Connect with us

National

സര്‍ക്കാര്‍ വാഗ്ദാനം തള്ളി; ജാട്ട് പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

ചണ്ഡീഗഢ്: സംവരണമാവശ്യപ്പെട്ട് ഹരിയാനയില്‍ പ്രക്ഷോഭം നടത്തുന്ന ജാട്ട് സമുദായം മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്റെ വാഗ്ദാനം തള്ളി. ഈ വിഷയത്തിലുള്ള പ്രക്ഷോഭം അവര്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. പിന്നാക്ക വിഭാഗത്തില്‍ (ഒ ബി സി) പെടുത്തി സംവരണം വേണം എന്ന ജാട്ട് വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച സര്‍ക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇ ബി സി) എന്ന പരിഗണന നല്‍കാമെന്ന വാഗ്ദാനമാണ് നല്‍കിയത്. ഇത് സമുദായ നേതൃത്വം തള്ളുകയായിരുന്നു.

റോഹ്തക് ജില്ലയില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധക്കാര്‍ സന്ദേശങ്ങള്‍ കൈമാറി ഒത്തുചേരുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിക്കും ജാട്ട് വിഭാഗത്തിനു സംവരണം ഏര്‍പ്പെടുത്തണമെന്നും ഒബിസി വിഭാഗത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് പിന്നാലെ, ഫരീദാബാദ്, കൈഥാല്‍, കര്‍ണല്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭകര്‍ റെയില്‍, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് പലയിടങ്ങളിലും നിര്‍ത്തിവെച്ചു.
ബുധനാഴ്ചയാണ് ആള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ സമിതി നേതൃത്വവുമായി മുഖ്യമന്ത്രി ഖട്ടാര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍, മുഖ്യമന്ത്രി മുന്നോട്ടുവെച്ച നര്‍ദേശം അംഗീകരിക്കാന്‍ സമിതി തയ്യാറായില്ല. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും നിയമവിരുദ്ധമായതിനാല്‍ നടപ്പാക്കാന്‍ പറ്റാത്തതാണെന്നും സമിതിയുടെ ദേശീയ പ്രസിഡന്റ് യശ്പാല്‍ മാലിക്ക് പറഞ്ഞു.
നിരവധി വര്‍ഷമായി പിന്നാക്ക സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് സമുദായം. ഇനിയും വിഡ്ഢികളാകാന്‍ പറ്റില്ല. പ്രക്ഷോഭം ഇന്ന് മുതല്‍ സംസ്ഥാന വ്യാപകമാക്കുകയാണെന്നും മാലിക്ക് പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വൈകിട്ട് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

വാര്‍ഷിക വരുമാനം 2.5 ലക്ഷം മുതല്‍ ആറ് ലക്ഷം വരെയുള്ള ജാട്ട് സമുദായാംഗങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി പരിഗണിച്ച് 10 മുതല്‍ 20 വരെ ശതമാനം സംവരണം ഏര്‍പ്പെടുത്താമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.

Latest