കേരളത്തില്‍ വോട്ടെടുപ്പ് മെയ് 16 ന്, ഫലപ്രഖ്യാപനം 19 ന്

Posted on: March 4, 2016 11:19 am | Last updated: March 5, 2016 at 10:53 am

naseem seydi

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ മേയ് 19നാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും അസമില്‍ രണ്ട് ഘട്ടങ്ങളായും വോട്ടെടുപ്പ് നടക്കുമ്പോള്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഇന്ന് മുതല്‍ 77 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 29 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. 30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി മെയ് രണ്ട് വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരം നല്‍കും. 2.56 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ വോട്ടെടുപ്പിനായി 21,498 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കുക. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും പശ്ചിമ ബംഗാള്‍-294, തമിഴ്‌നാട്- 234, പുതുച്ചേരി- 30, അസം-126 എന്നിവ ഉള്‍പ്പടെ 824 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലായി പതിനേഴ് കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്.
ശാരീരിക പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഇത്തവണ പ്രത്യേക സൗകര്യമൊരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ മുഴുവന്‍ മണ്ഡലങ്ങളിലും മോഡല്‍ ബൂത്തുകള്‍ ക്രമീകരിക്കും. പത്രിക നല്‍കുന്നതിന് പത്ത് ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. വോട്ടര്‍മാരുടെ ചിത്രം പതിപ്പിച്ച സ്ലിപ്പുകള്‍ ലഭ്യമാക്കും. ഓരോ ജില്ലയിലും അഞ്ച് നിരീക്ഷകരെ വീതം ഏര്‍പ്പെടുത്തും. നിരീക്ഷണ വാഹനങ്ങളില്‍ ജി പി എസ് സംവിധാനവും ഒരുക്കും. വോട്ടിന് രസീത് കിട്ടുന്ന 18,000 മെഷീനുകള്‍ ഉപയോഗിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
ആറ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച പശ്ചിമ ബംഗാളില്‍ ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ നാല്, 11 തീയതികളില്‍ യഥാക്രമം 18, 31 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 17ന് 56 മണ്ഡലങ്ങളിലും മൂന്നാം ഘട്ടം ഏപ്രില്‍ 25ന് 49 മണ്ഡലങ്ങളിലും നാലാം ഘട്ടം ഏപ്രില്‍ 30ന് 53 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടം 31ന് 62 മണ്ഡലങ്ങളിലും ആറാം ഘട്ടം മെയ് അഞ്ചിന് 25 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. അസമില്‍ ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ നാലിന് 65 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 11ന് 61 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി മെയ് 16ന് ജനങ്ങള്‍ വിധിയെഴുതും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ സേവനം ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് സേനാവിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്.