സീറ്റ് വിഭജനം: യു ഡി എഫ് യോഗം 10ന്

Posted on: March 8, 2016 4:40 am | Last updated: March 7, 2016 at 11:42 pm

UDF-MEETINGതിരുവനന്തപുരം: യു ഡി എഫിലെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ 10ന് ആരംഭിക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. രാവിലെ ഒമ്പതിന് യു ഡി എഫ് യോഗം ചേരും. തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരും. വലിയ പ്രശ്‌നങ്ങളില്ലാതെ സീറ്റ് വിഭജനം രമ്യമായി പരിഹരിക്കാമെന്നാണ് കരുതുന്നതെന്ന് തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീറ്റുകളുടെ കാര്യത്തിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായി. കേരളാ കോണ്‍ഗ്രസ്(ജേക്കബ്), ആര്‍ എസ് പി, സി എം പി – സി പി ജോണ്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
മുസ്‌ലിം ലീഗ് മുമ്പുള്ളതുപോലെ 24 സീറ്റുകള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി. നാലു സീറ്റുകള്‍ വച്ചുമാറാന്‍ തയ്യാറാണെന്ന് അറിയിച്ചതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മറ്റു ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള പരിമിതികളും ബുദ്ധിമുട്ടുകളും ഘടകകക്ഷികളെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച തുടരുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി. യു ഡി എഫില്‍ നിന്നും ജെ എസ് എസിനെ ഒഴിവാക്കിയെങ്കിലും ധാരാളം അണികള്‍ ഇപ്പോഴും മുന്നണിക്കൊപ്പമാണ്. മുന്നണി വിട്ടുപോയവരുടെ സീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ഘടകകക്ഷികള്‍ അധികസീറ്റ് ചോദിക്കുന്നത്.
ജയിച്ച സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് തന്നെയെന്ന പൊതുധാരണയാണ് യു ഡി എഫിലുള്ളത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളൊന്നും ഘടകകക്ഷികള്‍ ചോദിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.