ഖത്വര്‍ എയര്‍വേയ്‌സ് ന്യൂജന്‍ വിമാനം ഇന്ത്യ ഏവിയേഷനില്‍ പ്രദര്‍ശിപ്പിക്കും

Posted on: March 1, 2016 9:43 pm | Last updated: March 1, 2016 at 9:43 pm

qatar airwaysദോഹ: ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യ ഏവിയേഷന്‍ 2016 ല്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ എയര്‍ ബസ് എ 350 ന്യൂ ജനറേഷന്‍ ജെറ്റ്‌ലൈനര്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 16 മുതല്‍ 20 വരെയാണ് എയര്‍ഷോ. വിമാനത്തിന്റ ഗ്ലോബല്‍ ലോഞ്ച് കസ്റ്റമര്‍ എന്ന നിലയില്‍കൂടിയാണ് ഖത്വര്‍ എയര്‍വേയ്‌സ് വിമാനവുമായി ഹൈദരാബാദിലെത്തുന്നത്.
വിമാനം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ആദ്യമായാണ് എ 350 വിമാനം പ്രദര്‍ശനത്തിനെത്തുന്നതെന്നും ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. എ 350 വിമാനം സ്വന്തമായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയിലെ പ്രദര്‍ശനം. ആധുനിക സംവിധാനങ്ങളും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും നല്‍കുന്ന എ 350 വിമാനം വൈകാതെ ഇന്ത്യന്‍ നഗരങ്ങളിലേക്കും പറത്തിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വലിയ ഏവിയേഷന്‍ പ്രദര്‍ശനമാണ് ഹൈദരാബാദില്‍ നടക്കുന്നത്. 2010 മുതലാണ് ഖത്വര്‍ എയര്‍വേയ്‌സ് ഷോയില്‍ പങ്കെടുത്തു തുടങ്ങിയത്. ഇന്ത്യയിലെ സജീവ സര്‍വീസ് സാന്നിധ്യമായ കമ്പനി 13 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
ആഴ്ചയില്‍ 102 യാത്രാ വിമാനങ്ങളും 30 കാര്‍ഗോ വിമാനങ്ങളും പറത്തുന്നു. എ 320 എസ്, ബോയിംഗ് 787 ഡ്രീംലൈനര്‍, ബോയിംഗ് 777 തുടങ്ങിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
അതിനിടെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി അയാട്ടയുടെ പ്ലാറ്റിനം സ്റ്റാറ്റസ് ലഭിക്കുന്ന വിമാനമായി ഖത്വര്‍ എയര്‍വേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ഫാസ്റ്റ് ട്രാവല്‍ പ്രോഗ്രാമിലാണ് അംഗീകാരം. യാത്രക്കാര്‍ക്ക് നല്‍കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെല്‍ഫ് സര്‍വീസാണ് വിമാനക്കമ്പനിക്ക് അംഗീകാരം നേടിക്കൊടുത്തത്.