അറസ്റ്റിലായ ഇന്ത്യക്കാരന് എംബസി ഇടപെടലിലൂടെ മോചനം

Posted on: March 7, 2016 8:17 pm | Last updated: March 7, 2016 at 8:17 pm

ദോഹ: ഡോക്ടറുടെ കുറിപ്പില്ലാത്ത മരുന്നുകളുമായി ദോഹയിലെത്തി അധികൃതരുടെ പിടിയിലായ ഇന്ത്യന്‍ കെമിക്കല്‍ എന്‍ജിനീയര്‍ക്ക് ഒടുവില്‍ മോചനം. ഇന്ത്യന്‍ എംബസിയും സോഷ്യല്‍ സെന്ററും നടത്തിയ സമയോചിത ഇടപെടലാണ് നിരപരാധിയായെ യുവാവിന്റെ മോചനത്തിനു വഴി തുറന്നത്.
ഈ മാസം ഒന്നിനാണ് ആന്‍കിത് സിംഗാള്‍ എന്നു പേരുള്ള ഉത്തരേന്ത്യന്‍ യുവാവ് ദോഹ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളുടെ ബേഗില്‍ നിന്നും പ്രിസ്‌ക്രിപ്ഷനില്ലാത്ത മരുന്നുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഡീപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. നിയമപരമായ നടപടികമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച നാടു കടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതിനിടെയാണ് സോഷ്യല്‍ സെന്ററും എംബസിയും ഇടപെട്ടത്.
സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ പ്രശ്‌നം അംബാസിഡര്‍ സഞ്ജീവ് അറോറയെ അറിയിക്കുകയും യാഥാര്‍ഥ്യം ബോധ്യപ്പെട്ട അദ്ദേഹം ഖത്വര്‍ ഉന്നതാധികാരികളെ ബന്ധപ്പെടുന്നതിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗിനെയും ഡോ. അലീം, അസ്‌ലം എന്നിവരെയും ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാറിനെയും ചുമതലപ്പെടുത്തി. സംഘം ഇന്നലെ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞു വന്ന ആന്‍കിതിനെ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ മനസ്സിലാക്കി. യാഥാര്‍ഥ്യം മനസ്സിലാക്കിയ ഇന്ത്യന്‍ അംബാസിഡര്‍ നേരിട്ട് തന്നെ വിഷയത്തില്‍ ഇടപെടുകയും ഖത്വര്‍ ഗവണ്‍മെന്റ് ഉന്നതാധികാരികളുമായും ആഭ്യന്തര മന്ത്രാലയം ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായും ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടുത്താനും ശ്രമിച്ചു.
ഇതേത്തേടുര്‍ന്ന് ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞു വന്ന യുവാവിന മോചിപ്പിക്കാന്‍ ഖത്വര്‍ അധികൃതര്‍ സന്നദ്ധമാകുകയായിരുന്നു. മോചിതനായ യുവാവ് ജോലിയില്‍ പ്രവേശിച്ചതായി ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ അറിയിച്ചു.