മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ഹസന്‍

Posted on: March 4, 2016 9:12 am | Last updated: March 4, 2016 at 9:12 am

MM HASANകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. തിരുവനന്തപുരത്താണ് തന്റെ രാഷ്ട്രീയ ജീവിതം. അതിനാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കായംകുളം മണ്ഡലത്തില്‍ നിന്നും താന്‍ മത്സരിച്ചു ജയിച്ചതാണ്്. ഇവിടെ ഒരു തവണ കൂടി മത്സരിക്കാന്‍ വിരോധമില്ല. കഴിഞ്ഞ തവണ ഇടത് മുന്നണി മത്സരിച്ചു ജയിച്ച സീറ്റില്‍ മത്സരിക്കാനും തനിക്ക് വിരോധമില്ല. ഏത് തരത്തിലുള്ള പിളര്‍പ്പുണ്ടായാലും അതിനെ അതിജീവിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ശക്തിയുണ്ട്. മാണിയുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ല. എതിര്‍പ്പു പ്രകടിപ്പിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മാണിയും ജോസഫും ചേര്‍ന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
അരൂരില്‍ നടന്‍ സിദ്ദിഖിന്റെ പേര് സാധ്യതാ ലിസ്റ്റില്‍ ഇല്ല. അക്കാര്യം ഡി സി സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. നടന്‍ ജഗദീഷിന്റെ പേര് സാധ്യതാ ലിസ്റ്റില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പുതുമുഖങ്ങള്‍ വരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ പാടെ ഒഴിവാക്കാനുമാവില്ല. വിജയ സാധ്യത കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൂട്ടായി തന്നെ കോണ്‍ഗ്രസ് നേരിടുമെന്നും എം എം ഹസന്‍ പറഞ്ഞു.