കേരള മുസ്‌ലിം ജമാഅത്തിന്റെ കൈത്താങ്ങ്; മൈമൂനക്കും കുടുംബത്തിനും സാന്ത്വന ഭവനം

Posted on: March 7, 2016 9:46 am | Last updated: March 7, 2016 at 9:54 am
farok muslim jamath
മൈമൂനക്കും കുടുബത്തിനും കേരള മുസ്‌ലിം ജമാഅത്ത് നിര്‍മിച്ച് നല്‍കുന്ന സാന്ത്വന ഭവനത്തിന്റെ ഫണ്ട് എ പി അബ്ദുല്‍കരീം ഹാജി, കടലുണ്ടി മേലത്ത് നജുമുല്‍ ഹുസൈന്‍ എന്നിവര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറുന്നു

ഫറോക്ക്: നിലംപൊത്താറായ മേല്‍ക്കൂരക്കുള്ളില്‍ വര്‍ഷങ്ങളായി അന്തിയുറങ്ങുന്ന മൈമൂനയുടെ കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വീട് വെച്ചുനല്‍കും. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ ലക്ഷം വീട് കോളനിയിലെ കൂരക്കുള്ളില്‍ ദുരിതം പേറി കഴിയുന്ന വലിയോട്ടില്‍ മൈമൂനയുടെയുടെ വിവാഹപ്രായമെത്തിയ രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുബത്തിന്റെ തീരാദുരിതം സിറാജ് കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് വടക്കുമ്പാട് യൂനിറ്റ് സമസ്ത കേരള സുന്നി യുവജന സംഘം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മറ്റികള്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റി ഈ വിഷയം സംസ്ഥാന കമ്മിറ്റിയിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

impactകഴിഞ്ഞ ദിവസം കോഴിക്കോട് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ യോഗത്തില്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മൈമൂനയുടെ കുടും ബത്തിന് വീട് വെച്ചുനല്‍കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് മുന്‍കൈയെടുത്ത് പ്രദേശത്തെ പെതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോട് കൂടിയുമാണ് പദ്ധതി ആവിഷ്‌കരിക്കുക. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ മൈമൂനയെയും കുടുംബത്തെയും അടുത്ത ദിവസം തന്നെ താത്കാലികമായി മറ്റൊരിടത്തേക്ക് മാ റ്റിത്താമസിപ്പിക്കും. ഇതിന് ആവശ്യമായ തുക കേരള മുസ്‌ലിം ജമാഅത്ത് ന ല്‍കും.

താര്‍പ്പായ കൊണ്ടും പുല്‍പ്പായ കൊണ്ടും മറച്ച കൂരക്കുള്ളില്‍ ദുരിതത്തിലായിരുന്നു ഈ കുടുംബം ഇത്രയും കാലം കഴിഞ്ഞിരുന്നത്. ഏക മകന്‍ മിര്‍ശാദിനെ മത പണ്ഡിതനാക്കണമെന്നതാണ് മൈമൂനയുടെ മറ്റൊരാഗ്രഹം. ഇത് കണക്കിലെടുത്ത് മിര്‍ശാദിന് പഠിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് വടക്കുംമ്പാട് യൂനിറ്റ് ഇതിനകം ഒരുക്കിക്കഴിഞ്ഞു.

വീട് പ്രഖ്യാപന ചടങ്ങില്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലി യാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഫൈനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡു കൈമാറി

ഫറോക്ക്: കടലുണ്ടി മണ്ണൂര്‍ ലക്ഷം വീട് കോളനില്‍ ദുരിതത്തില്‍ കഴിയുന്ന വലിയോട്ടില്‍ മൈമൂനക്കും വിവാഹപ്രായമായ രണ്ട് പെണ്‍മക്കള്‍ക്കുമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഘടകം നിര്‍മിച്ചു നല്‍കുന്ന സാന്ത്വന ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യ തുക ഫൈനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയവും കടലുണ്ടി സ്വദേശിയും വിദേശത്തെ പ്രമുഖ വ്യവസായിയുമായ മേലത്ത് നജുമുല്‍ ഹുസൈനും ചേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കി. ചടങ്ങില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.