National
കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം: മന്ത്രി സ്മൃതി ഇറാനി തിരിഞ്ഞുനോക്കിയില്ലെന്ന് മകള്‍
 
		
      																					
              
              
            ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ചു ഡോക്ടര്‍ മരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. വാഹനാപകടത്തിനു ശേഷം റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് സഹായിക്കാന്‍ മന്ത്രി തയ്യാറായില്ലെന്ന ആരോപണവുമായി മരിച്ച ഡോക്ടറുടെ മകള്‍ രംഗത്തെത്തി. ഇവരുടെ ആരോപണത്തെ തുടര്‍ന്ന് ബന്ധുവായ ഡോ. അഭിഷേക് നല്‍കിയ പരാതിയില്‍ അപകടത്തിന് കാരണമാകുന്ന രീതിയില്‍ വാഹനമോടിച്ചതിന് മന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ മഥുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാത്രിയാണ് നോയിഡ എക്‌സ്പ്രസ് വേയില്‍ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹമിടിച്ച് ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ. രമേഷ് നാഗര്‍ മരിച്ചത്. അപകടത്തില്‍ ഡോക്ടറുടെ മകള്‍ സാന്‍ദിലക്കും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്ന ഉടന്‍ മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി പുറത്തുവന്നപ്പോള്‍ സഹായത്തിന് കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടെങ്കിലും തന്റെ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രിയോ മന്ത്രിയുടെ കൂടെയുണ്ടായിരുന്നവരോ തയ്യാറായില്ലെന്നാണ് മകളുടെ ആരോപണം. സംഭവം നടന്ന് ഏറ വൈകിയാണ് പ്രാഥമിക ചികിത്സയെങ്കിലും പിതാവിന് നല്‍കാന്‍ കഴിഞ്ഞത്. സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ പിതാവിനെ നഷ്ടപ്പെടുമായിരുന്നില്ലെന്നും മകള്‍ പറഞ്ഞു.
അതേസമയം, ആരോപണം നിഷേധിച്ച് മന്ത്രിയും പോലീസും രംഗത്തെത്തി. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ വാഹനം ഇടിച്ചല്ല ഡോക്ടര്‍ മരിച്ചതെന്നാണ് പോലീസിന്റെ വാദം. ഡോക്ടര്‍ക്ക് പരുക്കേല്‍ക്കാനിടയായ അപകടം നടന്ന് 78 മിനുട്ട് കഴിഞ്ഞ ശേഷമാണ് മന്ത്രിവാഹനം സ്ഥലത്തെത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഉണ്ടായ അപകടത്തില്‍പ്പെട്ട വാഹനങ്ങളിലാണ് മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചതെന്നും എസ് എസ് പി രാകേഷ് യാദവ് പറഞ്ഞു. മന്ത്രി ഉടന്‍ പോലീസിനെ വിളിച്ച് വിവരമറിയിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എസ് എസ് പി പറഞ്ഞു.
മന്ത്രിയുടെ അകമ്പടി വാഹനമിടിച്ചല്ല അപകടമുണ്ടായതെന്ന് സ്മൃതി ഇറാനിയുടെ ഓഫീസും നേരത്തെ പറഞ്ഞിരുന്നു. റോഡിലുണ്ടായ മറ്റൊരപകടം മാത്രമാണിതെന്നും ഉടന്‍ മന്ത്രി മഥുരയിലെ എസ് എസ് പിയെ വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നുമാണ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആഗ്ര സ്വദേശിയായ ഡോ. രമേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          