പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്‌

Posted on: February 13, 2016 4:15 am | Last updated: February 13, 2016 at 12:17 am
SHARE

ന്യൂഡല്‍ഹി: 2015 ല്‍ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ദുരന്തങ്ങളുടെ എണ്ണവും കെടുതികളും വിലയിരുത്തി ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (യു എന്‍ ഐ എസ് ഡി ആര്‍) പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടിലാണ് അമേരിക്കക്കും ചൈനക്കുമൊപ്പം ഇന്ത്യയും ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായ 2015 ല്‍ ഇന്ത്യയില്‍ വ്യത്യസ്ത ദുരന്തങ്ങളിലായി 2800 ആളുകള്‍ മരണപ്പെട്ടതായും 22000 കോടി രൂപയുടെ നാഷനശ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതലത്തില്‍ 66.5 ബില്ല്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. 22700 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
26 ദുരന്ത സംഭവങ്ങള്‍ നേരിട്ട ചൈനക്കും 22 ദുരന്തങ്ങള്‍ നേരിട്ട അമേരിക്കക്കും പിന്നാലായാണ് 19 പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച ഇന്ത്യയുടെ സ്ഥാനം.
ഏറ്റവും ചൂടേറിയ വര്‍ഷമായ 2015 ല്‍ കാലാവസ്ഥാ അനുബന്ധ ദുരന്തങ്ങളാണ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 2015 ലെ ചൂട് 98.6 മില്ല്യന്‍ മനുഷ്യരെ ബാധിച്ചുവെന്നും, അതില്‍ പകുതിയിലധികം ആളുകളെയും ബാധിച്ചത് കടുത്ത വരള്‍ച്ചയാണെന്നും യു എന്‍ എ എസ് ഡി ആര്‍ തലവന്‍ റോബര്‍ട്ട് ഗ്ലേസിയര്‍ പറഞ്ഞു.
കടുത്ത വരള്‍ച്ച അനുഭവപ്പെട്ട 32ാളം സംഭവങ്ങളാണ് 2015 ലുണ്ടായത്. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തെ വരള്‍ച്ചകളുടെ എണ്ണത്തിന്റെ ശരാശരിയിലുമധികമാണ്. ഈ പ്രതിഭാസം ഈ വര്‍ഷവും ആവര്‍ത്തിക്കുമെന്നും ഗ്ലേസിയര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിതഗൃഹ വാതകങ്ങള്‍ പുറത്ത് വിടുന്നത് കുറക്കുക, കാലാവസ്ഥാ മാറ്റങ്ങളോട് സമരസപ്പെടുക എന്നിവ മാത്രമാണ് ഇപ്പോഴും ഭാവിയിലും പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കാനാഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുടേയും മുന്നിലുള്ള ഏക വഴിയെന്നും ഗ്ലേസിയര്‍ പറയുന്നു.
വെള്ളപ്പൊക്കങ്ങളാണ് സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശം വരുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടാവാറ്. എന്നാല്‍ 2015ല്‍ കെടുതികതികളുടേയും ജീവനെടുക്കുന്നതിന്റേയും കാര്യത്തില്‍ വെള്ളപ്പൊക്കം രണ്ടാം സ്ഥാനത്താണ്.
9000 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കനത്ത സാമ്പത്തിക നഷ്ടങ്ങള്‍ക്കിടയാക്കുകയും ചെയ്ത നേപ്പാള്‍ ഭൂകമ്പത്തെ ചൂണ്ടിക്കാട്ടി ഭൂകമ്പങ്ങളാണ് ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളെന്നും, ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ കെട്ടിടങ്ങളാണ് പ്രധാനമായും മരണഹേതുവാകുന്നത്.
കെട്ടിടങ്ങളുടെ നിര്‍മാണ സമയത്ത് ഇത് കണക്കിലെടുക്കണമെന്നും റോബര്‍ട്ട് ഗ്ലേസിയര്‍ പറഞ്ഞു.
ഏത് നിമിഷവും റിക്ടര്‍ സ്‌കെയിലില്‍ എട്ടോ അതിലധികമോ തീവ്രതയുള്ള ദുരന്തങ്ങളുണ്ടാകാവുന്ന രാജ്യത്തെ അതീവ ഭൂകമ്പ സാധ്യതാ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പോലും നിയന്ത്രിക്കാനാകാത്ത ഇന്ത്യന്‍ ഭരണകര്‍ത്താകള്‍ക്കുള്ള മുന്നറിയിപ്പാണ് ഗ്ലേസിയറിന്റേതെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.