Connect with us

National

ഇസ്രത്ത് ജഹാന്‍ കേസ് വ്യാജ ഏറ്റുമുട്ടല്‍ തന്നെ: അന്വേഷണ ഉദ്യോഗസ്ഥന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വെളിപ്പെടുത്തലുമായി സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ രംഗത്ത്. ഇസ്രതിന് ലഷ്‌കര്‍ ബന്ധമുണ്ട് എന്ന ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും സി.ബി.ഐ അന്വേഷണത്തിന് നേതൃത്വം നല്‍കിയ സതീഷ് വര്‍മ. ഇസ്രതിനേയും മറ്റ് മൂന്ന് പേരെയും പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുകയായിരുന്നുവെന്ന് സതീഷ് വര്‍മ വ്യക്തമാക്കി. ഇസ്രത്ത് ജഹാനെയും സംഘത്തെയും ഇവര്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഐബി കസ്റ്റഡിയിലെടുത്തിരുന്നതായി സിബിഐയുടെ അന്വഷണത്തില്‍ തെളിഞ്ഞിരുന്നു. ഇവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും വെടിവച്ചുകൊല്ലുകയുമായിരുന്നെന്ന് സതീഷ് വര്‍മ പറഞ്ഞു. ഇസ്രത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ആളാണ് സതീഷ് വര്‍മ.

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഭീകരവാദിയാണെന്നത് സത്യവാങ്മൂലത്തില്‍ നിന്നൊഴിവാക്കിയത് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരമാണെന്ന് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ളയും അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ്. മണിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആദ്യ സത്യവാങ്മൂലം തിരുത്താന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്നും സതീഷ് വര്‍മ്മ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശാരീരികമായടക്കം തന്ന പീഡിപ്പിച്ചുവെന്നും ആര്‍.വി.എസ് മണി ആരോപിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറിയായിരുന്ന തന്നോടാലോചിക്കാതെ ചിദംബരം സത്യവാങ്മൂലം മാറ്റിയെഴുതുകയായിരുന്നു എന്നാണ് ജി.കെ. പിള്ള വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യം നല്‍കിയ സത്യവാങ്മൂലം ഗുജറാത്ത് പൊലീസ് നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും തിരുത്തിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളാണ് നൂറ് ശതമാനവും സത്യമായിട്ടുള്ളതെന്നും ചിദംബരം മറുപടി നല്‍കി. 2004 ജൂണ്‍ 15 നാണ് ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ എത്തിയ തീവ്രവാദികളാണെന്ന പേരിലാണ് കൊലപ്പെടുത്തിയത്.

---- facebook comment plugin here -----

Latest