Connect with us

Articles

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം നല്‍കണം, പക്ഷേ

Published

|

Last Updated

സരിതയും ബാര്‍ കോഴയും അനുബന്ധ വിഷയങ്ങളും അരങ്ങുതകര്‍ത്താടുന്നതിനിടയില്‍ ജനജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഭരണ പ്രതിപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെ തന്നെയും ശ്രദ്ധയില്‍ പെടാതെ പോയി. റബ്ബറിന്റെ വിലയിടിവടക്കം പലതും. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 2014 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ശമ്പള പരിഷ്‌കരണത്തിലൂടെ കുറഞ്ഞ വര്‍ധന 2000 രൂപയും കൂടിയത് 12,000 രൂപയും ആയിരിക്കും. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം ഈ പരിഷ്‌കരണത്തിന്റെ ബാധ്യത 8122 കോടി രൂപയില്‍ നിന്നും 7222 കോടിയായി കുറക്കാനായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2016 ഫെബ്രുവരി വരെയുള്ള കുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും. കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ബത്തകള്‍ അതേപോലെ തന്നെ നടപ്പിലാക്കും. പെന്‍ഷന്‍ നിര്‍ണയത്തിനുള്ള ശിപാര്‍ശകളും അംഗീകരിച്ചു. യൂനിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ശമ്പളപരിഷ്‌കരണം ബാധകമാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധന സംബന്ധിച്ച കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പലരും ശക്തമായി വാദിക്കുന്നു. പലര്‍ക്കും കാര്യമായ വര്‍ധനയൊന്നും ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ വെച്ചുകൊണ്ട് തെളിയിക്കുന്നുമുണ്ട്. എല്‍ ഡി സി(അധോതല ഗുമസ്തന്‍) തസ്തികക്ക് കിട്ടുന്ന പുതിയ ശമ്പള നിരക്ക് തന്നെ ഇതിന് ഉദാഹരണമായി കാണിക്കുന്നു. നിലവില്‍ 9940 രൂപ അടിസ്ഥാന ശമ്പളവും 92 ശതമാനം ഡി എയും ചേര്‍ത്താല്‍ മൊത്തം 19085 രൂപ. ഇത് ഡി എ ലയിപ്പിച്ച ശേഷം പുതുക്കിയ നിരക്കില്‍ 19000 രൂപയായാണ് മാറുന്നത്. ഇവിടെ അധിക ഡി എയും അധിക വീട്ടുവാടകയും മാത്രമാണ് യഥാര്‍ഥ ശമ്പളവര്‍ധനയായി കൈയില്‍ കിട്ടുന്നത്.
ഇത് സംബന്ധിച്ച് ചില തര്‍ക്കങ്ങളും സംവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 90 ശതമാനവും ശമ്പളവും പെന്‍ഷനും കൊടുക്കാനേയുള്ളൂവെന്നും വികസനാവശ്യങ്ങള്‍ക്ക് പണം ഉണ്ടാകുന്നില്ലെന്നുമാണ് പൊതുവെ ഉയര്‍ന്നുവന്ന ഒരാക്ഷേപം. ഇതിനു മറുപടിയായി മുന്‍ ധനമന്ത്രിയും സി പി എം നേതാവുമായ ഡോ. തോമസ്‌ഐസക് നല്‍കിയ വിശദീകരണം താഴെ കൊടുക്കുന്നു: “സംസ്ഥാന വരുമാനത്തിന്റെ ഏതാണ്ട് 27 ശതമാനം മാത്രമേ ശമ്പളത്തിനും പെന്‍ഷനുകള്‍ക്കും വേണ്ടി പോകുന്നുള്ളൂ. ഇക്കാര്യം പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സ്വന്തം വരുമാനത്തിന്റെ കണക്ക് മാത്രമെടുത്താല്‍ 73 ശതമാനവും ഈ വഴിക്ക് ചെലവാകുന്നുവെന്നത് ശരി. എന്നാല്‍, കേന്ദ്ര വിഹിതവും ഗ്രാന്റുകളുമടക്കമുള്ള സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനമെടുത്താല്‍ ഇത് 51 ശതമാനമാകും. കടം കൂടി കണക്കിലെടുത്താല്‍ ഇത് പിന്നെയും കുറയും. മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധ്യത കുറവായിരിക്കുന്നതിനുള്ള പ്രധാന കാരണം, ഇവിടെ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരില്‍ പാതിയോളം വരുന്ന അധ്യാപകര്‍ക്ക് അവിടെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല എന്നതാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അധിക പണം വിനിയോഗിക്കുന്നതിനാലാണ് ഇവിടെ സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നിരിക്കുന്നത്”
