ചടങ്ങിനെത്തിയപ്പോള്‍ സീറ്റ് നല്‍കിയില്ല; ജനപ്രതിനിധികള്‍ തറയിലിരുന്ന് പ്രതിഷേധിച്ചു

Posted on: March 2, 2016 12:09 am | Last updated: March 2, 2016 at 12:09 am
വേദിയില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്                പ്രസിഡന്റുള്‍പ്പടെയുള്ളവര്‍ തറയിലിരുന്ന് പ്രതിഷേധിക്കുന്നു.
വേദിയില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പടെയുള്ളവര്‍ തറയിലിരുന്ന് പ്രതിഷേധിക്കുന്നു.

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ഗവ. ഐടിഐ കെട്ടിടനിര്‍മാണ ശിലാസ്ഥാപനചടങ്ങില്‍ വിളിച്ചുവരുത്തി അപമാനിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. ഇന്നലെ ഉച്ച ക്ക് 11.30ന് കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് കോളജ് തറക്കല്ലിടല്‍ ചടങ്ങിലാണ് സംഭവം. മന്ത്രി ഷിബു ബേബി ജോണ്‍ ശിലാസ്ഥാപനകര്‍മം നടത്തുന്ന പരിപാടിയില്‍ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കെ.അച്യുതനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാധുരി പത്മനാഭന്‍, ബ്ലോക്ക് മെമ്പര്‍ വിമോചിനി, ജില്ലാ പഞ്ചായത്തംഗം ചിന്നസ്വാമി എന്നിവര്‍ പരിപാടിക്കെത്തിയെങ്കിലും വേദിയിലും സദസിലും ഇരിപ്പിടം ഉണ്ടായിരുന്നില്ല. സംഘാടകസമിതി ഭാരവാഹികള്‍ ജനപ്രതിനിധികളായ മൂവരേയും വേദിയിലേക്കു ക്ഷണിച്ചതുമില്ല. ഇതേ തുടര്‍ന്ന് മൂവരും വേദി്ക്കു മുന്നിലെ തറയിലിരുന്നു. ഇതോടെ ചടങ്ങ് ആകെ അലങ്കോലമായി. ഇവരെ അപമാനിച്ചെന്നുപറഞ്ഞ് നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജനപ്രതിനിധികളെ അനുനയിപ്പിച്ച് കസേരയിലിരുത്താന്‍ ശ്രമിച്ചതും വിഫലമായി. വേദിയിലിരുന്നവര്‍ പരസ്പരം ചര്‍ച്ചതുടങ്ങിയതോടെ പ്രസംഗം നടത്തുകയായിരുന്ന അച്യുതന്‍ എംഎല്‍എ പ്രസംഗം നിര്‍ത്തി പോവുകയും ചെയ്തു. കോളജ് പ്രിന്‍സിപ്പലാണ് ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റിന് നേരിട്ടെത്തി ക്ഷണക്കത്ത് നല്‍കിയിരുന്നത്. ദലിത് സമുദായത്തില്‍പ്പെട്ട പ്രസിഡന്റ് ജനതാദള്‍ അംഗമാണ്. തന്നെ സംഘാടകര്‍ വിളിച്ചുവരുത്തി അപമാനിച്ചതാണെന്നും ഇതുസംബന്ധിച്ച് കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും മാധുരി പത്മനാഭന്‍ പറഞ്ഞു. മഹിളാ ജനത ജില്ലാ പ്രസിഡന്റ് റിതാപ്രേംകുമാര്‍ സംഭവത്തെ ശക്തമായി അപലപിച്ചു.