Connect with us

Kerala

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് വ്യാപക നെല്‍വയല്‍ നികത്തലിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം:നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം അട്ടമറിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പായി വ്യാപകമായി നെല്‍വയല്‍ നികത്താന്‍ സര്‍ക്കാര്‍ നീക്കം. ഏകദേശം 425 ഏക്കറോളം വരുന്ന നെല്‍വയലുകളാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പായി നികത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കുമരകം മെത്രാന്‍ കായലും എറണാകുളത്തെ കടമക്കുടിയിലുള്ള നിലങ്ങളും നികത്താന്‍ അനുമതി നല്‍കുന്നതാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

കുട്ടനാട്ടില്‍ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളത്ത് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47 ഏക്കര്‍ നെല്‍വയലും നികത്താന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഈ മാസം ഒന്നിന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടി 34 സബ്‌സിഡിയറി കമ്പനികളുടെ പേരില്‍ കുമരകം വില്ലേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന്‍ കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേ നമ്പര്‍ 362നും 403നും ഇടയിലുള്ള 378 ഏക്കര്‍ നിലമാണ് 2007- 08 കാലത്ത് കമ്പനി വാങ്ങിക്കൂട്ടിയത്. ഇതിനു ശേഷം ഇവിടെ കൃഷി ചെയ്യാന്‍ കമ്പനി അനുവദിച്ചിരുന്നില്ല. 2009ല്‍ ഇവിടെ കുമരകം ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതി നടപ്പാക്കാന്‍ കമ്പനി എല്‍ ഡി എഫ് സര്‍ക്കാറിനെ സമീപിച്ചു. അഞ്ച് തവണ അപേക്ഷ നല്‍കിയിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പദ്ധതിക്കാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പ് റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. പരിസ്ഥിതിക്ക് ആഘാതമമേല്‍പ്പിക്കുന്ന പദ്ധതി അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് അന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
എന്നാല്‍, പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ കമ്പനിയുടെ അവകാശവാദം. ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി യു ഡി എഫ് സര്‍ക്കാറിനെ സമീപിച്ചത്. റവന്യൂ വകുപ്പിന്റെ ഉത്തരവിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്ന് വ്യക്തമാക്കുന്നു. ഇപ്പോള്‍ ഇവിടെ നെല്‍കൃഷിയില്ല. പദ്ധതി വന്നാല്‍ അത് ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2,200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് ആഗോള പ്രശസ്തി നേടിത്തരുമെന്നാണ് സര്‍ക്കാര്‍ വാദം.
മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് കടമക്കുടിയില്‍ നെല്‍പ്പാടം നികത്തുന്നത്. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായാണ് ഇവിടുത്തെ വയല്‍ നികത്തല്‍. ആയിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ഏഴായിരം പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സ്വകാര്യ സംയുക്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈടെക് പാര്‍ക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ പൊതു ആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ വയല്‍ നികത്താമെന്നും ഉത്തരവിലൂടെ റവന്യൂ വകുപ്പ് വാദിക്കുന്നു.
അതേസമയം, വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി. വിഷയത്തില്‍ ഇടപെട്ട കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനോട് വിശദീകരണം തേടി. ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടിക്കുള്ള ശക്തമായ അതൃപ്തി റവന്യൂ മന്ത്രിയെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അതേസമയം, വിവാദ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രതികരണം.

Latest