ഇ പി എഫ് നികുതി തീരുമാനം പിന്‍വലിച്ചേക്കും

Posted on: March 6, 2016 6:15 am | Last updated: March 6, 2016 at 11:01 am

epfന്യൂഡല്‍ഹി:ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) നിക്ഷേപ തുക പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര ധന മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടിയും ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും ഈ വര്‍ഷത്തെ ബജറ്റില്‍ കൊണ്ടുവന്ന നിര്‍ദേശം പിന്‍വലിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റിലും നിലപാട് സ്വീകരിച്ചിരുന്നു. ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നത്.
നികുതി നിര്‍ദേശം പുനഃപരിശോധിക്കണമെന്നും ഇതുസംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാനും വ്യക്തത വരുത്താനും അരുണ്‍ ജെയ്റ്റ്‌ലിയോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആവശ്യം ധനമന്ത്രാലയം പരിഗണിച്ച ശേഷം അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ വിശദീകരിച്ചേക്കും. ഇ പി എഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ അറുപത് ശതമാനത്തിന് പലിശ ഏര്‍പ്പെടുത്താനായിരുന്നു ബജറ്റില്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് നികുതി ബാധകമാകുന്നത്.
ഇതിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു. നിലവില്‍ ഇ പി എഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകക്ക് നികുതി ഈടാക്കില്ലെന്നായിരുന്നു വിശദീകരണം. പ്രതിമാസം 15,000 രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമേ നികുതി നിര്‍ദേശം ബാധകമാകൂവെന്നും ഈ വര്‍ഷം ഒന്നിനു ശേഷം നിക്ഷേപിക്കുന്ന തുക പിന്നീട് പിന്‍വലിക്കുമ്പോള്‍ അതിലെ അറുപത് ശതമാനത്തിന്റെ പലിശക്ക് മാത്രമേ നികുതി ഈടാക്കൂവെന്നുമായിരുന്നു റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഏകദേശം അറുപത് ലക്ഷം തൊഴിലാളികളാണ് ഈ പരിധിയില്‍ വരിക.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്) ആദായ നികുതിയില്‍ നിന്ന് പൂര്‍ണമുക്തമായിരിക്കുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്ര ധനമന്ത്രാലയം ഒന്നാം തീയതി പുറത്തിറക്കിയ, 11 ഇനങ്ങള്‍ ഉള്‍പ്പെട്ട വിശദീകരണത്തില്‍ എവിടെയും അറുപത് ശതമാനത്തിന്റെ പലിശക്ക് മാത്രമേ ആദായനികുതി ബാധകമാകൂവെന്ന് പറയുന്നില്ല. ഇ പി എഫ് നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ 80 സി പ്രകാരമുള്ള ഇളവ് തുടരുമോയെന്നും വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിന്‍വലിക്കുമ്പോഴും ആദായ നികുതി ബാധ്യതയില്ലായിരുന്നു. 2016-17 ബജറ്റ് നിര്‍ദേശപ്രകാരം ഇ പി എഫ് നിക്ഷേപം പിന്‍വലിക്കുമ്പോഴുള്ള മൂലധന നേട്ടത്തിനാണ് ഭാഗികമായി നികുതി ബാധ്യത വരുക. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയുടെ അറുപത് ശതമാനം പലിശ തുകയില്‍ നിന്ന് നികുതി നല്‍കണമെന്നാണ് ബജറ്റിലെ നിര്‍ദേശം.