കന്‍ഹയ്യയുടെ മൊഴി പുറത്ത്: അക്രമികളെ തടയാന്‍ പോലീസ് ശ്രമിച്ചില്ല

Posted on: February 27, 2016 11:33 pm | Last updated: February 27, 2016 at 11:33 pm

kanayya kumarന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ പട്യാല കോടതിയിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് മര്‍ദനമേറ്റ കന്‍ഹയ്യയുടെ മൊഴി പുറത്ത്. അക്രമം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷക സമിതിക്ക് മുമ്പാകെ മൊഴി നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഫെബ്രുവരി 17ന് ഡല്‍ഹിയിലെ പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് കന്‍ഹയ്യ കുമാറിനെ സംഘ്പരിവാര്‍ അനുകൂലികളായ ഒരു കൂട്ടം അഭിഭാഷകര്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകരടങ്ങിയ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ക്കു മുമ്പില്‍ കന്‍ഹയ്യ നല്‍കിയ മൊഴിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പട്യാലഹൗസ് കോടതിക്ക് മുന്നില്‍വെച്ച് അഭിഭാഷകര്‍ തന്നെ മര്‍ദിച്ചതും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചതും പോലീസിനു മുന്നില്‍വെച്ചായിരുന്നുവെന്നാണ് കന്‍ഹയ്യയുടെ മൊഴി. കോടതിക്കുള്ളില്‍ വെച്ച് ആക്രോശിച്ച് ഓടിയെത്തിയ അഭിഭാഷക വേഷമണിഞ്ഞ കറുത്ത കണ്ണട വെച്ച ഒരാള്‍ ആക്രമിച്ചു. അതിനുശേഷം അവനെത്തി എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് മറ്റുള്ളവരെയും ഒപ്പം കൂട്ടി ക്രൂരമായി മര്‍ദിച്ചു. പോലീസുകാര്‍ക്കും മര്‍ദനമേറ്റു.
മര്‍ദിച്ച ഒരാളെ പോലീസിന് കാട്ടിക്കൊടുത്തു. എന്നാല്‍, പോലീസ് അയാളെ ഒന്നും ചെയ്തില്ലെന്ന് കന്‍ഹയ്യ അഭിഭാഷക സമിതിയോടു പറയുന്നതും വീഡിയോയിലുണ്ട്. അക്രമിയെ തടഞ്ഞുനിര്‍ത്താന്‍ കന്‍ഹയ്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും പോലീസ് ഉള്‍പ്പെടെ ആരും അതിന് തയ്യാറായില്ലെന്നും മൊഴിയിലുണ്ട്.