Connect with us

Kerala

സിപിഎം-സിപിഐ ഉഭയകഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സി.പി.എംസി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ലെന്നും ചര്‍ച്ച തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതിന് ജയസാധ്യതയുള്ള സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ ആവശ്യപ്പട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് സിപിഎമ്മും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യ ഘട്ട ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ക.എന്‍. ബാലഗോപാലും ടി.എന്‍. സീമയും സ്ഥാനമൊഴിയുന്ന രണ്ട് സീറ്റില്‍ എം.എല്‍.എമാരുടെ എണ്ണം വെച്ച് ഒരാളെ വിജയിപ്പിക്കാനേ എല്‍.ഡി.എഫിന് കഴിയൂ. അതിനാലാണ് ഈ സീറ്റ് സി.പി.എം ആവശ്യപ്പെടുന്നത്. സീറ്റ് ലഭിച്ചാല്‍ കൊല്ലം ജില്ലയിലെ നേതാവ് പി. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.
ഇരു കൂട്ടരും തങ്ങളുടെ നിലപാടുകളിലുറച്ചു നിന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചയും വിഫലമായത്. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കണമെന്നുള്ള സിപിഐയുടെ ആവശ്യവും സിപിഎം അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്. അതേസമയം, ഇരുകക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.