കേരളത്തിന് നിരാശ തന്ന

Posted on: February 26, 2016 8:59 am | Last updated: February 26, 2016 at 8:59 am
SHARE

SIRAJ.......ആധുനികവത്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന റെയില്‍വേ ബജറ്റാണ് സുരേഷ് പ്രഭു ഇന്നലെ അവതരിപ്പിച്ചത്. പുതിയ പാതകളും ട്രെയിനുകളും ആവശ്യപ്പെട്ടു നിരവധി അപേക്ഷകള്‍ ലഭിച്ചെങ്കിലും അവയൊന്നും പരിഗണിച്ചില്ല. സുരക്ഷ വര്‍ധിപ്പിക്കാനായി നൂതന സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാക്കുക, നിക്ഷേപം ഇരട്ടിയാക്കുക, സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകളുടെ സൗന്ദര്യവത്കരണം, 1,600 കി. മീറ്റര്‍ വൈദ്യുതീകരണം തുറമുഖങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കാന്‍ നടപടി, തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു സര്‍വീസുകള്‍, റിസര്‍വ് ചെയ്യാത്ത യാതക്കാര്‍ക്കായി ദീര്‍ഘദൂര വണ്ടികളില്‍ പ്രത്യേക കോച്ചുകള്‍, 25,000 കുടിവെള്ള മെഷീനുകള്‍, യാത്രക്കാര്‍ക്ക് പ്രാദേശിക ഭക്ഷണം, 475 സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ തുടങ്ങി യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണേറെയും. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി അവരുടെ കമ്പാര്‍ട്ടുമെന്റ് ട്രെയിനിന്റെ മധ്യഭാഗത്താക്കും. എല്ലാ പ്രധാന സ്റ്റേഷനുകളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണം, 24മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. മോദിസര്‍ക്കാറിന്റെ മുഖ്യ പദ്ധതികളായ ശുചിത്വഭാരതം, മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവക്കനുസൃതമായ നിര്‍ദേശങ്ങളാണ് പലതും.
വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ട് ബജറ്റ്. 1,84,820 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന 1,41. 416 കോടിയുടെ വരുമാന വര്‍ധന ഡീസല്‍ വിലക്കുറവ് പോലുള്ള അനുകൂല സാഹചര്യമുണ്ടായിട്ടു പോലും കൈവരിക്കാനായില്ല. 1,36. 079 കോടിയാണ് നടപ്പു വര്‍ഷത്തെ വരുമാനം. പ്രതീക്ഷച്ചതിനേക്കാള്‍ 3.77 ശതമാനത്തിന്റെ കുറവ്. ശമ്പള കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നത് മൂലം അടുത്ത വര്‍ഷം ചിലവിനത്തില്‍ 32.9 ശതമാനം അധിക ബാധ്യത വരുന്നതിനാല്‍ പ്രതീക്ഷിത ലക്ഷ്യം കൈവരിക്കുക ദുഷ്‌കരമാണ്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വരുന്ന കാല താമസം ഒഴിവാക്കിയതിലൂടെ സാമ്പത്തിക നഷ്ടം ഗണ്യമായി കുറക്കാന്‍ സാധിച്ചതായി മന്ത്രി പറയുന്നുണ്ടെങ്കിലും ഇത് കേവലം അവകാശ വാദം മാത്രമാണ്. എല്‍ ഐ സിയില്‍ നിന്നുള്ള 1.15 കോടിയുടെ നിക്ഷേപത്തിലും റെയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിന്റെ ചില പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും സംസ്ഥാനത്തെ തഴഞ്ഞു. തിരുവനന്തപുരത്ത് നിന്ന് സബര്‍ബന്‍ സര്‍വീസ്, ചെങ്ങന്നൂര്‍ തീര്‍ഥാടക ലൈനില്‍ ഉള്‍പ്പെടുത്തല്‍, ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍, തിരുവനന്തപുരം-ഡല്‍ഹി യാത്രയുടെ സമയത്തില്‍ എട്ട് മണിക്കൂര്‍ കുറവ് വരുത്തല്‍ എന്നിവയിലൊതുങ്ങുന്നു കേരളീയരെ ലക്ഷ്യമാക്കിയുള്ള വാഗ്ദാനങ്ങള്‍. സബര്‍ബന്‍ സര്‍വീസ് ചെലവിന്റെ പകുതി കേരളം വഹിക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്. എന്നാല്‍ മൂംബൈ, ചെന്നൈ തുടങ്ങി രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലേത് പോലെ കേരളത്തില്‍ സബര്‍ബന്‍ സര്‍വീസിനായുള്ള പ്രത്യേക പാത പ്രയോഗിമല്ലാത്തതിനാല്‍ നിലവിലുള്ള പാതയില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തി മെനു സര്‍വീസ് ആരംഭിക്കാനാണ് ആലോചന. സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷമേ പദ്ധതിക്ക് രൂപം നല്‍കുകയുള്ളൂ. യാത്രാ കൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിച്ചില്ലെന്നതും ആശ്വാസകരമാണ്. ശമ്പള പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് അത് ഒഴിവാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളം കാത്തിരിക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടതിനപ്പുറം തുടര്‍നടപടിക്ക് ഇത്തവണയും ബജറ്റ് പച്ചക്കൊടി കാണിച്ചില്ല. 514 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 144 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വകയിരുത്തുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യം മനഃപൂര്‍വം മറന്നു. പുതിയ സോണ്‍, ലൈനുകള്‍ ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം, ചെറിയ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍, ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ യൂനിറ്റിന് തുക അനുവദിക്കല്‍, അങ്കമാലി-ശബരിപാത, വൈദ്യുതീകരണം, ഓട്ടോമാറ്റിക് സിഗ്‌നലുകള്‍, നഞ്ചന്‍കോടി-സുല്‍ത്താന്‍ ബത്തേരി പാത, തിരുവനന്തപുരം, എറണാകളം, കോഴിക്കോട് സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തല്‍തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെയും മുഖം തിരിച്ചു.
ആധുനികവത്കരണവും അടിസ്ഥാന വികസനവും ആവശ്യം തന്നെ. അതോടൊപ്പം റയില്‍വേ സൗകര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതുമുണ്ട്. രാജ്യത്തെ റെയില്‍വേ വികസനം ഏതാനും സംസ്ഥാനങ്ങളില്‍ പരിമിതമാണ്. ഈ വിവേചനം അവസാനിപ്പിച്ചു വികസന സന്തുലിതത്വം ഉറപ്പാക്കുന്ന പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതാണ്.