Connect with us

Gulf

ഡ്യൂട്ടി ഫ്രീ സാധനങ്ങളുടെ പരിധി ഉയര്‍ത്തി

Published

|

Last Updated

അബുദാബി: പ്രവാസികള്‍ കൊറിയറില്‍ നാട്ടിലേക്കയക്കുന്ന സാധനത്തിനുള്ള ഡ്യൂട്ടിഫ്രീ പരിധി 20,000 രൂപയായി ഉയര്‍ത്തി. കൊറിയര്‍ സര്‍വീസ് വഴി ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയക്കുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാണ് പുതിയ നിയമം. കൊറിയര്‍ സര്‍വീസ് വഴി ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയക്കുന്നതിനുള്ള ഡ്യൂട്ടിഫ്രീ പരിധി ഇതുവരെ 10,000 രൂപയായിരുന്നു.

ഇത് 20,000 രൂപയായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ധനകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായിരുന്നു. യു എസ് ഡോളറിന്റെ വിനിമയ നിരക്ക് 38 രൂപയായിരുന്ന സമയത്താണ് 10,000 രൂപ എന്ന പരിധി നിശ്ചയിച്ചത്. വിനിമയ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പരിധി ഉയര്‍ത്തണമെന്ന് കാര്‍ഗോ കമ്പനികളും പ്രവാസികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ കാര്‍ഗോ പ്രതിനിധി സംഘം ഈ ആവശ്യവുമായി ധനകാര്യമന്ത്രിയെ കണ്ടിരുന്നു.

കൊറിയര്‍ ആയി സാധനങ്ങള്‍ നാട്ടിലേക്കയക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. എന്നാല്‍ ഗള്‍ഫില്‍ നിന്നുള്ള ഡോര്‍ ടു ഡോര്‍ സര്‍വീസ് നേരിടുന്ന പ്രതിസന്ധി ഇനിയും പൂര്‍ണമായും പരിഹരിച്ചില്ല. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും ഇപ്പോഴും കൊറിയറില്‍ അയക്കുന്ന വസ്തുക്കള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

Latest