റാസല്‍ ഖൈമയില്‍ 4,614 അനധികൃത താമസക്കാര്‍ പിടിയില്‍

Posted on: March 2, 2016 6:30 pm | Last updated: March 2, 2016 at 6:30 pm

arrestറാസല്‍ ഖൈമ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം 4,617 അനധികൃത താമസക്കാരെ പിടികൂടിയതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പോലീസിലെ പ്രത്യേക സംഘം നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ പിടികൂടിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 200 പരിശോധനകളാണ് അധികൃതര്‍ നടത്തിയത്.

വിസാ കാലാവധി തീര്‍ന്നിട്ടും പുതുക്കാതെ രാജ്യത്ത് തങ്ങുന്നവര്‍, സ്വന്തം തൊഴില്‍ ദാതാവല്ലാത്ത മറ്റൊരാളുടെ അടുത്ത് ജോലി ചെയ്യുന്നവര്‍, സന്ദര്‍ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ രാജ്യത്തെത്തി തൊഴിലിലേര്‍പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ തുടങ്ങിയ നിയമ ലംഘകരെയാണ് അധികൃതര്‍ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയത്.

അനധികൃത താമസക്കാര്‍ കാരണമായുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍, കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം എന്നിവക്കറുതി വരുത്താനാണ് ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെയുള്ള പരിശോധനകളും നടപടികളും കര്‍ശനമായി തുടരുമെന്നും അധികൃതരുടെ ‘സുരക്ഷിതമായ റാസല്‍ ഖൈമ’ എന്ന പദ്ധതിക്ക് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും പോലീസ് ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്ക് തൊഴില്‍, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നവരും നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.