Connect with us

Sports

ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ലങ്കക്കെതിരെ

Published

|

Last Updated

മിര്‍പുര്‍: ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ച ഇന്ത്യക്ക് മുന്നിലേക്ക് ഇന്ന് ശ്രീലങ്ക. ഏഷ്യാ കപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം ഉറപ്പിക്കാന്‍ ഒരു ജയം അരികെയാണ് ഇന്ത്യ. അതേ സമയം, ശ്രീലങ്കക്ക് ടൂര്‍ണമെന്റില്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യം.

നാല് പോയിന്റുമായി ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ റണ്‍റേറ്റ് നിരക്കിലും (1.970) ബഹുദൂരം മുന്നിലാണ്. അതുകൊണ്ടു തന്നെ യു എ ഇക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് കാത്തുനില്‍ക്കാതെ തന്നെ ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടാനുള്ള അവസരമാണ് ഇന്നത്തെ കളി.
ശ്രീലങ്കയാകട്ടെ, ആദ്യ കളിയില്‍ യു എ ഇയെ നേരിയ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ പരാജയം. ഇന്ത്യയോടും തോറ്റാല്‍ മൂന്ന് കളികളില്‍ രണ്ട് പോയിന്റ് മാത്രമാകും. വെള്ളിയാഴ്ച പാക്കിസ്ഥാനെതിരെയുള്ള നാലാം മത്സരം നോക്കൗട്ട് പോലാകും.
ശിഖര്‍ ധവാന് പിറകെ, രോഹിത് ശര്‍മയും പരുക്കിന്റെ പിടിയിലായത് ഇന്ത്യക്ക് തിരിച്ചടിയാണ്. അതേ സമയം, റിസര്‍വ് കളിക്കാരുടെ നിലവാരം തിരിച്ചറിയാനുള്ള അവസരം ഇന്ത്യക്ക് കൈവരും. അജിങ്ക്യ രഹാനെ ട്വന്റി20 ടീമിന് ബാധ്യതയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. ടീമില്‍ നിലനില്‍ക്കണമെങ്കില്‍ രഹാനെക്ക് മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കേണ്ടതുണ്ട്. ഓപണിംഗ് റോളില്‍ രഹാനെക്ക് മികവറിയിക്കാനുള്ള അവസരമാണ് രോഹിതിന് പരുക്കേറ്റ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
പാക്കിസ്ഥാനെതിരെ വിരാട് കോഹ്‌ലി പക്വതയാര്‍ന്ന ഇന്നിംഗ്‌സ് പുറത്തെടുത്തതും യുവരാജ് സിംഗ് വിക്കറ്റ് നഷ്ടപ്പെടുത്താതെ സമ്മര്‍ദ സാഹചര്യം അതിജീവിച്ചതും ബാറ്റിംഗ് ലൈനപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും യുവ ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഫോമിലാണ്.
ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, അശ്വിന്‍, ജഡേജ, യുവരാജ് എന്നിവരുള്‍പ്പെട്ടെ ബൗളിംഗ് നിരയില്‍ ഹര്‍ദിക് കൂടി ചേരുന്നതോടെ വൈവിധ്യമേറും.
ഓപണിംഗ് നിരയില്‍ അജിങ്ക്യ രഹാനെയും പാര്‍ഥീവ് പട്ടേലുമാകും ഇന്ന്. വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, ധോണി, ജഡേജ, അശ്വിന്‍, ജസ്പ്രീത് ബുംറ, ആശിഷ് നെഹ്‌റ എന്നിങ്ങനെയാണ് സാധ്യതാ ഇലവന്‍.
ശ്രീലങ്കയുടെ സാധ്യതാ ഇലവന്‍ : ദിനേശ് ചാണ്ഡിമാല്‍, തിലകരത്‌നെ ദില്‍ഷന്‍, സ്‌നേഹന്‍ ജയസൂര്യ, ഏഞ്ചലോ മാത്യൂസ്, തിസരെ പെരേര, മിലിന്ദ സിരിവര്‍ധനെ, ദാസുന്‍ ശനക, ചമര കപുഗെദര, നുവാന്‍ കുലശേഖര, ദുശ്മന്ത ചമീറ, രംഗന ഹെറാത്.

Latest