Connect with us

Editorial

രാജ്യദ്രോഹക്കുറ്റ നിയമം പൊളിച്ചെഴുതുമ്പോള്‍

Published

|

Last Updated

രാജ്യദ്രോഹക്കുറ്റ നിയമം പുനഃപരിശോധനക്ക് വിധേയമാക്കുകയാണ് മോദി സര്‍ക്കാര്‍. 124-എ വകുപ്പ് ഏറെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഭേദഗതി നീക്കമെന്ന് ആഭ്യന്തരമന്ത്രി പാര്‍ലിമെന്റില്‍ പറയുകയുണ്ടായി. രാജ്യദ്രോഹക്കുറ്റത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നേരത്തെ ശക്തമാണെങ്കിലും ജെ എന്‍ യു പ്രശ്ത്തില്‍ കോടതിയില്‍ നിന്ന് ഡല്‍ഹി പോലീസിന് കേള്‍ക്കേണ്ടി വന്ന രൂക്ഷ വിമര്‍ശമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്‍ഹയ്യകുമാറിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പോലീസ് നടപടിയോട് പ്രതികരിക്കവെ ഈ നിയമത്തിന്റെ അര്‍ഥമെന്തെന്നറിയാമോ എന്ന കോടതിയുടെ ചോദ്യം പോലീസിനും സര്‍ക്കാറിനുമേറ്റ കനത്ത ആഘാതമായിരുന്നു.
രാജ്യത്തിന് എതിരായ കുറ്റങ്ങളെ നിര്‍വചിക്കുകയും ശിക്ഷ കല്‍പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം അറാം അധ്യായത്തിലെ 121 മുതല്‍ 130 വരെയുള്ള വകുപ്പുകളിലാണ് രാജ്യദ്രോഹക്കുറ്റം വിവരിക്കുന്നത്. ഇക്കൂട്ടത്തില്‍ 124- എ വകുപ്പാണ് ഏറെ ദുരുപയോഗം ചെയ്യുന്നതും വിവാദമായതും. വാക്ക് കൊണ്ടോ ചിഹ്നങ്ങള്‍ കൊണ്ടോ സര്‍ക്കാറിനെ നിന്ദിക്കുകയോ അവജ്ഞക്കോ നിന്ദക്കോ വിധേയമാക്കുകയോ ചെയ്യുന്നതാണ് ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ വിധിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാമെന്നതാണ് ഈ വകുപ്പിന്റെ വലിയ ന്യൂനത. സര്‍ക്കാറിന്റെ തെറ്റായ നിലപാടുകളെ വിമര്‍ശിക്കുന്നത് പോലും ഇതുപ്രകാരം അവമതിപ്പായി വ്യാഖ്യാനിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്താം. അത്തരം സംഭവങ്ങള്‍ രാജ്യത്ത് നിരവധി ഉണ്ടായിട്ടുമുണ്ട്. ജയലളിത സര്‍ക്കാറിനെ വിമര്‍ശിച്ചതിന് സമീപകാലത്ത് തമിഴ്‌നാട്ടിലെ നാടന്‍ പാട്ടുകാരന്‍ കോവനെയും അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് മുംെബെയിലെ അസീം ത്രിവേദിയെയും അറസ്റ്റ് ചെയ്തതും ഛത്തീസ്ഗഢില്‍ ദരിദ്രര്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ബിനായക് സെന്നിനെ ജില്ലാ കോടതി ശിക്ഷിച്ചതും ഈ വകുപ്പ് ഉപയോഗപ്പെടുത്തിയായിരുന്നല്ലോ. തിരുവനന്തപുരത്തെ സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന ആറ് ചെറുപ്പക്കാര്‍ക്കെതിരെ കേസെടുക്കുകയും സല്‍മാനെന്നയാളെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്ത സംഭവവും ഈ ഗണത്തില്‍ പെട്ടതാണ്. ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കില്‍ രാജ്യത്തിന് വിനാശകരമായ ആക്രമണങ്ങള്‍ക്ക് അയാള്‍ പ്രേരിപ്പിച്ചുവെന്നതിന് വ്യക്തമായ തെളിവ് വേണമെന്ന് സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഈ സംഭവങ്ങളിലെല്ലാം അത് പാടേ അവഗണിക്കുകയായിരുന്നു.
