Connect with us

Wayanad

തൊഴിലുറപ്പ് പദ്ധതിയില്‍ 118 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ 2016-17 സാമ്പത്തിക വര്‍ഷം 118,40,00,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും ബ്ലേക്ക് പഞ്ചായത്തുകളും തയ്യാറാക്കിയ പ്രവൃത്തികള്‍ ക്രോഡീകരിച്ചാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ ലേബര്‍ബജറ്റിന് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിട്ടുളളത്. ഇതു പ്രകാരം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിനുളള പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അറിയിച്ചു. ചെറുകിട, പരിമിത കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിനായി 450 കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതികള്‍ക്കാണ് ജില്ലാപഞ്ചായത്ത് രൂപം നല്‍കിയിട്ടുളളത്. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി കൈവശത്തില്‍ ഉളളവരും, കൃഷി മുഖ്യ ജീവിതോപാധിയായവരുമായ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരം കുളങ്ങള്‍ ബലപ്പെടുത്തുന്നതിനുവേണ്ടി അരിക് ഭിത്തികള്‍ കയര്‍ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നതുമാണ്. ഇതിനാവശ്യമായ അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പറുടെ ശിപാര്‍ശയോടുകൂടി അതാതു ഗ്രാമപഞ്ചായത്തുകളിലാണ് നല്‍കേണ്ടത്.
ഇത്തരം കുളങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ മത്സ്യകൃഷി വ്യാപനസ്‌കീമില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് മുഖേന മത്സ്യകുഞ്ഞുങ്ങളേയും സൗജന്യമായി നിക്ഷേപിക്കുന്നതാണ്. മത്സ്യകൃഷിയിലൂടെ വര്‍ഷത്തില്‍ 10,000 രൂപയുടെ എങ്കിലും വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
വയനാടിന്റെ തനതുവിളയായ കാപ്പിയുടെ പുനരുദ്ധാരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തുന്നതിനുളള പദ്ധതികള്‍ക്കും ജില്ലാപഞ്ചായത്ത് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 25 ലക്ഷം കാപ്പിതൈകള്‍ ചെറുകിട -പരിമിതകര്‍ഷകര്‍കരുടെ കൃഷിയിടത്തില്‍ നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ റോബസ്റ്റ, സി ആര്‍ എന്നീ ഇനങ്ങളുടെ വിത്തുകള്‍ കോഫി ബോര്‍ഡ്മുഖേന ഇതിനകം ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കുന്ന നഴ്‌സറികളിലൂടെ ഉല്‍പാദിപ്പിക്കുന്ന കാപ്പിതൈകള്‍ ചെറുകിട-പരിമിത കര്‍ഷകന്റെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നട്ടുകൊടുക്കുന്നതോടൊപ്പം അടുത്ത മൂന്നു വര്‍ഷം അവ സംരക്ഷിക്കുന്നതിനുളള തുടര്‍ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കും. ഇതോടൊപ്പം കുറഞ്ഞത് 500 തെങ്ങിന്‍ തൈകളെങ്കിലും ഓരോ പഞ്ചായത്തിലും ഉത്പാദിപ്പിച്ച് കര്‍ഷകന് നട്ടുകൊടുക്കുന്ന പ്രവൃത്തികളും ഏറ്റെടുക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം നീക്കിവച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പിന്റെ സാമ്പത്തികസഹായത്തോടുകൂടി അഞ്ച് മാതൃകാ അങ്കണ്‍വാടികള്‍ ജില്ലയില്‍ നിര്‍മ്മിക്കും. വയനാടിന്റെ കായിക വികസനം ലക്ഷ്യമാക്കി ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കളി സ്ഥലങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടിവരുന്ന അധിക ധനസഹായം സംസ്ഥാന കായിക വകുപ്പില്‍ നിന്നും ലഭിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കളിസ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പട്ടിക വര്‍ഗ മേഖലയെ ലക്ഷ്യമാക്കി കാട്ടുനായ്ക്ക, പണിയ, അടിയ കോളനികളുടെ വികസനത്തിന് അടുത്തവര്‍ഷം അഞ്ച് കോടി രൂപ ചെലവഴിക്കും. കോളനികള്‍ക്കുളളിലെ കോണ്‍ക്രീറ്റ് റോഡുകള്‍, നടപ്പാതകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനാണ് ഈ തുക ചെലവഴിക്കുക.
കോളനികള്‍ക്കുളളിലെ നടവഴികള്‍ ടൈലുകള്‍ പാകി വൃത്തിയാക്കുന്ന പ്രവൃത്തികളും ഇതോടനുബന്ധിച്ച് ഏറ്റെടുക്കും. ജില്ലയിലെ 94,000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് 40,16,000 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടുകൂടിയാണ് 2016-17ലെ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിന് അംഗീകാരം നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ്പ്രസിഡന്റ് പി കെ അസ്മത്ത് എന്നിവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest