ബി ജെ പി സ്ഥാനാര്‍ഥിപട്ടിക അഞ്ചിന്

Posted on: March 3, 2016 1:01 am | Last updated: March 3, 2016 at 1:01 am

bjp-flag.jpg.image.576.432തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പടി മുന്നിലായി നേതാക്കളുടെ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുത്ത് ബി ജെ പി. ഇന്നലെ ചേര്‍ന്ന ബി ജെ പി കോര്‍കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്നു വിട്ടു നില്‍ക്കുമെന്നാണ് സൂചന. താന്‍ മത്സരിക്കാനില്ലെന്ന് ഇന്നലെ നടന്ന സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
രാജഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് സാധ്യത. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനു ശേഷം രാജഗോപാല്‍ മത്സരിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ കുമ്മനം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും പി എസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരും മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കും എന്നാണ് ധാരണയായിട്ടുള്ളത്. എം ടി രമേശ് കോഴിക്കോട് നോര്‍ത്തില്‍ നിന്നും സി കെ പത്മനാഭന്‍ കുന്ദമംഗലത്തു നിന്നും ശോഭ സുരേന്ദ്രന്‍ കൊടുങ്ങല്ലൂരോ പാലക്കാടോ, കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മത്സരിക്കുമെന്നുമാണ് സൂചന. എന്നാല്‍ രാജഗോപാലിനെ മത്സര രംഗത്തു നിലനിര്‍ത്തണം എന്നുതന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം. പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അഭിപ്രായ ക്രോഡീകരണത്തിന് ശേഷം കേന്ദ്ര നേതൃത്വത്തിന്റേയും അഭിപ്രായം പരിഗണിച്ച ശേഷമേ രാജഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. രാജഗോപാലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്നലെ കോര്‍ കമ്മറ്റി യോഗത്തില്‍ ഉണ്ടായി. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെപ്പറ്റി കോര്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്.
ബി ജെ പിക്ക് മേല്‍ക്കൈയുള്ള 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ഈ മാസം അഞ്ചിന് പൂര്‍ത്തിയാകും. 100 സീറ്റിലെങ്കിലും മത്സരിക്കാനാണ് ബി ജെ പി തയ്യാറെടുക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം സ്വീകരിച്ചു പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ പട്ടികയാണ് ഇന്നലെ കോര്‍ കമ്മിറ്റി പരിഗണിച്ചത്. അടുത്ത ദിവസം ചേരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടികക്ക് അന്തിമ രൂപം നല്‍കും. അതിനു ശേഷം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിക്കായി അയക്കും. അതേസമയം പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്ന സിനിമാ താരം സുരേഷ് ഗോപി, ഏറെക്കാലത്തിനു ശേഷം പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയ പി പി മുകുന്ദന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസുമായി ഡല്‍ഹിയില്‍ അമിത് ഷായുടെ ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ബി ഡി ജെ എസുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ബി ഡി ജെ എസാണു നിലപാടു വ്യക്തമാക്കേണ്ടത് എന്നാണു കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായ േശഷം ബി ഡി ജെഎസിനു നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ചും തീരുമാനമുണ്ടാകേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ സാധിക്കൂ എന്നതിനാല്‍ക്കൂടിയാണു പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്ന 20 മണ്ഡലങ്ങളുടെ കാര്യം ആദ്യം പരിഗണിക്കുന്നത്.