സര്‍ക്കാര്‍ ജീവനക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നു എന്ന ആരോപണത്തിനുള്ള മറുപടിയെന്ന നിലിയില്‍ ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തന്റെ മൊത്തം വരുമാനത്തിന്റെ കണക്ക് ഇവിടെ അപ്രസക്തമാണ്. മൂന്നര കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ടതിന്റെ 27 ശതമാനം രണ്ട് ശതമാനം പോലുമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതില്‍ ഒരു തെറ്റുണ്ട്. കടമടക്കമുള്ള(കേന്ദ്ര ഗ്രാന്റടക്കം) വരുമാനം കണക്കാക്കി ശതമാനം നിശ്ചയിക്കന്നതിലും തെറ്റുണ്ട്. മറ്റു പല പദ്ധതികള്‍ക്കും വേണ്ട പണവും അതിലുണ്ട്. ഇത് പറയുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും പെന്‍ഷനും മൂലം നാട്ടിലെ വികസനം തടസ്സപ്പെടുന്നു എന്ന വാദം അംഗീകരിക്കാനും കഴിയില്ല. 2003ല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചിരുന്നവരും ഇതേ വാദം ഉന്നയിച്ചിരുന്നു. ഇതിന്റെ പിന്നില്‍ വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്ന് അന്ന് തന്നെ ശക്തമായി വാദിച്ചിരുന്ന വ്യക്തിയാണ് ഈ ലേഖകന്‍.
നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ ജീവനക്കാരില്‍ പാതിയോളം അധ്യാപകരാണ്. നല്ലൊരു വിഭാഗം ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നു. കൃഷി, വ്യവസായം, ഗ്രാമവികസനം, പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയംഭരണം തുടങ്ങി പോലീസും കോടതിയും സര്‍വകലാശാലകളും വരെ ഇതില്‍ പെടുന്നു. ഇവര്‍ക്ക് നല്‍കുന്ന ശമ്പളം വികസനത്തിന് തടസ്സമാണെന്ന വാദത്തിനര്‍ഥം സര്‍ക്കാര്‍ ഇതിലൊന്നും ഇടപെടരുതെന്നും ഈ മേഖലകളെല്ലാം ലോക ബേങ്കും മറ്റും പറയുന്നതുപോലെ സ്വകാര്യ മൂലധനത്തിന് വിട്ടുകൊടുക്കണമെന്നുമാണ്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് സേവനം നല്‍കുന്ന ഈ മേഖലകളില്‍ പണം മുടക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ് എന്നത് ശരിയായ രാഷ്ട്രീയം തന്നെയാണ്. ഈ ശമ്പളം വാങ്ങുന്നവര്‍ ശരിയായ രീതിയില്‍ സേവനം ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാര്‍ സ്‌കൂള്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന അധ്യാപകര്‍ സ്വന്തം കുട്ടികളെ അണ്‍ എയിഡഡ് സ്‌കൂളുകളിലയച്ചു പഠിപ്പിക്കുന്നതിലെ വൈരുധ്യം തുറന്നുകാട്ടപ്പെടേണ്ടതുമാണ്.
എന്നാല്‍, ശമ്പളപരിഷ്‌കണം ഉയര്‍ത്തുന്ന യഥാര്‍ഥ പ്രശ്‌നം ഇവിടെയൊന്നും ചര്‍ച്ചയേ ആകുന്നില്ല. ഒരു സര്‍ക്കാര്‍ അതിന്റെ വിഭവങ്ങള്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ വിഹിതം തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകണം? തൊഴിലെടുക്കുന്നവര്‍ക്ക് കൂലി നല്‍കേണ്ടതാണ്. അത് ന്യായവും അവകാശപ്പെട്ടതുമാണ്. പക്ഷേ, സര്‍ക്കാറിന്റെ മുന്‍ഗണനയാണ് പ്രശ്‌നം. കേരളത്തിന്റെ മൊത്തം വരുമാനമായാലും സര്‍ക്കാറിന്റെ വരുമാനമായാലും അതില്‍ എല്ലാവര്‍ക്കും തുല്യാവകാശമില്ലേ? എന്നു തന്നെയുമല്ല, ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കായിരിക്കുമല്ലോ സര്‍ക്കാര്‍ വരുമാനത്തില്‍ കൂടുതല്‍ പങ്ക് ലഭിക്കേണ്ടത്. (ഇതാണല്ലോ ഗാന്ധിജി മുന്നോട്ടു വെച്ച അടിസ്ഥാന നയസമീപനം.) അതിവിടെ സംഭവിക്കുന്നുണ്ടോ? കേരളത്തിന്റെ സാമൂഹിക പട്ടികയെടുത്താല്‍ ആദിവാസികളും ദളിതരുമടങ്ങിയ വലിയൊരു വിഭാഗം ഏറ്റവും താഴെതട്ടിലുണ്ട്. ഇവര്‍ക്ക് കിട്ടുന്ന സര്‍ക്കാര്‍ പങ്ക് എത്രയാണ്? ഇവര്‍ക്ക് നല്‍കുന്ന പണത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനുമായല്ലേ പോകുന്നത്? (അഴിമതിയെന്ന ഘടകം തത്കാലം കണക്കിലെടുക്കുന്നില്ല) ഇതിന്റെ നീതി നാം പരിശോധിക്കേണ്ടതില്ലേ?