ബ്രിട്ടീഷ് കോളോണിയന്‍ വാഴ്ചക്കാലത്തെ രാജ്യദ്രോഹക്കുറ്റ നിയമങ്ങളിലേത് തന്നെയാണ് സ്വാതന്ത്രാനന്തരം ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന വകുപ്പുകളേറെയും. സ്വതന്ത്ര്യ സമര സേനാനികളെ ലക്ഷ്യം വെച്ചാണ് ബ്രിട്ടീഷുകാര്‍ കുപ്രസിദ്ധമായ ഈ നിയമം നടപ്പിലാക്കിയത്. “അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ് ഈ വകുപ്പ്. നാം ആവിഷ്‌കരിക്കുന്ന ഒരു നിയമത്തിലും ഇതിന് ഇടം ലഭിക്കരുതെ”ന്നായിരുന്നു1956ല്‍ പാര്‍ലിമെന്റ് ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. എന്നിട്ടും ഇക്കാലമത്രയും ഈ നിയമം പൊളിച്ചെഴുതാന്‍ രാജ്യം ഭരിച്ച സര്‍ക്കാറുകളൊന്നും മുന്നോട്ടുവന്നില്ല. മാത്രമല്ല, സര്‍ക്കാറിനെയും പൊതുഅധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ എതിരാളികളെയും ദേശസ്‌നേഹികളെയും കല്‍ത്തുറുങ്കിലടച്ചു നിശ്ശബ്ദരാക്കാന്‍ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തു വന്നു.
124-എ വകുപ്പ് ഭരണഘടനയില്‍ തുടരുന്ന കാലത്തോളം വിമര്‍ശങ്ങളെ ഭയക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ മേധാവികളും ദുരുപയോഗം ചെയ്തു നിരപരാധികളെ പീഡിപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ഈ സാഹചര്യത്തില്‍ വകുപ്പ് പുനഃപരിശോധിക്കാനുള്ള തീരുമാനം എതിര്‍ക്കപ്പെടാവതല്ല. അതേസമയം, രാജ്യത്തെ ഒന്നാംതരം വര്‍ഗീയ ഫാസിസ്റ്റ് ശക്തിയായ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന മോദി സര്‍ക്കാറാണ് ഭേദഗതിക്ക് മുന്നിട്ടിറങ്ങിയതെന്നിരിക്കെ “വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന” അവസ്ഥ വരുമോ എന്ന സന്ദേഹം ഉയരുന്നുമുണ്ട്. ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് കോടതിയുടെ വിമര്‍ശം കേള്‍ക്കേണ്ടിവന്നതാണ് പുനരാലോചനക്കുള്ള പ്രേരകമെന്ന വസ്തുത മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ വിശേഷിച്ചും. മഹാത്മാ ഗാന്ധിയെ വധിച്ച ഗോദ്‌സെയെ നേതാവായി വാഴ്ത്തുകയും അയാളുടെ ജന്മദിനം ആഘോഷിക്കുകയും ഗാന്ധിജി വെടിയേറ്റു മരിച്ച ദിവസത്തില്‍ ലഡു വിതരണം നടത്തി ആഹഌദം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ രാജ്യദ്രോഹമോ ദേശവിരുദ്ധതയോ കാണാത്തവര്‍ രാജ്യദ്രോഹക്കുറ്റ നിയമം പൊളിച്ചെഴുതുമ്പോള്‍ ആശങ്കപ്പെടുക തന്നെ വേണം. ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍ഡക്ക് കരുത്ത് പകരാനുളള ഒരു വകുപ്പായി അത് മാറിക്കൂടാ. ജനാധിപത്യ മതേതര വിശ്വാസികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ സജീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Latest