ചിലരുടെ അപകര്‍ഷതാബോധം പാര്‍ലമെന്റ് നടപടികളെ തടസ്സപ്പെടുത്തുന്നു: പ്രധാനമന്ത്രി

Posted on: March 3, 2016 2:55 pm | Last updated: March 4, 2016 at 11:14 am

MODIന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലരുടെ അപകര്‍ഷതാബോധം പാര്‍ലമെന്റ് നടപടികളെ തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളാണ് രാജ്യത്ത് ദാരിദ്ര്യത്തിന്റെ വിത്ത് പാകിയത്. അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെപ്പോലും പിഴുതെറിയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി നമ്മുടെ വിജയത്തിന്റെ അടയാളമല്ലെന്ന് നാം സമ്മതിക്കണം. 60 കൊല്ലം കൊണ്ട് കോണ്‍ഗ്രസ് പാവപ്പെട്ടവരെ സഹായിച്ചിരുന്നെങ്കില്‍ ഇന്നവര്‍ക്ക് ഈ ബുദ്ധിമുട്ട് വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭ തടസ്സപ്പെടുത്തരുതെന്ന രാഷ്ട്രപതിയുടെ ഉപദേശം പാലിക്കണം. ബില്ലുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ചരക്ക് സേവന നികുതി ബില്ല് കോണ്‍ഗ്രസ് കൊണ്ട് വന്നതാണ്. എന്നിട്ടും ഇപ്പോള്‍ അതിനെ തടസ്സപ്പെടുത്തുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ നിങ്ങള്‍ എതിര്‍ക്കുന്നു, എന്നാല്‍ ഈ പദ്ധതി രാജ്യത്തിന് വേണ്ടിയുള്ളതാണ്. പോരായ്മകളുണ്ടാകാം. അത് നമുക്ക് ചര്‍ച്ച ചെയ്യാം. എന്റെ അഭിപ്രായങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാന്‍ താന്‍ തയ്യാറാണ്, പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല, ആദ്യമായി ലോക്‌സഭയില്‍ എത്തിയ ഒരാളെന്ന നിലയ്ക്കാണ് താന്‍ സംസാരിയ്ക്കാനാഗ്രഹിയ്ക്കുന്നത്. ഞാന്‍ പാര്‍ലമെന്റില്‍ താരതമ്യേന പുതിയ ആളാണ്. നിങ്ങള്‍ അനുഭവ പരിചയമുള്ളവരാണ്. എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബില്ലുകള്‍ പാസാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് പാസാക്കിയെടുക്കാന്‍ എം.പിമാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സഭയിലെ ചര്‍ച്ചകള്‍ തയസ്സപ്പെടുത്തുന്നത് വിപരീത ഫലമാണുണ്ടാക്കുക. പാര്‍ലമെന്റ് തടസപ്പെട്ടാല്‍ ഏറ്റവുമധികം നഷ്ടം പ്രതിപക്ഷത്തിനാണ്. അവര്‍ക്ക് വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിയ്ക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെടുന്ന ഇടമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന് പ്രതിരോധിയ്‌ക്കേണ്ടിയും വരും. ജനപ്രതിനിധികള്‍ക്ക് ആശയങ്ങള്‍ പങ്ക് വെക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് പാര്‍ലമെന്റ് ഇത് തന്റെ വാക്കുകളല്ല മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ പാസ്സാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷ്യ സുരക്ഷ നിയമം കൊണ്ട് വന്നിട്ടില്ലന്നും മോദി വ്യക്തമാക്കി.