കേരളത്തിലെ (ഇന്ത്യയുടെ മറ്റു പലയിടത്തെയുമെന്ന പോലെ) കര്‍ഷകരുടെ അവസ്ഥ അതി ദയനീയമാണെന്ന് പറയാമല്ലോ. കാര്‍ഷികോത്പന്ന വിലയിടിവും കൃഷി നാശവുമെല്ലാം ഇതിനു കാരണമാണ്. ഇതിലെല്ലാം സര്‍ക്കാറുകളുടെ നയങ്ങള്‍ പ്രധാന വില്ലനാകുന്നുമുണ്ട്. എന്നിട്ടും ആ വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ മുടക്കുന്ന സംഖ്യ എത്ര കുറവാണ്? സംസ്ഥാനത്തിന് ഭക്ഷണവും തൊഴിലും വിദേശ നാണ്യവും നേടിത്തരുന്നവരല്ലേ ഈ കര്‍ഷകര്‍. മുതലക്കണ്ണീര്‍ പൊഴിക്കുന്നതൊഴിച്ച് സര്‍ക്കാര്‍ വിഭവങ്ങളുടെ എത്ര ശതമാനം ഇവര്‍ക്കായി നല്‍കുന്നുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് വിലയുടെ അസ്ഥിരതയാണ് പ്രശ്‌നം. വളരെ പെട്ടെന്നൊന്നും അവര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്ന് പറയാനാകില്ല. തെങ്ങ് കര്‍ഷകന്റെ സ്ഥിതി ഇതിലും ദയനീയമാണ്. നഗരവാസികള്‍ ഒരു തേങ്ങ വാങ്ങുമ്പോള്‍ വില വളരെ കൂടുതലാണെന്ന് തോന്നിയേക്കാം. പക്ഷേ, അതുത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് എന്താണ് കിട്ടുന്നതെന്ന് സര്‍ക്കാര്‍ അറിയുന്നുണ്ടോ? എത്രായിരം കുടുംബങ്ങള്‍ക്ക് വരുമാന മാര്‍മാണ് തെങ്ങ്? അവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ മുടക്കുന്ന പണത്തിന്റെ എത്രായിരം മടങ്ങാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്? ഇതിലെ അനീതി ആരാണ് തിരിച്ചറിയുക? ഇവിടെ ഒരു കാര്യം വ്യക്തമാണ്. സംഘടനാ ശേഷിയും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ എന്നതാണ് ഈ അനീതിക്കുള്ള പ്രധാന കാരണം. റബ്ബര്‍ കര്‍ഷകരോ തെങ്ങു കര്‍ഷകരോ ഇതുപോലെയല്ല. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള കര്‍ഷക സംഘടനകള്‍ക്കൊന്നും ഈ അനീതി പരിഹരിക്കുന്നതില്‍ താത്പര്യമില്ല.
ജീവനക്കാരുടെ ശമ്പളം കുറയ്ക്കലല്ല ഇതിന് പരിഹാരം എന്നത് സത്യമാണ്. മറിച്ച് ഇത്രയധികം ഉദ്യോഗസ്ഥര്‍ നാടിനാവശ്യമുണ്ടോ? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കര്‍ഷകര്‍ക്കും സമൂഹത്തിനാകെയും അനിവാര്യമായവരല്ലേ കൂടുതല്‍ വേണ്ടത്? (സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും ഇല്ലാതിരിക്കുമ്പോള്‍ ഒരിക്കലും ഒരു പണിയും ചെയ്യാത്ത നിരവധി പദ്ധതികളുടെ ഓഫീസുകളില്‍ ശമ്പളം മാത്രം വാങ്ങി ജീവിക്കുന്ന ഉദ്യോഗസ്ഥരില്ലേ?) സര്‍ക്കാറിന്റെ വിഭവങ്ങള്‍ ജനസംഖ്യാനുപാതികമായെങ്കിലും ആദിവാസികള്‍ക്കും ദളിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍ക്കുമെല്ലാം ലഭിക്കേണ്ടതല്ലേ?
സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണ് ഇതിനുള്ള മറ്റൊരു പരിഹാരം. അഴിമതിയുടെ വഴിയിലൂടെ നികുതി വരുമാനത്തില്‍ വന്‍ കുറവ് വരുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറില്ല. കാരണം സര്‍ക്കാറിന് വരുമാനമൊന്നുമില്ലെങ്കിലും തങ്ങളുടെ വരുമാനം ഉറപ്പാണെന്ന തോന്നല്‍ അല്ലേ ഇതിനുള്ള കാരണം? ഇതൊക്കെ സജീവമായ ചര്‍ച്ചകള്‍ക്ക് വിഷയമാകേണ്ടതില്ലേ?

Latest