Connect with us

Kerala

രാജ്യത്തെ ആദ്യ ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരുവിതാംകൂറിലേത്

Published

|

Last Updated

കൊച്ചി: ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിലും രാഷ്രട്രീയ പരീക്ഷണങ്ങളിലും കേരളം എന്നും ഒരു മുഴം മുന്നിലായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജവാഴ്ചയുടെ കാലത്തു തന്നെ മന്ത്രിസഭയും സര്‍ക്കാര്‍ രൂപവത്കരിച്ചതും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി തിരഞ്ഞെടുപ്പു നടത്തിയതും കൊച്ചി രാജ്യത്തെ രാജാക്കന്‍മാരായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആരംഭിച്ചത് അന്നത്തെ തിരുവിതാംകൂര്‍ സംസ്ഥാനത്തും.
തിരുവിതാംകൂറില്‍ 1888 ല്‍ തുടങ്ങിയ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ ആറ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളുമായിരുന്നു. പിന്നീട് 1898 ല്‍ അംഗസംഖ്യ എട്ടില്‍ നിന്നും 15 ആക്കിയതിനൊപ്പം അഞ്ചില്‍ രണ്ടുപേരെ അനൗദ്യോഗിക അംഗങ്ങളുമാക്കി. തിരഞ്ഞെടുപ്പ് എന്നത് അതിന്റെ വാച്യാര്‍ഥത്തില്‍ പോലും അന്ന് സ്വീകരിക്കപ്പെട്ടിരുന്നില്ല. 1920-22 കാലഘട്ടത്തിലാണ് അത്തരത്തിലുളള നിയമ നിര്‍മാണ പരിഷ്‌കാരം വരുന്നത്.
1932ല്‍ പട്ടാഭിഷേകം ചെയ്യപ്പെട്ട ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലയളവിലാണ് ഈ രംഗത്ത് വിപ്ലവകരമായ ചില മാറ്റങ്ങള്‍ വരുന്നത്. അന്നു വരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്‌റ്റേറ്റ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. എന്നാല്‍ 70 ശതമാനത്തോളം വരുന്ന ഈഴവ, ക്രിസ്തൃന്‍, മുസ്‌ലിം ജനസമൂഹത്തിന് പുതിയ പരിഷ്‌കാരത്തില്‍ ഒരു ഗുണവുമില്ലെന്നാരോപിച്ച് നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ അനുവദിക്കുകയെന്നതായിരുന്നു ആവശ്യമെങ്കിലും പ്രക്ഷോഭം സര്‍ക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. എങ്കിലും ഒടുവില്‍ പൊതുസേവന മേഖലയില്‍ ഒരു പരിധിവരെ സാമുദായിക സംവരണമനുവദിക്കാന്‍ തയാറാകേണ്ടിവന്നു.
1925 ല്‍ കൊച്ചി സംസ്ഥാനത്ത് 45 അംഗ നിയമസഭ നിലവില്‍വന്നു. ഇതിലെ 30 അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. നിയമസഭ ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയുമുള്ളഒരു മന്ത്രിയെ നിയമിച്ച് 1930 ല്‍ ഒരു ദ്വിഭരണസര്‍ക്കാറിനും കൊച്ചിയില്‍ രൂപം നല്‍കി. അമ്പതംഗ സഭയില്‍ 38 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. രാജഭരണ കാലത്ത് മന്ത്രിസഭ സര്‍ക്കാര്‍ രൂപവത്കരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കൊച്ചി.
