ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Posted on: March 2, 2016 12:25 am | Last updated: March 2, 2016 at 12:25 am

DYFI-flag.svgതിരൂര്‍ (മലപ്പുറം): പതിമൂന്നാമത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് തുഞ്ചന്റെ മണ്ണില്‍ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എല്‍ എ പതാകയുയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. പൂങ്ങോട്ടുകുളത്തെ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലെ രോഹിത് വെമൂല നഗറിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുമുള്ള മനുഷ്യരുടെ ഉള്ള് തിരച്ചറിയുന്നതാകണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതവും ലഹരി വസ്തുക്കളുടെ ഉപയോഗവും സമൂഹത്തില്‍ ലഹരിയായി പടരുന്നു. ആളുകള്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്ന ഇടങ്ങളായി ആള്‍ദൈവങ്ങളുടെ കേന്ദ്രങ്ങള്‍ മാറുന്നു.
സമൂഹത്തിന്റെ ഇന്ധനം വ്യക്തിയാണ്. ഇന്ന് സാമൂഹിക ബോധത്തിന്റെയും ക്രിയാശേഷിയുടെയും മേഖലകളില്‍ നിന്ന് ആളുകള്‍ മാറിപ്പോകുന്നു. ആളുകള്‍ ദൈവങ്ങളിലേക്കും ഭക്തിപ്രസ്ഥാനങ്ങളിലേക്കും ഒഴുകുന്നതിന്റെ കാരണം ഡി വൈ എഫ് ഐ പോലെയുള്ള സംഘടനകള്‍ അന്വേഷിക്കണമെന്നും അത്തരം ഒഴുക്കുകളെ തടയാനുള്ള കെല്‍പ്പ് കാണിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ്പ്രസിഡന്റ്പി പി ദിവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജി, പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് നടന്ന ഒ എന്‍ വി സ്മൃതിസംഗമം എം എ ബേബി ഉദ്ഘാടനം ചെയ്തു. ഇന്ന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 5.30ന് ജെ എന്‍ യു ഐക്യദാര്‍ഢ്യവും മതനിരപേക്ഷ സെമിനാറും നടക്കും. വ്യാഴാഴ്ച പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.