വിദ്യാലയങ്ങള്‍ സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലാക്കുമെന്ന് അഡെക്

Posted on: March 3, 2016 3:09 pm | Last updated: March 3, 2016 at 3:09 pm

ADECഅബുദാബി:എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലാക്കുമെന്ന് അഡെക് (അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍) അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൊതുവിദ്യാലയങ്ങളിലും സുരക്ഷാ ക്യാമറ സ്ഥാപിക്കുമെന്നാണ് അഡെക് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് നടപടി. നിലവില്‍ 138 വിദ്യാലയങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 73 പൊതുവിദ്യാലയങ്ങള്‍ സി സി ടി വി ക്യാമറ സ്ഥാപിക്കും. 49 വിദ്യാലയങ്ങളില്‍ ക്യാമറയുണ്ടെങ്കിലും അവക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

2013 നവംബറിലാണ് സി സി ടി വി ക്യാമറകള്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപിച്ചു തുടങ്ങിയത്. വിദ്യാലയങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഉള്‍പെടെയുള്ളവക്ക് ഇതിലൂടെ പരിഹാരം കാണാനാകും. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാക്കുക, ദേഹോപദ്രവം ഏല്‍പിക്കുക തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായാല്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്ന് കുറ്റക്കാരെ കണ്ടെത്താനും സാധിക്കും.
ക്യാമറ നിര്‍ബന്ധമാക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ലെന്നും കുട്ടികള്‍ക്കിടയില്‍ പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്കിടയിലെ അക്രമ വാസനക്ക് തടയിടാനാണ് നടപടിയെന്നും അഡെക് അധികൃതര്‍ വിശദീകരിച്ചു. പുറത്തുനിന്ന് ആരെങ്കിലും സ്‌കൂളില്‍ അനധികൃതമായി പ്രവേശിച്ചാലും സി സി ടി വി ക്യാമറ വഴി ആളെ തിരിച്ചറിയാനാകും. മോശമായ പെരുമാറ്റം ഉള്‍പെടെയുള്ളവ ഇതിലൂടെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡെക് വിര സാങ്കേതിക വിഭാഗം അധികൃതര്‍ പറഞ്ഞു.
സ്‌കൂളിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും ക്യാമറകള്‍ സഹായകമാകും. കരുതിക്കൂട്ടി വിദ്യാലയത്തിന്റെ വസ്തുവകകള്‍ നശിപ്പിക്കുക, മോഷ്ടിക്കുക എന്നിവക്കും സുരക്ഷാ ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അറുതിയാവും. ആറു മാസത്തോളം റിക്കാര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്.
138 വിദ്യാലയങ്ങളിലായി 9,300 ക്യാമറകളാണ് അഡെകിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടെ ഇടനാഴികള്‍, കോണികള്‍, മൈതാനം, കായിക വിനോദങ്ങള്‍ക്കുള്ള മുറികള്‍, വിദ്യാലയത്തിന്റെ പരിസരങ്ങള്‍, ബസുകള്‍ എന്നിവിടങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അബുദാബി പോലീസ്, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് അഡെക് ക്യാമറകള്‍ സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം സുരക്ഷാ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതക്ക് ഭീഷണിയാകുമോയെന്ന ആശങ്കയും ചില രക്ഷിതാക്കളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. തന്റെ രണ്ട് പെണ്‍കുട്ടികള്‍ മുസഫ്ഫയിലെ പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്നും ക്യാമറ സ്ഥാപിക്കുന്നതിന് താന്‍ എതിരാണെന്നും കുട്ടികളുടെ മാതാവ് പ്രതികരിച്ചു.
ക്യാമറയില്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ പതിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു. തന്റെ ആശങ്ക അധികൃതരെ അറിയിച്ചെന്നും കുട്ടികളുടെ സുരക്ഷക്കായാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയതായും മാതാവായ നൂറ അല്‍ മത്‌റൂഷി വിശദീകരിച്ചു.