1938 ല്‍ കൊച്ചിന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേറി. അമ്പാട്ടു ശിവരാമമേനോന്‍ ഗ്രാമവികസന മന്ത്രിയായി നിയമിക്കപ്പെട്ടെങ്കിലും ആ വര്‍ഷം ആഗസ്റ്റില്‍ മരിച്ചു. തുടര്‍ന്ന് ഡോ എ ആര്‍ മേനോന്‍ തത്സ്ഥാനത്തെത്തിയെങ്കിലും 1942 ഫെബ്രുവരി 25നു അവിശ്വാസ പ്രമേയം പാസായതോടെ രാജിവച്ചു. തുടര്‍ന്ന് വന്ന കൊച്ചിന്‍ കോണ്‍ഗ്രസിലെ ടി കെ നായര്‍ക്കു രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് മഹാരാജാവ് കൗണ്‍സില്‍ കാലാവധി നീട്ടി നല്‍കിയതിനാല്‍ 1945 ജൂലൈ 11 വരെ മന്ത്രിയായി തുടരാനായി.
1941 ജനുവരി 26 ന് രൂപമെടുത്ത കൊച്ചി രാജ്യ പ്രജാമണ്ഡലം പാര്‍ട്ടിക്കും നിയമസഭ ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണുളളത്. 1945 ലെ തിരഞ്ഞെടുപ്പില്‍ 19 ല്‍ 12 സീറ്റു നേടിയ പ്രജാമണ്ഡലം പക്ഷേ മന്ത്രിസ്ഥാനത്തിനു അവകാശവാദമുന്നയിച്ചില്ല. നാഷണലിസ്റ്റ് സംഘത്തിലെ പറമ്പി ലോനപ്പനെ മന്ത്രിയായി രാജാവ് നിയമിച്ചു. പിന്നീട് അവിശ്വാസത്തിലൂടെ പറമ്പി ലോനപ്പന്‍ പുറത്തായപ്പോള്‍ പ്രജാമണ്ഡലത്തെ മന്ത്രിസ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും ആ പദവി അവര്‍ നിരസിക്കുകയായിരുന്നു.
1946 ഓഗസ്റ്റ് 17 ന് ക്രമസമാധാനം, ധനകാര്യവകുപ്പുകള്‍ ഒഴികെയുളള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്ക് നല്‍കുമെന്ന് മഹാരാജാവ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് സഹോദരന്‍ അയ്യപ്പന്‍, ടി കെ നായര്‍, പനമ്പിളളി ഗോവിന്ദമേനോന്‍, സി ആര്‍ ഇയ്യുണ്ണി എന്നിവരംഗങ്ങളായി മന്ത്രിസഭ നിലവില്‍ വന്നു. പിന്നീട് ക്രമസമാധാനവും ജനകീയ മന്ത്രിസഭക്ക് നല്‍കി. തൊഴില്‍ തര്‍ക്കങ്ങളിലും ജനകീയ സമരങ്ങളിലും ആഭ്യന്തര മന്ത്രി ടി കെ നായര്‍ പോലീസിനെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മറ്റു മൂന്ന് മന്ത്രിമാരും മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും താമസിയാതെ രാജാവ് കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്തു.
പ്രായപൂര്‍ത്തി വോട്ടവകാശത്തോടെ 1948 ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാണ് രാജാവ് കൗണ്‍സില്‍ പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം ഭൂരിപക്ഷം നേടി. ഇക്കണ്ടവാര്യര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പനമ്പളളി, സഹോദരന്‍, സി എ ഔസേഫ് എന്നിവരായിരുന്നു ക്യാബിനറ്റിലെ മറ്റംഗങ്ങള്‍. 1949 ജൂലൈ ഒന്നിന് കൊച്ചി തിരുവിതാംകൂര്‍ സംയോജനത്തെ തുടര്‍ന്ന് കൊച്ചി നിയമസഭ കൗണ്‍സില്‍ അംഗങ്ങള്‍ തിരുകൊച്ചി നിയമ സഭയിലെ അംഗങ്ങ(എം എല്‍ എ)ളായി. ടി കെ നാരായണപിളള നേതാവും കൊച്ചിയിലെ നാല് മന്ത്രിമാരുള്‍പ്പെടെ ഒമ്പതംഗ മന്ത്രിസഭയാണ് തിരുകൊച്ചിയില്‍ നിലവില്‍ വന്നത്.