സഅദിയ്യ സനദ്ദാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

Posted on: February 14, 2016 4:45 am | Last updated: February 13, 2016 at 11:45 pm
SHARE

കാസര്‍കോട്: വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളില്‍ രാജ്യശ്രദ്ധ ആകര്‍ഷിക്കുന്ന മഹിതമായ ചുവടുവെപ്പുകള്‍ നടത്തിവരുന്ന ദക്ഷിണേന്ത്യയിലെ മത- ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ദേളി ജാമിഅഃ സഅദിയ്യ അറബിയ്യയുടെ 46ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന് സഅദാബാദില്‍ ഇന്ന് വൈകീട്ടോടെ പരിസമാപ്തിയാകും.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ 247 പണ്ഡിതര്‍ സഅദി, അഫഌ സഅദി, ഹാഫിസ് തുടങ്ങിയ വിഭാഗങ്ങളിലായി സനദ് സ്വീകരിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. സഅദിയ്യ ഉപാധ്യക്ഷന്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥിയായിരിക്കും. എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി കടലുണ്ടി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി തുടങ്ങിയവര്‍ സംസാരിക്കും.
ഇന്ന് രാവിലെ എട്ടിന് സഅദി സംഗമത്തോടെയാണ് സമാപന ദിവസത്തെ പരിപാടികള്‍ ആരംഭിക്കുക. എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അലുമ്‌നി മീറ്റ് അബ്ദുര്‍റഹ്മാന്‍ ഹാജി മുല്ലച്ചേരിയുടെ അധ്യക്ഷതയില്‍ ഡോ. പി എ അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്യും. നാലര പതിറ്റാണ്ട് പിന്നിടുന്ന ജാമിഅഃ സഅദിയ്യ അറബിയ്യക്ക് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്- താജുല്‍ഉലമ സൗധത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് ജോര്‍ദാന്‍ അംബാസിഡര്‍ ഹസന്‍ മുഹമ്മദ് അല്‍ ജവാര്‍ നഈം നിര്‍വഹിക്കും. സഅദിയ്യയുടെ പ്രസിഡന്റായി നാല്‍പ്പത് വര്‍ഷം സേവനം ചെയ്ത താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ സ്മരണക്കായാണ് സൗധം സ്ഥാപിച്ചത്.
അമ്പത് ഏക്കറിലേറെ വിസ്തൃതിയില്‍ നാല്‍പ്പതോളം സ്ഥാപനങ്ങളിലായി വളര്‍ന്ന് പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ ഭരണ സിരാകേന്ദ്രമായിരിക്കും താജുല്‍ ഉലമ സൗധം.
10.30ന് വിദ്യാഭ്യാസ വികസന സെമിനാര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. സഅദിയ്യയുടെ വിദ്യാഭ്യാസ രംഗത്തെ പുതിയ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി സെമിനാര്‍ മാറും. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട്, തിരുവനന്തപുരം ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി പ്രോ- വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുര്‍റഹ്മാന്‍ സംബന്ധിക്കും.
ഇന്നലെ നടന്ന മുസ്‌ലിം ജമാഅത്ത് സമ്മേളനം പി പി ഫൈസല്‍ എം പി (ലക്ഷദ്വീപ്) ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അസഹിഷ്ണുതയും അസാന്മാര്‍ഗിക പ്രവണതകളും വളരാന്‍ കാരണം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് പി പി ഫൈസല്‍ പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here