നൂറോളം തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചെന്ന്; ജനകീയ കൂട്ടായ്മ തിങ്കളാഴ്ച പ്രതിഷേധിക്കും

Posted on: March 5, 2016 10:37 am | Last updated: March 5, 2016 at 10:37 am

പൊഴുതന: അച്ചൂര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് നൂറോളം തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ഇന്നലെ അച്ചൂര്‍, പാറക്കുന്ന്, പെരിങ്കോട,കല്ലൂര്‍,, അച്ചൂര്‍ ഫാക്ടറി എന്നിവിടങ്ങളിലാണ് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചത്. ജോലി നിഷധിച്ച തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഈ സ്ഥലങ്ങളില്‍ സി ഐ ടി യു അക്രമ സമരങ്ങള്‍ നടത്തുകയാണെന്നും ഇതിന്റെ പേരില്‍ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് മാനേജ്‌മെന്റ് ജോലിക്ക് വരുന്നവര്‍ക്ക് ജോലി നിഷേധിക്കുന്നതെന്നും എസ് ടി യു, ഐ എന്‍ ടി യു സി നേതാക്കള്‍ ആരോപിച്ചു. ഈ നിലപാട് അനുവദനീയമല്ലെന്നും ജോലിക്കെത്തുന്നവര്‍ക്ക് ജോലിയും കൂലിയും നല്‍കണമെന്നും അവര്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഈ പ്രശ്‌നം ഉയര്‍ത്തി പിടിച്ച് ഈ മാസം ഏഴിന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊഴുതന ടൗണില്‍ ജനകീയ കൂട്ടായ്മ നടത്തി പ്രതിഷേധിക്കും. ജോലിക്ക് പോയവര്‍ക്ക് കൂലിക്കായി കോടതിയെ സമീപിക്കാനും തീരുമാനിച്ചു. എസ് ടി യു ജനറല്‍ സെക്രട്ടറി സി മമ്മി, ഐ എന്‍ ടി യു സി ഏരിയ സെക്രട്ടറി ശശി അച്ചൂര്‍, എം പി അബ്ദുല്ല, എം ബീരാന്‍, സി അസൈനാര്‍, കെ എം റഹ്മാന്‍, ടി യൂസുഫ്, മുസ്തഫ അച്ചൂര്‍, ഷറഫുദ്ദീന്‍, ബഷീര്‍ കല്ലൂര്‍,കുട്ടിപ്പ, അഹമ്മദ്കുട്ടി,എന്‍ രാജന്‍, ജഷീര്‍ കെ, പി എം മുസ്തഫ,റംല പാറക്കുന്ന്,ജുമൈല അച്ചൂര്‍, റംല അച്ചൂര്‍ പ്രസംഗിച്ചു.