Connect with us

National

സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേര്‍ത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതുമായ പോസ്റ്റുകള്‍ പരക്കുന്നത് തടയുക എന്നതാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യമെന്നാണ് സര്‍ക്കാര്‍ ന്യായം.

റദ്ദാക്കിയ 66 എ വകുപ്പിലെ കര്‍ശന വ്യവസ്ഥകള്‍ക്ക് പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയിലുണ്ടാവുക എന്നാണ് അറിയുന്നത്. ഏതൊക്കെ കുറ്റകൃത്യങ്ങളാണ് പുതിയ വകുപ്പിന്റെ പരിധിയില്‍ വരിക എന്നതിനെക്കുറിച്ചും കൂടുതല്‍ വ്യക്തതയുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭേദഗതി നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷമപരിശോധന നടത്തിവരികയാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയാല്‍ ഐടി മന്ത്രാലയമായിരിക്കും മതിയായ കൂടിയാലോചനകള്‍ നടത്തി നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരിക.

അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറ്റൊരു രൂപത്തില്‍ പൊടിതട്ടിയെടുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകള്‍ പര്യാപ്തമാണെന്ന വാദവും ശക്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Latest