ നേട്ടം ബി ജെപിക്ക് ലഭിക്കുകയും ചെയ്തു.
1991ല്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പിക്കുണ്ടായിരുന്ന 27 ശതമാനം വോട്ട് 96ല്‍ വര്‍ധിക്കുകയാണുണ്ടായത്. 32 ശതമാനത്തിലേക്ക് ബി ജെപി എത്താനിടയായത് ഇടതുമുന്നണിയില്‍ നിന്നുതന്നെയുള്ള വോട്ടുചോര്‍ച്ച കാരണമായിരുന്നു. 2001ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 47 ശതമാനവും ബി ജെ പിക്ക് 30 ശതമാനവും വോട്ടുകിട്ടിയപ്പോള്‍ എല്‍ ഡി എഫിന്റേത് 20 ശതമാനം മാത്രമായിരുന്നു. നഷ്ടം വന്നത് വാസ്തവത്തില്‍ ഇടതുമുന്നണിയുടെ ബാനറില്‍ മത്സരിച്ച ഐ എന്‍ എല്ലിന് തന്നെയായിരുന്നു. 2006ല്‍ യു ഡി എഫിന് 38 ശതമാനവും ബി ജെ പിക്ക് 28 ശതമാനവും വോട്ടുകള്‍ കിട്ടിയപ്പോള്‍ എല്‍ ഡി എഫിന് കിട്ടിയത് 27 ശതമാനം വോട്ടുകളാണ്. എന്‍ എ നെല്ലിക്കുന്നായിരുന്നു സ്ഥാനാര്‍ഥി. 2011ല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ന്‍െ എ നെല്ലിക്കുന്ന് 45 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്. ബി ജെ പിക്ക് 37 ശതമാനം വോട്ടുലഭിച്ചപ്പോള്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്തിയായ ഐ എന്‍ എല്ലിലെ അസീസ് കടപ്പുറത്തിന് കിട്ടിയത് 14 ശതമാനം വോട്ടുകള്‍ മാത്രമാണ്. 26 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കാസര്‍കോട് മണ്ഡലത്തില്‍ എല്‍ ഡി എഫ് വോട്ട് കുറഞ്ഞെങ്കില്‍ ഇനിയും തങ്ങള്‍ ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നാണ് ഐ എന്‍ എല്‍ ചോദിക്കുന്നത്. ഭൂരിപക്ഷസമുദായത്തിന്റെ വോട്ടുകള്‍ ബി ജെപിക്കാണ് പോകുന്നതെന്നും ഐ എന്‍ എല്ലിനാണ് കാസര്‍കോട് സീറ്റെങ്കില്‍ വോട്ട് ശതമാനം ഇനിയും കുറയുമെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
തനിച്ചുമത്സരിക്കാനുള്ള തീരുമാനവുമായി ഐ എന്‍ എല്‍ മുന്നോട്ടുപോയാല്‍ ഇടതുമുന്നണിക്കത് കനത്ത തിരിച്ചടിയായി മാറും. കാസര്‍കോട് മണ്ഡലത്തില്‍ വോട്ട്‌നിലയില്‍ കുത്തനെ ഇടിവുസംഭവിക്കുമെന്നുമാത്രമല്ല ഉദുമ മണ്ഡലത്തില്‍ ഇടതുമുന്നണി വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്ന സ്വാധീനമായി അവരുടെ മത്സരം മാറുകയും ചെയ്യും. അതേസമയം യു ഡി എഫിന് പിന്തുണ നല്‍കി എല്‍ ഡി എഫിന് മറുപടി നല്‍കണമെന്ന വാദക്കാരും ഐ എന്‍ എല്ലിലുണ്ട്. കാസര്‍കോടിന് പുറമെ ഉദുമ കൂടി കൈവിട്ടാല്‍ ഇടതുമുന്നണിക്കത് രാഷ്ട്രീയമായി ഏറെ ക്ഷീണമുണ്ടാക്കും. അതുകൊണ്ട് ഐ എന്‍ എല്ലിന് വിജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ സി പി എമ്മിലുണ്ട്. ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയായി കാസര്‍കോട് ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിന് ഉയര്‍ന്നുന്നിരിക്കുന്ന പേര് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത്കുമാര്‍ ആസാദിന്റേതാണ്. എന്നാല്‍ ആസാദിനെ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ഐ എന്‍ എല്ലിന് താത്പര്യമില്ല. ഇക്കാര്യത്തില്‍ ഐ എന്‍ എല്‍ സംസ്ഥാനകമ്മിറ്റിയുടെ നിലപാടും നിര്‍ണ്ണായകമാണ്.