മലപ്പുറം ഗവ. വനിതാ കോളജ് ഉദ്ഘാടനം ചെയ്തു

Posted on: March 5, 2016 10:41 am | Last updated: March 5, 2016 at 10:41 am
SHARE

മലപ്പുറം: മലപ്പുറം ഗവ. വനിതാ കോളജിന്റെ ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
പാണക്കാട് ഇന്‍കെല്‍ എജു സിറ്റിയില്‍ വ്യവസായ വകുപ്പ് വിട്ടുനല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് മൂന്ന് കോടി ചെലവിലാണ് കോളജ് നിര്‍മിക്കുന്നത്. നാല് പുതിയ കോഴ്‌സുകൂടി അനുവദിക്കണമെന്ന പി ഉബൈദുല്ല എം എല്‍ എയുടെ ആവശ്യത്തിന് ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കേരളത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഇതില്‍ മലപ്പുറത്തെ ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി എച്ച് മുഹമ്മദ് കോയ മുതല്‍ അബ്ദുര്‍റബ്ബ് വരെ ജില്ലയില്‍ നിന്നുള്ള വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരുടെ ഇടപെടലുകളും ജനപ്രതിനിധികളുടെ സമ്മര്‍ദ്ദവും ഇതിനു പിന്നിലുണ്ട്.
നാടിന്റെ പൊതുവായ ഗുണത്തിനുള്ള ഈ വിദ്യാഭ്യാസ പുരോഗതി നിലനിര്‍ത്തുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ട് പോവുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിച്ചു. വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. പി ഉബൈദുല്ല എം എല്‍ എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, പുല്ലാണി സൈത്, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, സെനറ്റ് അംഗം ടി വി ഇബ്‌റാഹീം, ഇ മുഹമ്മദ് കുഞ്ഞി, ഗവ. വനിതാ കോളജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി മീര തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here